'കോൺജ്വറിങ്' സിനിമയിലെ പ്രേതാലയത്തിൽ താമസിച്ച് കുടുംബം; വീട്ടിൽ 'പ്രേതബാധ' ഇപ്പോഴുമുണ്ടെന്ന് വീട്ടുകാർ
- Published by:Rajesh V
- trending desk
Last Updated:
വിചിത്രമായ ചില സംഭവങ്ങൾ ഈ വീട്ടിലുണ്ടായതായി ഈ കുടുംബം വ്യക്തമാക്കുന്നു.
ഹൊറർ ചിത്രങ്ങൾ ചിലപ്പോൾ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഹൊറർ ചിത്രങ്ങളിലെ കഥയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് പലപ്പോഴും വിചിത്രമായ അനുഭവങ്ങൾ ഉണ്ടാവുന്നതും യാഥാർത്ഥ്യമാണ്. മിക്ക ഹൊറർ ചിത്രങ്ങളുടെയും കഥ പുരോഗമിക്കുന്നത് പ്രേതബാധയുള്ള വീടുകളെ ചുറ്റിപ്പറ്റിയാണ്. മിക്കപ്പോഴും ഇത്തരത്തിലുള്ള വീടുകളിൽ താമസിക്കുന്നതിന് ആരും തയ്യാറാവില്ല.
എന്നാൽ 2013 റിലീസായ സൂപ്പർഹിറ്റ് ഹൊറർ ചിത്രമായ ദി കോൺജ്വറിങ്ങിലെ വീട്ടിൽ താമസിക്കുന്നതിന് ഒരു കുടുംബം സധൈര്യം തയ്യാറായി. അമേരിക്കയിലെ റോഡ് ഐലൻഡിലുള്ള ഹാരിസ്വില്ലെയിൽ ആണ് ഈ കുപ്രസിദ്ധമായ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. 1971ൽ പാരാനോർമൽ അന്വേഷകരായ എഡ്, ലൊറേയ്ൻ എന്നിവർ നടത്തിയ അന്വേഷണത്തിൽ ഈ വീടിന് അസാധാരണമായ ചില പ്രത്യേകതകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ, കോൺജ്വറിങ്ങിലൂടെ പ്രശസ്തമായ ഈ ഫാം ഹൗസ് 2019 ജൂണിൽ കോറി, ജെന്നിഫർ ഹെയ്ൻസൻ എന്നീ ദമ്പതികൾ സ്വന്തമാക്കി. പാരാനോർമൽ അന്വേഷകർ കൂടിയാണ് ഈ ദമ്പതികൾ. നാല് ബെഡ്റൂം, രണ്ടു ബാത്റൂം എന്നിവയടങ്ങിയ വീട് 439,000 ഡോളറിനാണ് (ഏകദേശം 3.21 കോടി ഇന്ത്യൻ രൂപ) ഈ ദമ്പതികൾ വാങ്ങിയത്. രണ്ടു മാസങ്ങൾക്ക് ശേഷം ഇവർ മകളായ മാഡിസൻ ഹെയ്ൻസനൊപ്പം ഇവർ ഇങ്ങോട്ടേക്ക് താമസം മാറുകയും ചെയ്തു. ഇതിനിടെയിൽ വിചിത്രമായ ചില സംഭവങ്ങൾ ഈ വീട്ടിലുണ്ടായതായി ഈ കുടുംബം വ്യക്തമാക്കുന്നു.
advertisement
വീട്ടിലെ വിചിത്ര സംഭവങ്ങൾ രേഖപ്പെടുത്തുന്ന മാഡിസൺ ടിക് ടോക് അക്കൗണ്ടിലൂടെ പങ്കു വയ്ക്കുന്നതോടൊപ്പം മാധ്യമങ്ങൾക്കും കൈമാറുന്നുണ്ട്. തന്റെ വിചിത്ര അനുഭവങ്ങളും ദൈനംദിന ജീവിതത്തെ കുറിച്ചും വിശദീകരിക്കുന്ന മാഡിസന് നിരവധി ഫോളോവേഴ്സാണ് സോഷ്യൽ മീഡിയയിലുള്ളത്.
അജ്ഞാത രൂപത്തെ ഒരു വീഡിയോയിൽ മാഡിസൺ വിവരിക്കുന്നുണ്ട്. തല മറച്ച് പാവാടയുടുത്ത ഒരു സ്ത്രീ രൂപത്തെ ഒരിക്കൽ കണ്ടതായും പിന്നീട് ഈ രൂപം അപ്രത്യക്ഷമാവുകയായിരുന്നു എന്നും ഒരു വീഡിയോയിൽ മാഡിസൺ പറയുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപോർട്ട് ചെയ്യുന്നു. താൻ രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് അജ്ഞാത രൂപത്തെ കണ്ടതെന്നും മൂന്ന് സെക്കൻഡിനുള്ളിൽ ഈ രൂപം അപ്രത്യക്ഷമായെന്നും മാഡിസൻ അവകാശപ്പെടുന്നു. ഇത് ശരിവയ്ക്കുന്ന മാഡിസന്റെ മാതാപിതാക്കൾ വിവാഹ വസ്ത്രം അണിഞ്ഞ ഒരു സ്ത്രീ രൂപമാണ് കണ്ടതെന്നും സാക്ഷ്യപ്പെടുത്തുന്നു.
advertisement
ന്യൂയോർക്ക് പോസ്റ്റിലെ തന്നെ മറ്റൊരു റിപ്പോർട്ടിൽ വീട്ടിലെ ലൈറ്റുകൾ താനേ കത്തുന്നതായും, കാലടി ശബ്ദവും, തട്ടലും മുട്ടലും പല അപശബ്ദങ്ങളും കേൾക്കുന്നതായി വീട്ടുകാർ വെളിപ്പെടുത്തുന്നു. കൂടാതെ, വീട് വാങ്ങുമ്പോൾ പ്രേത ബാധയുണ്ടെന്ന് അറിയാമായിരുന്നെങ്കിലും വീട്ടിലുള്ള ആത്മാക്കൾ സൗഹാർദ്ദപരമായി ഇരിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ പിന്നീട് ഇവ ആക്രമണ സ്വഭാവം കാണിക്കുന്നതായും വീട്ടുകാർ പറയുന്നു. എന്തായാലും പൊതുജനങ്ങൾക്ക് സന്ദർശിക്കാനായി തങ്ങളുടെ വീട് തുറന്നു കൊടുക്കുമെന്നും വീട്ടിൽ നടക്കുന്ന കാര്യങ്ങൾ രേഖപ്പെടുത്തുന്നതിന് 12 ക്യാമറകൾ സ്ഥാപിച്ചതായും മാഡിസൻ പറഞ്ഞു.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 03, 2021 2:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കോൺജ്വറിങ്' സിനിമയിലെ പ്രേതാലയത്തിൽ താമസിച്ച് കുടുംബം; വീട്ടിൽ 'പ്രേതബാധ' ഇപ്പോഴുമുണ്ടെന്ന് വീട്ടുകാർ


