advertisement

'പപ്പയുടെ സ്ഥാനത്തുണ്ടാകുമെന്ന് അന്ന് മധു സാർ പറഞ്ഞു'; ഹൃദയകാരിയായ കുറിപ്പുമായി ചിന്താ ജെറോം

Last Updated:

'എനിക്ക് ആദ്യമായി ഉപയോഗിക്കാൻ ഒരു സ്മാർട്ട് ഫോൺ വാങ്ങി തന്നത് മുതൽ ഇടാനുള്ള നല്ല നല്ല വസ്ത്രങ്ങൾ വാങ്ങിത്തരുന്നത് എല്ലാം മധുസാറായിരുന്നു. ഉമ ചേച്ചിയെ പോലെ തന്നെ കൂടെ നിർത്തി പഠനവും മറ്റെല്ലാ പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടു പോകണമെന്ന് നിരന്തരമായി ഉപദേശിക്കുന്ന വഴികാട്ടിയായി മധുസാറുണ്ട്'

ഫോട്ടോ: ചിന്താ ജെറോം/ ഫേസ്ബുക്ക്
ഫോട്ടോ: ചിന്താ ജെറോം/ ഫേസ്ബുക്ക്
മലയാളത്തിന്റെ പ്രിയ നടൻ മധുവിന്റെ 91-ാം പിറന്നാളായിരുന്നു തിങ്കളാഴ്ച. ഇപ്പോൾ മധുവിന് ജന്മദിനാശംസകൾ നേർന്ന് യുവജന കമ്മീഷൻ മുൻ അധ്യക്ഷ ചിന്ത ജെറോം എഴുതിയ ഹൃദയകാരിയായ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ചിന്തയുടെ പിതാവുമായുള്ള മധുവിന്റെ സൗഹൃദവും പിതാവിന്റെ മരണശേഷം മധു നൽകിയ പിന്തുണയും മകളെ പോലെ ഒപ്പം ചേർത്തുനിര്‍ത്തിയതിനെയും ഓർത്തെടുക്കുകയാണ് ചിന്ത.
ചിന്തയുടെ കുറിപ്പിന്റെ പൂർണരൂപം
മലയാളത്തിന്റെ നടന വിസ്മയം ശ്രീ മധു സാർ 91-ാം വയസ്സിലേക്ക് കടക്കുകയാണ്. ലോക സിനിമയ്ക്ക് മുമ്പിലേക്ക് മലയാള സിനിമ എത്തിച്ച അതുല്യ കലാകാരൻ മധു സാർ ഓരോ മലയാളിക്കും അഭിമാനമാണ്. ഈ അതുല്യ കലാകാരന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുമ്പോൾ വ്യക്തിപരമായി എനിക്ക് ആരാണ് മധു സാർ എന്ന് കുറിക്കണമെന്ന് തോന്നുന്നു.
എനിക്ക് ആരാണ് മധുസാർ;
ഞാൻ കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ആയിരിക്കുമ്പോൾ (ഫാത്തിമ മാതാ നാഷണൽ കോളേജിലെ രണ്ടാംവർഷ ഡിഗ്രി ഇംഗ്ലീഷ് വിദ്യാർത്ഥിനി) യൂണിവേഴ്സിറ്റി യൂണിയന്റെ യൂത്ത് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനത്തിന് ഞാനും ജനറൽ സെക്രട്ടറി അരുൺ വികെയും കണ്ണമ്മൂലയിലുള്ള മധു സാറിന്റെ വീട്ടിലെത്തി പരിപാടിക്ക് ക്ഷണിച്ചു. സിനിമയിൽ മാത്രം കണ്ടിട്ടുള്ള മഹാനടനെ നേരിട്ട് കണ്ട വിസ്മയത്തിലായിരുന്നു ഞങ്ങൾ രണ്ടു പേരും. വീട്ടിൽ എത്തിയപ്പോൾ വീടിന് പുറകിലുള്ള പറമ്പിൽ തൊഴിലാളികൾക്കൊപ്പം ജോലിയിൽ വ്യാപൃതനായി നിൽക്കുന്ന സിനിമാതാരം മധുവിനെയാണ് ഞങ്ങൾ കണ്ടത്. ഊഷ്മളമായി ഞങ്ങളെ സ്വീകരിച്ചു സ്വീകരണ മുറിയിൽ ഇരുത്തി.
advertisement
"തങ്കം,കുട്ടികൾക്ക് ചായ എടുക്കൂ" എന്ന് ഭാര്യയോട് പറഞ്ഞു. മധുസാറിന്റെ പ്രിയപത്നി ഞങ്ങൾക്കരികിൽ വന്നു മധുരവും ചായയും എല്ലാം നൽകി. ഒരു സിനിമാനടന്റെ വീട്ടിൽ ഇത്ര വലിയ സ്വീകരണം രണ്ട് വിദ്യാർത്ഥികൾക്ക് നൽകിയത് ഞങ്ങൾ തിരികെ സ്റ്റുഡൻസ് സെന്ററിൽ എത്തും വരെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പരിപാടിക്ക് വരാമെന്ന് സമ്മതിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിൽ മനോഹരമായി ആ പരിപാടി നടന്നു.
