Khushbu | എൻ്റെ പിതാവ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല; ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ
- Published by:meera_57
- news18-malayalam
Last Updated:
മീടൂ വെളിപ്പെടുത്തലുകൾ കത്തിനിന്ന നാളുകളിൽ പിതാവിനെ കുറിച്ച് ഞെട്ടിക്കുന്ന കാര്യങ്ങൾ പുറത്തുപറഞ്ഞയാളാണ് ഖുശ്‌ബു
ബാലതാരമായി ചലച്ചിത്ര ലോകത്തെത്തിയ നടിയാണ് ഖുശ്‌ബു സുന്ദർ (Khushbu Sundar). നാല് ദശകത്തിലേറെ നീളുന്ന സിനിമാ പാരമ്പര്യത്തിനുടമയാണ് അവർ. മഹാരാഷ്ട്രയിൽ പിറന്ന നഖത് ഖാൻ, മറ്റുപല നടിമാരെയും പോലെ, അന്യഭാഷയിൽ നിന്നും വന്ന് തമിഴകത്ത് തന്റെ കരിയറും ജീവിതവും പടുത്തുയർത്തിയ പ്രതിഭകളിൽ ഒരാളാണ്. ഇവിടെ വന്ന് ചലച്ചിത്ര സംവിധായകൻ സുന്ദർ സിയുടെ ഭാര്യയായി മാറിയ ഖുശ്‌ബു ഇന്ന് അഭിനേതാവും കുടുംബിനിയും രാഷ്ട്രീയ പ്രവർത്തകയും ഒക്കെയായി ഒന്നിലേറെ റോളുകളിൽ നിറഞ്ഞാടുന്നു. നടിയുടെ രണ്ടു പെൺമക്കളിൽ ഒരാൾ ഇന്ന് മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നുമുണ്ട്
advertisement
ആകെ പത്തു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഹിന്ദി സിനിമയിൽ ബാലതാരമായി അവർ അഭിനയരംഗത്തെത്തുന്നത്. ആദ്യമായി സ്‌ക്രീനിൽ എത്തിയപ്പോൾ അവർക്ക് ലഭിച്ച പേരായിരുന്നു ഇത്. ഇന്നവർ നാല് പതിറ്റാണ്ടിലേറെയായി ചെന്നൈ നഗരത്തിൽ താമസിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയിലെ അവരുടെ കുടുംബത്തിന്റെ കാര്യത്തിൽ ഖുശ്‌ബുവിന് ഓർക്കാൻ നല്ലതല്ലാത്ത ചില ഓർമ്മകൾ കൂടിയുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുൻപ് മീടൂ ആരോപണങ്ങൾ കുമിഞ്ഞുകൂടിയ വേളയിൽ ഖുശ്‌ബുവിനും ഉണ്ടായിരുന്നു ചില വെളിപ്പെടുത്തലുകൾ (തുടർന്ന് വായിക്കുക)
advertisement
ഖുശ്‌ബുവിന്റെ വിക്കിപീഡിയ പേജിൽ പോലും പിതാവിന്റെ പേരില്ല. ഭാര്യയെയും നാല് മക്കളിൽ ആകെയുള്ള മകളെയും തല്ലിച്ചതയ്ക്കുക അവകാശമാണ് എന്ന് വിശ്വസിച്ചു പോന്നയാളാണ് ഖുശ്ബുവിന്റെ പിതാവ്. ഭർത്താവിനെ ദൈവത്തെപ്പോലെ കണ്ടിരുന്ന വ്യക്തി കൂടിയായിരുന്നു ഖുശ്ബുവിന്റെ മാതാവ്. ഖുശ്‌ബു ലൈംഗികമായി കൂടിയും പിതാവിൽ നിന്നും പീഡനം ഏൽക്കേണ്ടി വന്നു. എട്ടാം വയസ് മുതൽ ആരംഭിച്ച പീഡനം, തുറന്നു പറയാൻ തീരുമാനിക്കുമ്പോൾ ഖുശ്ബുവിന് 15 വയസ് ആയിരുന്നു. അത് കഴിഞ്ഞുള്ള ജീവിതം മറ്റൊന്നായി മാറി
