US Election Results 2020 | അമേരിക്കയുടെ പുതിയ പ്രസിഡന്‍റിനെ ഇന്നറിയാം; ഗതി നിർണയിക്കാൻ ജോർജിയയിലെയും പെൻസിൽവാനിയയിലെയും ഫലങ്ങൾ

Last Updated:

സിഎൻഎൻ റിപ്പോർട്ട് പ്രകാരം നിലവിലെ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ട്രംപിന് 213 ഇലക്ട്രൽ വോട്ടും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബിഡന് 253 വോട്ടുകളുമാണുള്ളത്.

വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഏറെ ഉദ്വേഗജനകമായ നിലയിലേക്ക് എത്തി. പുതിയ പ്രസിഡന്‍റിനെ ഇന്ന് അറിയാനാകുമെന്നാണ് സൂചന. സിഎൻഎൻ റിപ്പോർട്ട് പ്രകാരം നിലവിലെ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ട്രംപിന് 213 ഇലക്ട്രൽ വോട്ടും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബിഡന് 253 വോട്ടുകളുമാണുള്ളത്. അതേസമയം ബിഡന് 264 വോട്ടും ട്രംപിന് 214 വോട്ടും ലഭിച്ചതായി അസോസിയേറ്റഡ് പ്രസ് പോലെയുള്ള വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോൾ പുരോഗമിക്കുന്ന നാലു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് ഫലം നിർണിയിക്കുക. ഇതിൽ വോട്ടെണ്ണൽ അന്തിമഘട്ടത്തിലെത്തിയ ജോർജിയയിലെയും പെൻസിൽവാനിയയിലെയും ഫലമാണ് ഏവരും ഉറ്റുനോക്കുന്നത്. ഇവിടെ രണ്ടിടത്തും ജോ ബിഡൻ നടത്തിയ മുന്നേറ്റം മത്സരം ഉദ്വേഗജനകമാക്കിയിട്ടുണ്ട്.
99 ശതമാനം വോട്ടെണ്ണി കഴിഞ്ഞ ജോർജിയയിൽ ട്രംപിന് 3500ൽപ്പരം വോട്ടുകളുടെ ലീഡാണുള്ളത്. കഴിഞ്ഞ ദിവസം 30000ൽ അധികം വോട്ടുകൾക്കാണ് ഇവിടെ ട്രംപ് ലീഡ് ചെയ്തിരുന്നത്. അന്തിമ വോട്ടുകൾ ഇവിടെ ഏറെ നിർണായകമാണ്. ജോർജിയയിൽ 16 ഇലക്ട്രൽ വോട്ടുകളാണുള്ളത്. 20 ഇലക്ട്രൽ വോട്ടുകളുള്ള പെൻസിൽവാനിയയിലും ജോ ബിഡൻ അഭൂതപൂർവ്വമായ മുന്നേറ്റമാണ് നടത്തിയത്. ഇവിടെ ട്രംപിന്‍റെ ലീഡ് കഴിഞ്ഞ ദിവസത്തെ ഒന്നരലക്ഷത്തിൽനിന്ന് 65000 ആയി ചുരുക്കാൻ ബിഡന് സാധിച്ചു.
അതേസമയം തെരഞ്ഞെടുപ്പിൽ യഥാർഥ വിജയി താൻ ആണെന്ന് ട്രംപ് ഒരിക്കൽ കൂടി അവകാശപ്പെട്ടു. ഡെമോക്രാറ്റുകൾ നിയമവിരുദ്ധമായ വോട്ടുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിന് തെളിവുണ്ടെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. നിയമപരമായി പരിശോധിച്ചാൽ താൻ എളുപ്പത്തിൽ തെരഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും എണ്ണാൻ അധികൃതർ തയ്യാറാകണമെന്ന് ജോ ബിഡൻ ആവശ്യപ്പെട്ടു. “ജനങ്ങൾ നിശ്ശബ്ദരാകുകയോ ഭയപ്പെടുകയോ കീഴടങ്ങുകയോ ചെയ്യില്ല. എല്ലാ വോട്ടുകളും എണ്ണണം, ” ബിഡൻ ട്വീറ്റ് ചെയ്തു.
advertisement
അതേസമയം വോട്ടെണ്ണൽ അന്തിമഘട്ടത്തിലെത്തിയപ്പോൾ നിയമപോരാട്ടവും മുറുകകയാണ്. നാലു സംസ്ഥാനങ്ങളിലെ മത്സരഫലത്തിനെതിരെ ട്രംപിന്‍‌റെ റിപ്പബ്ലിക്കൻ പാർട്ടി കോടതിയെ സമീപിച്ചു. നെവാദയ്‌ക്കു പുറമെ ജോർജിയ, പെൻസിൽവാനിയ, നോർത്ത് കരോലിന എന്നീ ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിലാണ്‌ ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ. ഈ നാല്‌ സംസ്ഥാനവും ലഭിച്ചാൽ മാത്രമേ ട്രംപിന്‌ ജയിക്കാനാകൂ.
അമേരിക്കൻ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ വോട്ട്‌ ചെയ്‌ത യുഎസ്‌ കോൺഗ്രസിന്റെ പ്രതിനിധിസഭയിലും സെനറ്റിലും ആർക്കും ഇതുവരെ ഭൂരിപക്ഷം ആയിട്ടില്ല. 435 അംഗ പ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾക്ക്‌ 208 സീറ്റും റിപ്പബ്ലിക്കൻ പാർട്ടിക്ക് 190 സീറ്റുമായി. 37 സീറ്റിൽ കൂടി ഫലം അറിയാനുണ്ട്‌. 100 അംഗ സെനറ്റിൽ റിപ്പബ്ലിക്കന്മാർക്ക്‌ 48, ഡെമോക്രാറ്റുകൾക്ക്‌ 46 എന്നാണ്‌ ഒടുവിലെ നില. രണ്ട്‌ സ്വതന്ത്രരും സഭയിലുണ്ട്‌. നാല്‌ സീറ്റിലെ ഫലം വരാനുണ്ട്‌.
മലയാളം വാർത്തകൾ/ വാർത്ത/World/
US Election Results 2020 | അമേരിക്കയുടെ പുതിയ പ്രസിഡന്‍റിനെ ഇന്നറിയാം; ഗതി നിർണയിക്കാൻ ജോർജിയയിലെയും പെൻസിൽവാനിയയിലെയും ഫലങ്ങൾ
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement