ശ്രദ്ധിക്കൂ! പ്രണയം ശരീരത്തെ സുഖപ്പെടുത്തുമെന്ന് വിദഗ്ദ്ധന്‍
- Published by:meera_57
- news18-malayalam
Last Updated:
വികാരങ്ങള്‍ക്കപ്പുറം പ്രണയം മനുഷ്യ ശരീരത്തില്‍ ജനിതക തലത്തില്‍ സ്വാധീനിക്കുമെന്ന് ഗവേഷകന്‍
പ്രണയം ശരീരത്തെയും മനസ്സിനെയും സുഖപ്പെടുത്തുമെന്ന് പൊതുവേ പറയാറുണ്ട്. എന്നാല്‍ ശാസ്ത്രം യഥാര്‍ത്ഥത്തില്‍ അതിനെ പിന്തുണച്ചാലോ...? വികാരങ്ങള്‍ക്കപ്പുറം പ്രണയം മനുഷ്യ ശരീരത്തില്‍ ജനിതക തലത്തില്‍ സ്വാധീനിക്കുമെന്ന് ഒരു ഗവേഷകന്‍ അവകാശപ്പെടുന്നു.
ജനിതകശാസ്ത്ര വിദഗ്ദ്ധനും പോപ്പുലേഷന്‍ ജീനോമിക്‌സ് ഗവേഷകനുമായ ഡോ. നീരജ് റായ് ആണ് ഈ അവകാശവാദവുമായി എത്തിയിരിക്കുന്നത്. പ്രണയം ഡിഎന്‍എ വഴി ശരീരത്തെ സുഖപ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു. രണ്‍വീര്‍ അല്ലഹബാദിയയുടെ പോഡ്കാസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
പ്രണയം ശരീരത്തെ സുഖപ്പെടുത്തുകയും ഡിഎന്‍എയെ എങ്ങനെ സ്വാധീനിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ പഠന മേഖലയെ എപ്പിജെനെറ്റിക്‌സ് എന്നാണ് വിളിക്കുന്നത്. യഥാര്‍ത്ഥ ഡിഎന്‍എ ക്രമത്തില്‍ മാറ്റം വരുത്താതെ സംഭവിക്കുന്ന ജീന്‍ എക്‌സ്പ്രഷനെ കുറിച്ചുള്ള പഠനമാണ് എപ്പിജെനെറ്റിക്‌സ്.
advertisement
"നിങ്ങള്‍ പ്രണയത്തിലായിരിക്കുമ്പോള്‍ നിങ്ങളുടെ ശരീരവും ജീനുകളും സുഖപ്പെടാന്‍ തുടങ്ങുമെന്ന് എപ്പിജെനെറ്റിക്‌സില്‍ പറയുന്നു, ശരിയാണോ?", പോഡ്കാസ്റ്റില്‍ അല്ലഹബാദിയ ചോദിക്കുന്നു. അതെ, ഇത് തീര്‍ച്ചയായും സംഭവിക്കുമെന്ന് ഡോ. റായ് സ്ഥിരീകരിച്ചു.
മെത്തിലേഷന്‍ എന്നറിയപ്പെടുന്ന രാസമാറ്റങ്ങള്‍ സംഭവിക്കാവുന്ന ചില ഹോട്ട്‌സ്‌പോട്ടുകള്‍ ഡിഎന്‍എയിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു മീഥൈയില്‍ ഗ്രൂപ്പ് ഡിഎന്‍എയില്‍ ചേരുമ്പോള്‍ അത് ഒരു ജീനിന്റെ പാറ്റേണില്‍ മാറ്റം വരുത്തുമെന്ന് ഡോ. റായ് പറയുന്നു.
വളരെ ലളിതമായി പറഞ്ഞാല്‍ നിങ്ങളുടെ ചിന്തകള്‍, വികാരങ്ങള്‍, ചുറ്റുപാടുകള്‍ എന്നിവ നിങ്ങളുടെ ശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ നേരിട്ട് സ്വാധീനിക്കുമെന്ന് ഡോക്ടര്‍ വിശദീകരിച്ചു. സന്തോഷത്തോടെയിരിക്കുന്നതും സ്‌നേഹം നിറഞ്ഞ അന്തരീക്ഷവും കുടുംബ പിന്തുണയും പോസിറ്റീവ് സ്വാധീനം ചെലുത്തുന്ന പങ്കാളിയും ഉള്‍പ്പെടുന്ന സാഹചര്യം ഡിഎന്‍എയിലെ ദോഷകരമായ എപ്പിജെനെറ്റിക് മാറ്റങ്ങള്‍ മന്ദഗതിയിലാക്കുമെന്നും അദ്ദേഹം പറയുന്നു.
advertisement
"നിങ്ങള്‍ ധ്യാനമോ യോഗയോ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആന്തരിക സമാധാനം അനുഭവപ്പെടുന്നു. യോഗയുടെ പരിസ്ഥിതി നിങ്ങളുടെ ജീനുകളുമായി സംവദിക്കുന്നു. യോഗയുമായി ഇടപഴകുമ്പോള്‍ നിങ്ങളുടെ ഡിഎന്‍എ കേടുകൂടാതെയിരിക്കും. ഇതെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യങ്ങളാണ്,", ഡോ. റായ് പറഞ്ഞു.
വ്യത്യസ്ഥ അഭിപ്രായങ്ങളാണ് ഡോ. റായിയുടെ വീക്ഷണങ്ങളോട് പ്രതികരിച്ച് ഓണ്‍ലൈനില്‍ വന്നത്. പ്രണയം ഡിഎന്‍എയെ സുഖപ്പെടുത്തുമെങ്കില്‍ ഹൃദയത്തിലേല്‍ക്കുന്ന മുറിവുകള്‍ അതിനെ തീര്‍ച്ചയായും നശിപ്പിച്ചേക്കുമെന്ന് പലരും തമാശയായി പറഞ്ഞു. പ്രണയം എന്റെ മുഴുവന്‍ ഡിഎന്‍എയും നശിപ്പിച്ചുവെന്നായിരുന്നു മറ്റൊരു പ്രതികരണം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 09, 2025 10:04 AM IST