advertisement
ഇത്രയും ചെറിയ പ്രായത്തിൽ എങ്ങനെയാണ് പിതാവിനെതിരെ സംസാരിക്കാൻ ധൈര്യം കിട്ടിയത് എന്ന ചോദ്യത്തിനും ഖുശ്‌ബു മറുപടി നൽകിയിരുന്നു. പീഡനം അതിന്റെ പാരമ്യത്തിൽ എത്തിയതും, ഇനിയും നിശ്ശബ്ദയാവരുത് എന്ന് സ്വയം തോന്നലുണ്ടായി. പിതാവ് ഖുശ്‌ബുവിനെ പീഡിപ്പിക്കുന്നത് തുടരാൻ ആകെ ഒരേയൊരു കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശബ്ദിച്ചാൽ, അമ്മയെയും മറ്റു സഹോദരങ്ങളെയും ഉപദ്രവിക്കും എന്ന് പിതാവ് മകളെ ഭീഷണിപ്പെടുത്തിയിരുന്നു. ആ ഭയം ഉള്ളിൽക്കിടന്നു. താൻ കാരണം അമ്മയും സഹോദരന്മാരും വേദനിക്കുന്നത് ആ മകൾക്ക് താങ്ങാൻ കഴിയുമായിരുന്നില്ല
advertisement
ഭർത്താവിനെ ദൈവത്തെപ്പോലെ കണ്ടിരുന്ന അമ്മ താൻ പറയുന്നത് വിശ്വസിക്കുമോ എന്ന് പോലും ഖുശ്‌ബു പേടിച്ചിരുന്നു. ആ ഭയം സംഭവിച്ചില്ല എങ്കിലും, പകരം മറ്റൊരു കാര്യം നടന്നു. പിതാവ് അന്ന് ആ കുടുംബത്തിൽ നിന്നും പടിയിറങ്ങി. തൊട്ടടുത്ത നേരം എങ്ങനെ ഭക്ഷണം കഴിക്കണം എന്ന കാര്യത്തിൽപ്പോലും ഖുശ്‌ബുവിനോ അമ്മയ്ക്കോ ആങ്ങളമാർക്കോ അറിവില്ലായിരുന്നു. അന്ന് മുതൽ ഈ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു നടത്തിപ്പോന്നത് ഖുശ്ബുവാണ്. ഈ വെളിപ്പെടുത്തലിന്റെ തൊട്ടടുത്ത വർഷം അമ്മയ്ക്ക് അൽഷിമേഴ്‌സ് രോഗമാണ് എന്ന് അവർ മറ്റൊരു സന്ദർഭത്തിൽ പറഞ്ഞിരുന്നു
advertisement
ഈ വിഷയം തന്റെ ഭർത്താവിനും മക്കൾക്കും അറിയാമായിരുന്നു എങ്കിൽ പോലും അതേപ്പറ്റി തുറന്നു പറഞ്ഞതും തന്റെ മനസിലെ ഭാരം കുറഞ്ഞതായി ഖുശ്‌ബു. പിന്നെ ആ പിതാവിന് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഖുശ്ബുവിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. പതിനാറാം വയസ് മുതൽ ഒരിക്കലും പിതാവുമായി അടുപ്പമുണ്ടായിട്ടില്ല. ആ പ്രായം മുതൽ ഒരിക്കലും പിതാവിനെ കണ്ടിട്ടില്ല. ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുമറിയില്ല. അതിനെ കുറിച്ചാലോചിക്കാറില്ല എന്ന് ഗലാട്ട ഡോട്ട് കോമിൽ വന്ന അഭിമുഖ ശകലത്തിൽ ഖുശ്‌ബു പറയുകയുണ്ടായി






