മമ്മൂട്ടിയുടെ പിറന്നാളിന് കൊണ്ടുപോകാതിരുന്നതിന് വാശി പിടിച്ച് കരഞ്ഞ മിടുക്കി ഇവൾ ആണ്. പീലി എന്ന ദുവ. മലപ്പുറം പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശി ഹമീദലി പുന്നക്കാടന്റേയും സജിലയുടെയും നാലുവയസ്സുകാരിയായ മകള്‍.
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ പെരിന്തൽമണ്ണ താലൂക്ക് വൈസ് പ്രസിഡന്റാണ് ഹമീദലി. മമ്മൂട്ടിയുടെ വിശേഷങ്ങളും സിനിമകളും വീട്ടിൽ എപ്പോഴും ചർച്ചയും ആഘോഷവും ആണ്. പീലിമോൾക്ക് മമ്മൂക്ക അത് കൊണ്ട് തന്നെ ഏറെ പ്രിയപ്പെട്ട ആളാണ്. പീലി വാശി പിടിച്ച് കരയുന്ന വീഡിയോ മമ്മൂട്ടി തന്നെ ഫേസ്ബുക്കിൽ പങ്ക് വെച്ചതോടെ ആണ് വൈറൽ ആയത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്.
Also Read- മമ്മൂട്ടിക്ക് മുഖ്യമന്ത്രിയുടെ പിറന്നാൾ ആശംസ
ഹമീദലിയും സജിലയും വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ പീലിക്കുഞ്ഞും ചിരിയോടെ കൂടെ കൂടി. ഹമീദലി പറഞ്ഞു " ഞാൻ മമ്മൂക്കയുടെ കടുത്ത ആരാധകൻ ആണ്. ഫാൻസ് അസോസിയേഷന്റെ ചുമതല ഒക്കെ ഉണ്ട്. രണ്ട് മൂന്ന് ദിവസം മുൻപ് മമ്മൂക്കയുടെ പിറന്നാളിന് ആശംസ നൽകി മോളെ കൊണ്ട് ഒരു വീഡിയോ എടുത്തിരുന്നു. അത് കഴിഞ്ഞ് മമ്മൂക്കയുടെ പിറന്നാളിന്റെ അന്ന് ഞാനും ഭാര്യയും പുറത്ത് പോയിരുന്നു. തിരിച്ച് വന്നപ്പോൾ മോൾ കരുതി ഞങ്ങൾ മമ്മൂക്കയുടെ പിറന്നാൾ ആഘോഷത്തിന് പോയത് ആണ് എന്ന്. അവളെ കൂട്ടാതെ പോയതിന് ആയിരുന്നു കരഞ്ഞത്. "
Also Read- ജന്മദിനാഘോഷം വേറിട്ടതാക്കി മമ്മൂട്ടി ആരാധകർ; 17 രാജ്യങ്ങളിലെ പ്രവർത്തകർ രക്തദാനം നടത്തി
"അവള് കരഞ്ഞ വീഡിയോ എടുത്തപ്പോൾ ഇങ്ങനെ അത് വൈറൽ ആകും എന്നൊന്നും കരുതിയില്ല. മമ്മൂക്കയുടെ പി ആർ ഒക്കാണ് ആദ്യം ഈ വീഡിയോ അയച്ച് കൊടുത്തത്. അദ്ദേഹത്തെ എനിക്ക് പരിചയം ഉണ്ട്. ഞങ്ങൾ പിറന്നാളിന് വന്നില്ല എന്ന് മോളോട് പറയണം എന്ന് പറയാൻ കൂടി ആണ് വീഡിയോ അയച്ചത്. അത് ആണ് പിന്നീട് മമ്മൂക്ക ഷെയർ ചെയ്തത്. " ഹമീദലി പറയുന്നു.
" മമ്മൂക്ക തന്നെ വീഡിയോ ഷെയര് ചെയ്തപ്പോൾ പറയാനാകാത്ത സന്തോഷം ആണ് തോന്നിയത്. അദ്ദേഹത്തെ നേരിൽ ഒന്ന് പോയി കാണണം..അത് വലിയ ഒരു ആഗ്രഹം ആണ്..ഏറെ വൈകാതെ സാധിക്കുമായിരിക്കും " ഹമീദലിയും സജിലയും പറഞ്ഞു നിർത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: #HBD Mammootty, Actor mammootty, Baiju actor, Happy birthday Mammootty, Mammootty, Mammootty movies