പലതരത്തിലുള്ള അതിജീവനത്തിന്റെ കഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. ഇതും അത്തരത്തിലൊരു കഥയാണ്. ബോട്ടില്‍ നിന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളിയെ രണ്ട് ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. കടലില്‍ അടയാളം കാണിക്കുന്ന ഒരു പൊങ്ങിന്റെ (Buoy) മുകളിലാണ് രണ്ട് ദിവസവും ഇയാള്‍ കഴിഞ്ഞത്. ഡേവിഡ് സോറസ് എന്ന 43 കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.
ക്രിസ്മസ് ദിനത്തില്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ചാണ് ബോട്ടില്‍ നിന്ന് ഇയാള്‍ വീണത്. രണ്ട് ദിവസത്തിന് ശേഷമാണ് മറ്റ് മത്സ്യത്തൊഴിലാളികള്‍ ഇയാളെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോയും ഇവര്‍ പകര്‍ത്തിയിരുന്നു. ഡീഗോ സാംഗര്‍മാനോ ആണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
‘ ബോട്ടില്‍ നിന്ന് വീണ ആദ്യത്തെ പത്ത് മിനിറ്റ് ഞാന്‍ നല്ലതുപോലെ ബുദ്ധിമുട്ടി. എങ്ങനെ എങ്കിലും ബോട്ടിനടുത്തേക്ക് പോകാന്‍ ഞാന്‍ ശ്രമിച്ചു’ -എന്ന് ബ്രസീലിയന്‍ ന്യൂസ് പോര്‍ട്ടല്‍ ജി 1-നോട് സംസാരിക്കവെ ഡേവിഡ് പറഞ്ഞു. എന്നാല്‍, അയാള്‍ക്ക് തിരികെ ബോട്ടില്‍ കയറാന്‍ സാധിച്ചില്ല. തുടർന്ന് ഡേവിഡ് ഭാരം ഒഴിവാക്കാന്‍ ഷര്‍ട്ടും പാന്റും അഴിച്ച് മാറ്റി. നാല് മണിക്കൂര്‍ നേരം നീന്തിയതിന് ശേഷമാണ് അടയാളത്തിന് വേണ്ടിയുള്ള പൊങ്ങ് കണ്ടെത്തിയത്. തുടര്‍ന്ന് അതില്‍ അഭയം പ്രാപിക്കുകയായിരുന്നു.
Also read-ബാക്കി വന്ന രണ്ട് ലോട്ടറി ടിക്കറ്റെടുത്തയാളെ തേടിയെത്തിയത് 33 കോടി രൂപയോളം ഭാഗ്യം
രണ്ട് ദിവസം പൊങ്ങില്‍ കഴിച്ചുകൂട്ടിയതിന് ശേഷമാണ് മറ്റ് മത്സ്യത്തൊഴിലാളികള്‍ ഡേവിഡിനെ കണ്ടെത്തിയത്.
അടുത്തിടെ കൊലയാളി സ്രാവുകളുള്ള കടലില്‍ വീണ നാവികന് 17 മണിക്കൂര്‍ നീന്തി കരയിലെത്തിയത് വാര്‍ത്തയായിരുന്നു. ഓസ്ട്രേലിയന്‍ നാവികനായ ജോണ്‍ ഡീറാണ് ഇക്കാര്യം പുറംലോകത്തോട് പറഞ്ഞത്. 2019-ലാണ് സംഭവം നടന്നത്.
ബോട്ടില്‍ ലോകം ചുറ്റിക്കാണാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചതായിരുന്നു അദ്ദേഹം. പനാമയിലെ സാന്‍ ബ്ലാസ് ദ്വീപിലെ ഷാര്‍ക്ക് പോയിന്റ് എന്നറിയപ്പെടുന്ന സ്രാവുകള്‍ നിറഞ്ഞ ഭാഗത്താണ് ജോണ്‍ വീണുപോയത്. 17 കിലോമീറ്റര്‍ ദൂരം നീന്തിയ അദ്ദേഹം ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ച് വരികയായിരുന്നു.
വെള്ളത്തില്‍ വീണാല്‍ ജീവന് രക്ഷിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളൊന്നും തന്നെ ജോണിന്റെ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല ബോട്ട് ഓട്ടോ പൈലറ്റ് മോഡിലായിരുന്നതിനാല്‍ അത് സ്വയം മുന്നോട്ട് പോവുകയും ചെയ്തു. അധികം ആളുകളൊന്നും എത്തിപ്പെടാത്ത ഒരിടത്ത് ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെയാണ് ജോണ്‍ ഒറ്റയ്ക്ക് പെട്ടുപോയത്.
കടലിൽ നിറയെ സ്രാവുകളുണ്ടായിരുന്നു. പിന്നീട് മരണത്തെ വെല്ലുവിളിച്ച് ഒഴുക്കിനെതിരെ നീന്താൻ തന്നെ അദ്ദേഹം തീരുമാനിച്ചു. മരണത്തെ മുഖാമുഖം കണ്ട ഞാന്‍ ആദ്യം വല്ലാതെ ഭയപ്പെട്ടു. എന്ത് വന്നാലും വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് മനസ്സിലുറപ്പിച്ച് നീന്തുകയായിരുന്നുവെന്ന് ജോണ്‍ പറഞ്ഞു. ഗോഫണ്ട് മീ എന്ന വെബ്സൈറ്റിലാണ് ജോണ്‍ തന്റെ ജീവിതത്തിലെ അതിസാഹസികമായ സംഭവങ്ങള്‍ വിശദീകരിച്ച് എഴുതിയിരിക്കുന്നത്.
രാത്രിയിലായിരുന്നു വെള്ളത്തില്‍ വീണുപോയതെന്ന് ജോണിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ ഒരു വിധത്തില്‍ ചന്ദ്രനെ നോക്കി അദ്ദേഹം ദിശ കണ്ടുപിടിച്ചു. അങ്ങനെയാണ് നീന്തി കരയിലെത്തിയതെന്ന് ജോണ്‍ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.