ഈ ദ്വീപിൽ നിന്ന് ആടുകളെ സൗജന്യമായി വാങ്ങാം; കാരണം ഇതാ
- Published by:Rajesh V
- trending desk
Last Updated:
ദ്വീപിലെ ജനസംഖ്യ 100 മാത്രമാണെന്നിരിക്കെ 600 ഓളം ആടുകളാണ് ദ്വീപിൽ സ്വതന്ത്രമായി വിഹരിക്കുന്നത്
ആവശ്യക്കാർക്ക് ആടുകളെ സൗജന്യമായി നൽകി ഇറ്റാലിയൻ ദ്വീപായ അലിക്കുഡി. ദ്വീപിൽ ആടുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെത്തുടർന്നാണ് ഇത്തരമൊരു നടപടിയുമായി ഭരണകൂടം മുന്നോട്ട് വന്നത്. സിസിലിയുടെയും ഇറ്റലിയുടെയും തീരത്ത് സ്ഥിതി ചെയ്യുന്ന അയോലിയൻ ദ്വീപ സമൂഹങ്ങളിൽ ഉൾപ്പെടുന്ന ഏഴോളം ദ്വീപുകളിൽ ഒന്നാണ് അലിക്കുഡി. ദ്വീപിലെ ജനസംഖ്യ 100 മാത്രമാണെന്നിരിക്കെ 600 ഓളം ആടുകളാണ് ദ്വീപിൽ സ്വതന്ത്രമായി വിഹരിക്കുന്നത്.
അലിക്കുഡിയിലെ ഒരു കർഷകനാണ് ദ്വീപിലേക്ക് ആദ്യമായി ആടുകളെ എത്തിക്കുന്നത്. കുന്നിന്റെയും പാറക്കെട്ടുകളുടെയും മുകളിലായിരുന്നു ആദ്യം ഇവയുടെ കേന്ദ്രമെങ്കിലും കാലക്രമേണ ആടുകളുടെ എണ്ണം പെരുകിയതോടെ അവ ജനവാസ മേഖലകളിലേക്ക് എത്തുകയും പൂന്തോട്ടങ്ങളും മറ്റും നശിപ്പിക്കാനും തുടങ്ങി. ഈ പ്രവണത കൂടി വന്നത് ജന ജീവിതത്തിന് തടസ്സം സൃഷ്ടിച്ചതിനെത്തുടർന്നാണ് മേയർ റിക്കാർഡോ ഗുല്ലോയുടെ നേതൃത്വത്തിൽ “അഡോപ്റ്റ് എ ഗോട്ട്” എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചത്.
ആവശ്യക്കാർക്ക് ആടുകളെ കൈമാറുകയും ഇതിലൂടെ ദ്വീപിൽ ആടുകളുടെ എണ്ണം കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ആടുകൾക്കായി ആർക്കും അപേക്ഷ സമർപ്പിക്കാം. 50 ആടുകളെ വരെ ഒരാൾക്ക് വാങ്ങാം. ആവശ്യമുള്ളവർ 1400 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച അപേക്ഷ ഏപ്രിൽ 10 ന് മുൻപായി സമർപ്പിക്കണം. അപേക്ഷ പരിശോധിച്ച ശേഷം യോഗ്യരായവർക്ക് ആടുകളെ ദ്വീപിൽ നിന്നും കൊണ്ടു പോകാൻ 15 ദിവസത്തെ സമയമാണ് ലഭിക്കുക. ആടുകളുടെ എണ്ണം 100 ആകുന്നതുവരെ പദ്ധതി തുടരുമെന്ന് മേയറായ റിക്കാർഡോ അറിയിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 09, 2024 9:57 PM IST


