തന്നെ പരിഹസിച്ച ഡൊണാൾഡ് ട്രംപിന് അതേനാണയത്തിൽ തിരിച്ച് ട്രോളി പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ്.
യുഎസിലെ പുതിയ പ്രസിഡന്റിനെ അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയാണ് ഡൊണാൾഡ് ട്രംപിന് കാലം കാത്തുവെച്ച മറുപടി ഗ്രേറ്റ നൽകിയത്. തെരഞ്ഞെടുപ്പ് ഫലം ട്രംപിന് അനുകൂലമാകുന്ന സാഹചര്യമല്ല നിലിവിലുള്ളത്.
ഒരു വർഷം മുമ്പായിരുന്നു ഗ്രേറ്റയെ പരിഹസിച്ചുള്ള ട്രംപിന്റെ ട്വീറ്റ് എത്തുന്നത്. ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി ഇയർ ആയി ഗ്രേറ്റയെ തിരഞ്ഞെടുത്തിരുന്നു. ഇതിനുള്ള പ്രതികരണമായിട്ടായിരുന്നു 17 വയസ്സുള്ള ഗ്രേറ്റയെ അമേരിക്കൻ പ്രസിഡന്റ് പരസ്യമായി പരിഹസിച്ചത്.
"എന്തൊരു പരിഹാസ്യം, ദേഷ്യം നിയന്ത്രിക്കാൻ പഠിക്കൂ, എന്നിട്ട് സുഹൃത്തിനൊപ്പം പോയി സിനിമയൊക്കെ കാണൂ. ചിൽ ഗ്രേറ്റ, ചിൽ! " എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
ഐക്യരാഷ്ട്ര സഭയിൽ പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിൽ ലോക നേതാക്കളെ വിമർശിച്ച് ഗ്രേറ്റ നടത്തിയ പ്രസിദ്ധമായ പ്രസംഗത്തേയും ട്രംപ് പരിഹസിച്ചിരുന്നു.
ഒരു വർഷത്തിന് ശേഷം തന്നെ പരിഹസിക്കാൻ ഉപയോഗിച്ച അതേവാക്കുകൾ ട്രംപിന് തിരിച്ചു നൽകിയിരിക്കുകയാണ് ഗ്രേറ്റ. തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്നും വോട്ടെണ്ണൽ നിർത്തിവെക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ട്രംപിന്റെ ട്വീറ്റിന് ഗ്രേറ്റയുടെ മറു ട്വീറ്റ് ഇങ്ങനെ,
"എന്തൊരു പരിഹാസ്യം, ദേഷ്യം നിയന്ത്രിക്കാൻ ഡൊണാൾഡ് പഠിക്കണം. പോയി സുഹൃത്തിനൊപ്പം ഒരു സിനിമയൊക്കെ കാണൂ, ചിൽ ഡൊണാൾഡ്, ചിൽ"- ഗ്രേറ്റയുടെ ട്വീറ്റ് ഇതിനകം വൈറലാണ്. നിരവധി പേരാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, അമേരിക്കയിലെ പുതിയ പ്രസിഡന്‍റിനെ ഇന്ന് അറിയാനാകുമെന്നാണ് സൂചന. സിഎൻഎൻ റിപ്പോർട്ട് പ്രകാരം നിലവിലെ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ട്രംപിന് 213 ഇലക്ട്രൽ വോട്ടും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബിഡന് 253 വോട്ടുകളുമാണുള്ളത്. ബിഡന് 264 വോട്ടും ട്രംപിന് 214 വോട്ടും ലഭിച്ചതായി അസോസിയേറ്റഡ് പ്രസ് പോലെയുള്ള വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇപ്പോൾ പുരോഗമിക്കുന്ന നാലു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് ഫലം നിർണിയിക്കുക. ഇതിൽ വോട്ടെണ്ണൽ അന്തിമഘട്ടത്തിലെത്തിയ ജോർജിയയിലെയും പെൻസിൽവാനിയയിലെയും ഫലമാണ് ഏവരും ഉറ്റുനോക്കുന്നത്. ഇവിടെ രണ്ടിടത്തും ജോ ബിഡൻ നടത്തിയ മുന്നേറ്റം മത്സരം ഉദ്വേഗജനകമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.