പിന്നീടൊരു ദിവസം ഞാനെന്റെ വീട്ടിൽ കൊല്ലത്ത് നിൽക്കുമ്പോൾ എൻറെ ഫോണിൽ മധു സാറിന്റെ ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു. മോളുടെ നാട്ടിൽ ഞാനുണ്ട്. ഞാൻ പെട്ടെന്ന് ഫോണുമെടുത്ത് പപ്പയുടെ അടുത്ത് ചെന്നു. പപ്പാ, എനിക്ക് സിനിമാതാരം മധുസാർ മെസ്സേജ് അയച്ചിരിക്കുന്നു. കൊല്ലത്തുണ്ടെന്ന്.
advertisement
പപ്പ ലേശം അത്ഭുതത്തോടു കൂടി ചോദിച്ചു "ചെമ്മീനിലെ മധു സാറോ ..? ഞാൻ പറഞ്ഞു അതെ '
പപ്പ പറഞ്ഞു വീട്ടിലേക്ക് ക്ഷണിക്കൂ അദ്ദേഹം വരുമോ നമ്മുടെ വീട്ടിൽ ...? ഞാൻ പറഞ്ഞു
വീട്ടിൽ വരാം എന്ന സമ്മതത്തോടു കൂടിയുള്ള മെസ്സേജ് ആണ്. ഉടൻ തന്നെ ഞാൻ മധു സാറിനെ വിളിച്ചു. പരിപാടി കഴിഞ്ഞ് ഇവിടെ എത്തുമെന്ന് പറഞ്ഞു. കൊല്ലത്തെ പരിപാടി കഴിഞ്ഞു സംഘാടകർക്കൊപ്പം അദ്ദേഹം വീട്ടിൽ എത്തി.
പപ്പയും മമ്മിയും അക്ഷരാർത്ഥത്തിൽ ഞെട്ടി നിൽക്കുകയാണ്. അവരുടെ യൗവ്വന കാലത്തെ നായകൻ അവരുടെ വീട്ടിലേക്ക് എത്തുകയാണ്. സ്നേഹപൂർവ്വം ഇവിടെ വന്നു. രണ്ടു മൂന്ന് മണിക്കൂർ പപ്പയുമായി ചിലവഴിച്ചു. അവർ രണ്ടു പേരും വലിയ സൗഹൃദത്തിലായി.
advertisement
ഇടയ്ക്കിടയ്ക്ക് പപ്പ മധു സാറിനെ വിളിക്കും മധുസാർ കൊല്ലം വഴി പോകുന്ന സമയത്ത് സമയം ക്രമീകരിച്ചു വീട്ടിൽ വരും. ഞാൻ വീട്ടിൽ ഇല്ലാത്തപ്പോൾ പോലും മധുസാർ പപ്പയുമായുള്ള സൗഹൃദം തുടർന്നു. പപ്പയുടെ മരണം അറിഞ്ഞപ്പോൾ തിരക്കുകൾക്കിടയിൽ നിന്നാണ് മധുസാർ ഓടിയെത്തിയത്. ഏതോ സിനിമാ ചിത്രീകരണത്തിൽ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ചത് അദ്ദേഹം തിരക്കുകൾ ഒഴിഞ്ഞ ഒരു ദിവസം വീട്ടിലേക്ക് വരും എന്നാണ്. എന്നാൽ വിവരമറിഞ്ഞ് അദ്ദേഹം നിൽക്കുന്നിടത്തു നിന്നും യാത്ര ചെയ്തു എത്താൻ കഴിയുന്ന സമയം മാത്രം എടുത്ത് കൊണ്ട് വീട്ടിലെത്തി കൊല്ലത്തെ ഭാരതരാജ്ഞി പള്ളിയിൽ സെമിത്തേരിയിൽ പപ്പായെ അടക്കുന്നതു വരെയുള്ള എല്ലാ കർമ്മങ്ങളിലും അദ്ദേഹം ഒപ്പം നിന്നു. ഒപ്പം നിൽക്കുക മാത്രമല്ല ഒരു കുടുംബാംഗത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് എല്ലാ ചുമതലയും നിർവഹിച്ചത് അദ്ദേഹമായിരുന്നു. തിരിച്ചു മടങ്ങുമ്പോൾ കരഞ്ഞു തളർന്നിരിക്കുന്ന എന്നോട് പറഞ്ഞത് പപ്പ പോയത് മോൾക്ക് വലിയ നഷ്ടമാണ് അത്രയും പറഞ്ഞ് അദ്ദേഹം പോയി.
advertisement
മരണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം വിളിച്ചു പഠനം നിന്നു പോകരുത് പിജി പഠനത്തിനുശേഷം തുടർ വിദ്യാഭ്യാസം ചെയ്യണം എല്ലാ ഉത്തരവാദിത്വങ്ങളും പപ്പയുടെ സ്ഥാനത്ത് നിന്ന് ചെയ്യാൻ ഞാൻ ഉണ്ടാകും എന്ന് പറഞ്ഞു. യഥാർത്ഥത്തിൽ പിഎച്ച്ഡിക്ക് സിനിമ വിഷയമായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു. മധുസാറിന്റെ മകൾ ഉമ ചേച്ചിയും സിനിമയിലാണ് പിഎച്ച്ഡി പൂർത്തീകരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അദ്ദേഹം പറഞ്ഞു തന്നു അങ്ങനെയാണ് ഗവേഷണത്തിലേക്ക് കടക്കുന്നത്.
എനിക്ക് ആദ്യമായി ഉപയോഗിക്കാൻ ഒരു സ്മാർട്ട് ഫോൺ വാങ്ങി തന്നത് മുതൽ ഇടാനുള്ള നല്ല നല്ല വസ്ത്രങ്ങൾ വാങ്ങിത്തരുന്നത് എല്ലാം മധുസാറായിരുന്നു. ഉമ ചേച്ചിയെ പോലെ തന്നെ കൂടെ നിർത്തി പഠനവും മറ്റെല്ലാ പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടു പോകണമെന്ന് നിരന്തരമായി ഉപദേശിക്കുന്ന വഴികാട്ടിയായി മധുസാറുണ്ട്. 91ന്റെ നിറവിൽ എത്തിനിൽക്കുകയാണ് നമ്മുടെ അഭിമാനമായ മധു സാർ . അദ്ദേഹം കലാരംഗത്ത് നൽകുന്ന സംഭാവനകൾക്കൊപ്പം വ്യക്തിബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിലും വലുപ്പചെറുപ്പമില്ലാതെ എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നതിലും ഒരുവട്ടം പരിചയപ്പെട്ട വ്യക്തിയുടെ പോലും ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി അവർക്ക് ഹൃദയത്തിൽ ഇടം കൊടുക്കുന്നതിലും അപൂർവമായ മാതൃക ആണ് . എനിക്കെന്റെ വിദ്യാർത്ഥി രാഷ്ട്രീയം സമ്മാനിച്ച അവസരങ്ങളിൽ അവർണ്ണനീയമായ ഒന്നായി മധു സാറിനെ പരിചയപ്പെട്ടതും അദ്ദേഹം തന്ന കരുതലും സ്നേഹവും നിലനിൽക്കുകയാണ്.
advertisement
ഇനിയും ഒരുപാട് നാൾ മലയാളികളുടെ കലാ മേഖലയിൽ മധുസാർ നിറഞ്ഞു നിൽക്കട്ടെ. എല്ലാവിധ ആയുരാരോഗ്യവും ഐശ്വര്യവും മധുസാറിനും കുടുംബത്തിനും ഉണ്ടാകട്ടെയെന്ന് ഹൃദയപൂർവം ആശംസിക്കുന്നു.എന്റെ പ്രിയപ്പെട്ട മധുസാറിന് എന്റെയും മമ്മിയുടെയും ഒരായിരം പിറന്നാൾ ആശംസകൾ
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പപ്പയുടെ സ്ഥാനത്തുണ്ടാകുമെന്ന് അന്ന് മധു സാർ പറഞ്ഞു'; ഹൃദയകാരിയായ കുറിപ്പുമായി ചിന്താ ജെറോം
Next Article
advertisement
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമോദി
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമ
  • പ്രധാനമന്ത്രി മോദി കേരളത്തിലെ ഇടതു സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് തിരുവല്ലയിൽ പറഞ്ഞു

  • കേരളത്തിൽ എൻഡിഎ സർക്കാർ വരും, വികസനം തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്ന് മോദി ഉറപ്പു നൽകി

  • കേന്ദ്രസർക്കാർ നൽകിയതെല്ലാം സംസ്ഥാന സർക്കാരിന് സാധ്യമല്ല, വികസനത്തിൽ കേരളം പിന്നിലാണെന്ന് വിമർശിച്ചു

View All
advertisement