• HOME
 • »
 • NEWS
 • »
 • buzz
 • »
 • Sailor | സ്രാവുകൾ തിങ്ങി നിറഞ്ഞ കടലിൽ വീണു; 17 കിലോമീറ്റർ നീന്തി കരയിലെത്തി; അത്ഭുതമാണ് ഈ നാവികൻ

Sailor | സ്രാവുകൾ തിങ്ങി നിറഞ്ഞ കടലിൽ വീണു; 17 കിലോമീറ്റർ നീന്തി കരയിലെത്തി; അത്ഭുതമാണ് ഈ നാവികൻ

 പനാമയിലെ സാൻ ബ്ലാസ് ദ്വീപിലെ ഷാർക്ക് പോയിൻറ് എന്നറിയപ്പെടുന്ന സ്രാവുകൾ നിറഞ്ഞ ഭാഗത്താണ് ജോൺ വീണുപോയത്. 

 • Share this:
  കൊലയാളി സ്രാവുകളുള്ള കടലിൽ വീണതിന് ശേഷം ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്, അക്ഷരാർഥത്തിൽ മരണത്തെ തോൽപ്പിച്ചുവെന്ന് തന്നെ പറയേണ്ടി വരും. ഓസ്ട്രേലിയൻ (Australia) നാവികനായ (Sailor) ജോൺ ഡീറാണ് 2019ൽ സംഭവിച്ച അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കഥ വിവരിച്ചിരിക്കുന്നത്. ബോട്ടിൽ ലോകം ചുറ്റിക്കാണാൻ വേണ്ടി ഇറങ്ങിത്തിരിച്ചതായിരുന്നു അദ്ദേഹം. പനാമയിലെ (Panama) സാൻ ബ്ലാസ് ദ്വീപിലെ (San Blas Islands) ഷാർക്ക് പോയിൻറ് (Shark Point) എന്നറിയപ്പെടുന്ന സ്രാവുകൾ നിറഞ്ഞ ഭാഗത്താണ് ജോൺ വീണുപോയത്.

  17 കിലോമീറ്റർ ദൂരം നീന്തിയ അദ്ദേഹം ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ച് വരികയായിരുന്നു. വെള്ളത്തിൽ വീണാൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളൊന്നും തന്നെ ജോണിൻെറ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല ബോട്ട് ഓട്ടോ പൈലറ്റ് മോഡിലായിരുന്നതിനാൽ അത് സ്വയം മുന്നോട്ട് പോവുകയും ചെയ്തു. അധികം ആളുകളൊന്നും എത്തിപ്പെടാത്ത ഒരിടത്ത് ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ ജോൺ ഒറ്റയ്ക്ക് പെട്ടുപോയി.

  താൻ മരിക്കാൻ പോവുകയാണെന്ന് വെള്ളത്തിൽ വീണ് അധികം വൈകാതെ അദ്ദേഹം മനസ്സിലുറപ്പിച്ചു. ഈ സമയത്ത് ഇനി ആരും രക്ഷക്കായി എത്താനുള്ള സാധ്യതയില്ല. പ്രദേശം മുഴുവൻ സ്രാവുകളുടെ കേന്ദ്രമാണ്. എന്നാൽ നിമിഷങ്ങൾക്കകം ജോണിൻെറ മനസ്സ് മാറി. മരണത്തെ വെല്ലുവിളിച്ച് ഒഴുക്കിനെതിരെ നീങ്ങാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. “മരണത്തെ മുഖാമുഖം കണ്ട ഞാൻ ആദ്യം വല്ലാതെ ഭയപ്പെട്ടു. എന്നാൽ മുന്നിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ മാറ്റിമറിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. എന്ത് വന്നാലും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് മനസ്സിലുറപ്പിച്ചു. കരയിലേക്ക് നീന്താൻ തുടങ്ങി”

  ഗോഫണ്ട് മീ എന്ന വെബ്സൈറ്റിലാണ് ജോൺ തൻെറ ജീവിതത്തിലെ അതിസാഹസികമായ സംഭവങ്ങൾ വിശദീകരിച്ച് എഴുതിയിരിക്കുന്നത്. പണം സമാഹരിക്കുന്നതിനായി ജോണിൻെറ സുഹൃത്തായ ഫോ റുസെച്ച് തുടങ്ങിയതാണ് ഈ സംരംഭം. തൻെറ അനുഭവത്തെക്കുറിച്ച് നിരവധി നാവികരോട് സംസാരിച്ചതായി ജോൺ പറഞ്ഞു. ബോട്ട് സുരക്ഷിതമായി തന്നെ മുന്നോട്ട് പോവുന്ന സമയത്ത് കരയിൽ നിന്ന് 9 നോട്ടിക്കൽ മൈൽ (17 കിലോമീറ്റർ) ദൂരത്താണ് താൻ ഉണ്ടായിരുന്നത്. വലിയ ദൂരം നീന്തി പരിചയമുള്ള ഒരാളായിരുന്നില്ല. 200 മീറ്റർ ദൂരം പോലും താൻ ഒറ്റയ്ക്ക് നീന്തിയിരുന്നില്ല. അപ്പോഴാണ് 17 കിലോമീറ്റർ നീന്തി കരയിലെത്തിയത്.

  “എനിക്ക് മുന്നിൽ മറ്റെന്ത് സാധ്യതയാണ് ഉണ്ടായിരുന്നത്? ആ സമയത്ത് എന്തും ചെയ്യുന്നതിനുള്ള ധൈര്യം ലഭിച്ചു,” ജോൺ പറഞ്ഞു. ശാന്തമായി മുന്നോട്ട് കുതിക്കാനുള്ള ഊർജ്ജം താൻ സ്വന്തമാക്കുകയായിരുന്നു. രാത്രിയിലായിരുന്നു വെള്ളത്തിൽ വീണുപോയതെന്ന് ജോണിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ ഒരു വിധത്തിൽ ചന്ദ്രനെ നോക്കി അദ്ദേഹം ദിശ കണ്ടുപിടിച്ചു. അങ്ങനെയാണ് നീന്തി നീന്തി കരയിലെത്താൻ സാധിച്ചത്. ജീവിതത്തിലേക്ക് തിരിച്ചുവന്ന ജോണിന് തൻെറ ലോകം ചുറ്റുന്ന യാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിൽ വലിയ നിരാശയുണ്ട്.
  Published by:Naveen
  First published: