നവമാധ്യമങ്ങളിൽ സജീവമാണ് പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര (Anand Mahindra). ട്വിറ്ററിൽ (Twitter) 9 മില്യനിൽ അധികം ഫോളോവേഴ്സ് ആണ് അദ്ദേഹത്തിന് ഉള്ളത്. പലപ്പോഴും രസകരമായതും അറിവു പകരുന്നതുമായ നിരവധി വീഡിയോകളും ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ആകര്‍ഷകമായ തലക്കെട്ടുകൾ ഉള്‍പ്പെടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റുകൾ. വൈറൽ വീഡിയോകൾക്കു പുറമേ പ്രചോദനാത്മകമായ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. കഴിവുള്ള പല ആളുകളെയും ആനന്ദ് മഹീന്ദ്ര സഹായിക്കാറുമുണ്ട്.
അദ്ദേഹത്തിന്റെ സഹോദരി അയച്ച കടുവയുടെ ചില ചിത്രങ്ങളാണ് ഏറ്റവുമൊടുവിൽ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആ ചിത്രങ്ങൾ കണ്ട് സഹോദരിയോട് തനിക്ക് അസൂയ തോന്നിയെന്നും അദ്ദേഹം കുറിച്ചു.
I have spent much of my childhood holidaying near Nagarhole sanctuary, been to Corbett several times & yet NEVER seen a tiger in its habitat. And my sister sends me these amazing pics from Bandhavgarh National Park (Photos:Ashish Tirkey, Naturalist) I’m insanely jealous. pic.twitter.com/kBhO8oUhEO
''കുട്ടിക്കാലത്ത് നിരവധി തവണ ഞാൻ നാഗർഹോളിലെ (Nagarhole sanctuary) വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ പോയിട്ടുണ്ട്. കോർബറ്റിലും (Jim Corbett National Park) ഒരുപാട് തവണ പോയിട്ടുണ്ട്. പക്ഷേ ഒരു കടുവ അതിന്റെ ആവാസ വ്യവസ്ഥയിൽ ഇങ്ങനെയിരിക്കുന്നത് ഇതുവരെ ഞാൻ കണ്ടിട്ടില്ല. എന്റെ സഹോദരിയാണ് ബാന്ധവ്ഗഡ് നാഷണൽ പാർക്കിൽ (Bandhavgarh National Park) നിന്നുള്ള ഈ ഉഗ്രൻ ചിത്രങ്ങൾ അയച്ചുതന്നത്. എനിക്ക് അസൂയ തോന്നുന്നു'', ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
നിരവധിയാളുകൾ അദ്ദേഹത്തിന്റെ ട്വീറ്റ് ലൈക്ക് ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മുംബൈയിലെ കാനഡ കോൺസൽ ജനറൽ ദിദ്രാ കെല്ലിയും കമന്റുമായി എത്തിയിരുന്നു. ഞങ്ങളും ഒരു കടുവയെ കണ്ടു എന്നാണ് രാജസ്ഥാനിലെ രാന്തമ്പോർ പാർക്കിൽ (ranthambore park) നിന്നുള്ള കടുവയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് കെല്ലി കുറിച്ചത്. ''എന്റെ മുറിവിൽ ഉപ്പ് തേക്കരുത്'' എന്നാണ് ആനന്ദ് മഹീന്ദ്ര ഈ കമന്റിന് തമാശരൂപേണ മറുപടി പറഞ്ഞത്.
രാന്തമ്പോർ പാർക്കിൽ ഉള്ള ഒരു കടുവയുടെ വീഡിയോ സഹിതമാണ് മറ്റൊരു ഫോളോവർ ആയ ശശി അറോറ കമന്റ് ചെയ്തിരിക്കുന്നത്. ''സാർ, കടുവകളെ നന്നായി നീരീക്ഷിക്കണമെങ്കിൽ താങ്കൾ രാന്തമ്പോർ പാർക്കിലേക്ക് പോകൂ. ഇതാ ഞാൻ കഴിഞ്ഞ രാത്രി എടുത്ത വീഡിയോ'', ശശി അറോറ കുറിച്ചു.
മഹീന്ദ്ര സൈലോ വാഹനത്തെ ഒരു കടുവ കടിച്ചു വലിക്കാൻ ശ്രമിക്കുന്ന വിഡിയോ മുൻപ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു. മൈസൂരു-ഊട്ടി റോഡില്‍ മുതുമലൈ ടൈഗര്‍ റിസര്‍വ് മേഖലയിലൂടെ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിന്നിലെ ബമ്പറില്‍ കടുവ കടിച്ച് വലിക്കുന്നതാണ് വീഡിയോയില്‍. ''ഊട്ടി-മൈസൂര്‍ റോഡിലെ തെപ്പക്കാടിന് സമീപത്ത് നിന്നുള്ള ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലാകുകയും ചെയ്തു. കടുവ കടിച്ച് ചവയ്ക്കുന്ന ആ വാഹനം മഹീന്ദ്രയുടെ സൈലോ ആണെന്നാണ് മനസിലാക്കുന്നത്. അതിനാല്‍ തന്നെ അവന്‍ അത് ചവച്ചതില്‍ എനിക്ക് അതിശയം തോന്നുന്നില്ല. മഹീന്ദ്രയുടെ വാഹനങ്ങള്‍ രുചികരമാണെന്ന് എന്നെ പോലെ അവനും അറിയാം'', എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തിന്റെ രസകരമായ ക്യാപ്ഷൻ.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.