ബിൽ ഗേറ്റ്സ് - മെലിൻഡ വിവാഹമോചനം; കാരണം മൈക്രോസോഫ്റ്റ് ജീവനക്കാരിയുമായുള്ള പ്രണയമോ?
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ജീവനക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്പനിയുടെ ബോർഡ് ഒരു നിയമ സ്ഥാപനത്തെ നിയമിച്ചതിനെത്തുടർന്നാണ് ബിൽ ഗേറ്റ്സ് 2020 ൽ മൈക്രോസോഫ്റ്റിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് രാജി വച്ചതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ലോക കോടീശ്വരൻ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും വിവാഹ മോചിതരാകാൻ പോകുന്നുവെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് ബിൽ ഗേറ്റ്സിന് മേൽ ഉയരുന്നത്. മൈക്രോസോഫ്റ്റ് ജീവനക്കാരിയുമായി ഗേറ്റ്സ് പ്രണയത്തിലാണെന്നും ഇതാണ് വിവാഹ മോചനത്തിന് കാരണമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ഈ ജീവനക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്പനിയുടെ ബോർഡ് ഒരു നിയമ സ്ഥാപനത്തെ നിയമിച്ചതിനെത്തുടർന്നാണ് ബിൽ ഗേറ്റ്സ് 2020 ൽ മൈക്രോസോഫ്റ്റിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് രാജി വച്ചതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
മൈക്രോസോഫ്റ്റിലെ ഒരു എഞ്ചിനീയർ ഗേറ്റ്സുമായി വർഷങ്ങളായി ലൈംഗിക ബന്ധമുണ്ടെന്ന് ഒരു കത്തിൽ ആരോപിച്ചതായി ജേണൽ റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിനിടയിൽ, ഗേറ്റ്സ് മൈക്രോസോഫ്ടിൽ ഡയറക്ടറായി ഇരിക്കുന്നത് ഉചിതമല്ലെന്ന് ചില ബോർഡ് അംഗങ്ങൾ വ്യക്തമാക്കിയിരുന്നതായും ജേണൽ റിപ്പോർട്ട് ചെയ്തു. ബോർഡിന്റെ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഗേറ്റ്സ് രാജിവയ്ക്കുകയും ചെയ്തു.
ജേണലിലെ ലേഖനത്തിൽ ജീവനക്കാരിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ ആരോപണങ്ങൾ എത്രമാത്രം സത്യമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. 2019ന്റെ അവസാന പകുതിയിലാണ് ബിൽ ഗേറ്റ്സ് കമ്പനിയിലെ ഒരു ജീവനക്കാരിയുമായി അടുപ്പത്തിലാണെന്ന ആശങ്ക മൈക്രോസോഫ്റ്റിന് ലഭിച്ചതെന്ന് മൈക്രോസോഫ്റ്റ് വക്താവ് ഞായറാഴ്ച വൈകിട്ട് സിഎൻഎൻ ബിസിനസിനോട് സ്ഥിരീകരിച്ചു. സമഗ്രമായ അന്വേഷണം നടത്താൻ ബോർഡിന്റെ ഒരു കമ്മിറ്റി ഒരു ബാഹ്യ നിയമ സ്ഥാപനത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
advertisement
ഏകദേശം 20 വർഷം മുമ്പ് ഒരു പ്രണയ ബന്ധം ഉണ്ടായിരുന്നുവെന്നും അത് രമ്യമായി അവസാനിച്ചുവെന്നും ജേണലിനു നൽകിയ പ്രസ്താവനയിൽ ഗേറ്റ്സിന്റെ വക്താവ് വ്യക്തമാക്കി. ബോർഡിൽ നിന്ന് പിന്മാറാനുള്ള ബില്ലിന്റെ തീരുമാനം ഈ വിഷയവുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കാനാണ് ഈ തീരുമാനമെന്നും വക്താവ് വ്യക്തമാക്കി.
advertisement
ബോർഡിൽ നിന്ന് രാജിവയ്ക്കാനുള്ള ബിൽ ഗേറ്റ്സിന്റെ തീരുമാനത്തെക്കുറിച്ച് 2020 മാർച്ചിലെ പ്രസ്താവനയും വക്താവ് ചൂണ്ടിക്കാട്ടി. മൈക്രോസോഫ്റ്റിലും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷനിലും ജോലി ചെയ്തിരുന്ന സ്ത്രീകളെ ഗേറ്റ്സ് ശല്യം ചെയ്യാറുണ്ടെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആളുകളുടെ പേരുകൾ ടൈംസ് പുറത്തുവിട്ടിട്ടില്ല.
ബിൽ ഗേറ്റ്സിന്റെ വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും പ്രചരിക്കുന്ന വാർത്തകൾ അങ്ങേയറ്റം നിരാശാജനകമാണെന്ന് ഗേറ്റ്സിന്റെ വക്താവ് ടൈംസിനോട് പറഞ്ഞു. ജീവനക്കാരോട് മോശമായി പെരുമാറിയെന്ന അവകാശവാദവും തെറ്റാണെന്ന് ഗേറ്റ്സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
advertisement
ഈ മാസം ആദ്യമാണ് ബിൽ ഗേറ്റ്സിന്റെ ഭാര്യയും ഫൌണ്ടേഷന്റെ സഹസ്ഥാപകയുമായ മെലിൻഡ ഗേറ്റ്സ് ബിൽ ഗേറ്റ്സുമായുള്ള വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. തങ്ങളുടെ വിവാഹ ബന്ധത്തെക്കുറിച്ച് വളരെയധികം ചിന്തിച്ചതിന് ശേഷമാണ് ദാമ്പത്യം അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്ന് ഇവർ അറിയിച്ചു. ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളാണ് ബിൽ ഗേറ്റ്സ്. ബ്ലൂംബർഗ് ശതകോടീശ്വര സൂചിക റാങ്കിംഗ് അനുസരിച്ച് അദ്ദേഹത്തിന്റെ മൊത്തം ആസ്തി 144 ബില്യൺ ഡോളറാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 17, 2021 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബിൽ ഗേറ്റ്സ് - മെലിൻഡ വിവാഹമോചനം; കാരണം മൈക്രോസോഫ്റ്റ് ജീവനക്കാരിയുമായുള്ള പ്രണയമോ?