HOME /NEWS /Buzz / കോവിഡ് പ്രതിരോധത്തിൽ കരുത്തായത് നായനാരുടെ കാലത്തെ അധികാരവികേന്ദ്രീകരണം: മുഖ്യമന്ത്രി പിണറായി വിജയൻ

കോവിഡ് പ്രതിരോധത്തിൽ കരുത്തായത് നായനാരുടെ കാലത്തെ അധികാരവികേന്ദ്രീകരണം: മുഖ്യമന്ത്രി പിണറായി വിജയൻ

ചിത്രത്തിന് കടപ്പാട്- കെ. മോഹനൻ, ദേശാഭിമാനി

ചിത്രത്തിന് കടപ്പാട്- കെ. മോഹനൻ, ദേശാഭിമാനി

'നമ്മളിന്നു കാണുന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എത്തിക്കുന്നത് നായനാരുടെ ഭരണകാലത്ത് നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണമാണ്'

  • Share this:

    തിരുവനന്തപുരം: ഭരണാധികാരി എന്ന നിലയിൽ കേരള സമൂഹത്തിന്‍റെ വളർച്ചയിൽ അമൂല്യമായ പങ്ക് വഹിച്ചയാളാണ് ഇ.കെ നായനാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നായനാരുടെ 16-ാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 'കേരളത്തിന്‍റെ ഏറ്റവും വലിയ കരുത്താണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്ന് ഈ കോവിഡ് പ്രതിരോധ നാളുകളിൽ ലോകം തിരിച്ചറിയുന്നു. നമ്മളിന്നു കാണുന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എത്തിക്കുന്നത് നായനാരുടെ ഭരണകാലത്ത് നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണമാണ്. അതാതു പ്രദേശത്തെ ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലെല്ലാം അവയ്ക്ക് കൂടുതൽ ഉത്തരവാദിത്വം കൈവന്നു. തദ്ദേശീയമായ പദ്ധതികൾ ആവിഷ്ക്കരിച്ച് ഗ്രാമീണ വികസനം ഊർജ്ജിതപ്പെടുത്താൻ സാധിച്ചു. ഈ നയത്തിൻ്റെ ഭാഗമായി വളർന്നു വന്ന നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരുത്തിലാണ് പ്രളയവും കൊറോണയും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ ചെറുത്തു നിൽക്കാനും മറികടക്കാനും നമുക്ക് കഴിയുന്നത്'- പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

    മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    സഖാവ് നായനാരെ ഓർക്കാൻ ഒരു പ്രത്യേക ദിവസം വരേണ്ടതില്ല. എന്നും മനസ്സിൽ കടന്നെത്തുന്ന സ്മരണയും ഊർജ്ജവും പ്രചോദനവുമാണ് സഖാവ്. ഇ.കെ നായനാരോളം കേരള ജനത നെഞ്ചിലേറ്റിയ നേതാക്കൾ അധികം ഉണ്ടായിട്ടില്ല. അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേയ്ക്ക് പതിനാറ് വർഷം തികയുകയാണ്.

    ഏറ്റവും കഠിനമായ രാഷ്ട്രീയ കാലാവസ്ഥയിൽ ഒഴുക്കിനെതിരെ നീന്തിയ പോരാളിയാണ്

    സ. നായനാർ. ഒരു പക്ഷേ, രാഷ്ട്രീയ വ്യക്തിത്വം എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും അദ്ദേഹം കേരളത്തിനർപ്പിച്ച സംഭാവനകളുടെ മഹത്വം ഇത്രമേൽ പ്രസക്തമായ മറ്റൊരു കാലം വേറെയില്ല. കോളറയോടും, വസൂരിയോടും മല്ലടിച്ച ജനതയ്ക്ക് അതിജീവനത്തിന്റെ കരുത്തു പകർന്നു നൽകിയ കമ്മ്യൂണിസ്ററ് പാരമ്പര്യമാണ് സഖാവ് നായനാരുടെ ജീവിത പഥത്തിലെ നിറ വെളിച്ചം. ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ മഹാമാരിയോട് നേർക്ക് നേർ പൊരുതിനിൽക്കാനുള്ള നമ്മുടെ ഊർജവും ആ വെളിച്ചമാണ്.

    ചെറുപ്രായത്തിൽ ദേശീയ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവന്ന സഖാവിന്‍റെ ജീവിതം ആധുനിക കേരളത്തിന്‍റെ ചരിത്രത്തിലെ തുടിക്കുന്ന സാന്നിധ്യമാണ്. ജന്മിത്വത്തിന് അന്ത്യം കുറിച്ച ഐതിഹാസിക കർഷക പോരാട്ടങ്ങളിൽ - കയ്യൂരിലും, മൊറാഴയിലും - സഖാവിന്റെ ജ്വലിക്കുന്ന മുദ്രയുണ്ട്. നാലു വർഷത്തെ ജയിൽ ജീവിതവും, പതിനൊന്നു വർഷം വരെ നീണ്ട ഒളിവു ജീവിതവും ഉൾപ്പെട്ട ത്യാഗോജ്ജ്വലമായ ഒരു സമര കാലഘട്ടം പിന്നിട്ടാണ് നായനാർ എന്ന കമ്മ്യൂണിസ്റ്റ് ജനകോടികളുടെ ഹൃദയത്തിൽ കുടിയേറിയത്.

    ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ മാനുഷിക മൂല്യങ്ങൾ എക്കാലവും സഖാവ് ഉയർത്തിപ്പിടിച്ചിരുന്നു. ദരിദ്രരായ മനുഷ്യരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവയ്ക്ക് രാഷ്ടീയ പരിഹാരങ്ങൾ കണ്ടെത്താനും മുന്നിൽ നിന്നു. വേദനയനുഭവിക്കുന്നവരെ ഹൃദയത്തോട് ചേർത്തു പിടിച്ചു. അവരുടെ ദുഃഖത്തിൽ കരയുകയും സന്തോഷത്തിൽ പങ്കു ചേരുകയും ചെയ്തു.

    ഭരണാധികാരി എന്ന നിലയിലും കേരള സമൂഹത്തിന്‍റെ വളർച്ചയിൽ അമൂല്യമായ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. സമ്പൂർണ്ണ സാക്ഷരത കൈവരിക്കാൻ കേരളത്തെ പ്രാപ്തമാക്കിയ മുന്നേറ്റത്തിൻ്റെ അമരത്ത് നായനാർ ഉണ്ടായിരുന്നു. കർഷകത്തൊഴിലാളി പെൻഷനും മാവേലി സ്‌റ്റോറുകളും തുടങ്ങി ദരിദ്രരായവരുടെ ക്ഷേമത്തിനു വേണ്ടി നിരവധി പദ്ധതികൾ നടപ്പാക്കാൻ അദ്ദേഹം നേതൃത്വം നൽകി. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐടി പാർക്ക് കേരളത്തിൽ ആരംഭിച്ചത് നായനാരുടെ ഭരണകാലത്താണ്. സമൂഹത്തിലെ നവ ചലനങ്ങളോടുള്ള ഒരു കമ്മ്യൂണിസ്റ്റിന്റെ ക്രിയാത്മകതയും ദീർഘദർശിത്വവും നിറഞ്ഞ സമീപനത്തിന്റെ ദൃഷ്ടാന്തമാണ് നമ്മുടെ ഐടി വികസനത്തിന്റെ അടിത്തറയായി മാറിയ ടെക്‌നോപാർക്ക്.

    കേരളത്തിന്‍റെ ഏറ്റവും വലിയ കരുത്താണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്ന് ഈ കോവിഡ് പ്രതിരോധ നാളുകളിൽ ലോകം തിരിച്ചറിയുന്നു. നമ്മളിന്നു കാണുന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എത്തിക്കുന്നത് നായനാരുടെ ഭരണകാലത്ത് നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണമാണ്. അതാതു പ്രദേശത്തെ ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലെല്ലാം അവയ്ക്ക് കൂടുതൽ ഉത്തരവാദിത്വം കൈവന്നു. തദ്ദേശീയമായ പദ്ധതികൾ ആവിഷ്ക്കരിച്ച് ഗ്രാമീണ വികസനം ഊർജ്ജിതപ്പെടുത്താൻ സാധിച്ചു. ഈ നയത്തിന്‍റെ ഭാഗമായി വളർന്നു വന്ന നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരുത്തിലാണ് പ്രളയവും കൊറോണയും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ ചെറുത്തു നിൽക്കാനും മറികടക്കാനും നമുക്ക് കഴിയുന്നത്.

    TRENDING:News18 Impact: അതിര്‍ത്തിക്കപ്പുറമിപ്പുറം നിന്ന വധൂവരന്മാര്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷം മാംഗല്യം [NEWS]ഇന്ത്യൻ വംശജയായ 10 വയസുകാരിക്ക് ട്രംപിന്റെ ആദരവ് [NEWS]കമ്മ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് 'കഞ്ചാവാ'ക്കി നൽകി; കാശുപോയവർ യുവാവിനെ തട്ടിക്കൊണ്ടുപോയി; നാലുലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു [NEWS]

    സ. നായനാർ ഒരു രക്ഷിതാവിനെ പോലെ രാഷ്ട്രീയ രംഗത്തു നയിച്ചിട്ടുണ്ട്. വ്യക്തിപരമായ അനുഭവങ്ങൾ ഒട്ടേറെയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ഒട്ടും പതറാതെ നിലകൊള്ളാനും ആക്രമണങ്ങളെ സധൈര്യം നേരിടാനും സ്വന്തം ജീവിതം കൊണ്ടാണ് സഖാവ് ചുറ്റുമുള്ളവരെ പഠിപ്പിച്ചത്.

    രണ്ടാം ലോക മഹായുദ്ധ കാലത്ത് കോളറ പടർന്നു പിടിക്കുമ്പോൾ കണ്ണൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച സന്നദ്ധ സേനയുടെ മുൻനിരയിൽ നിർഭയം പ്രവർത്തിച്ച നായനാരുടെ ഓർമ്മകൾ ഈ ഘട്ടത്തിൽ നമ്മളിൽ എന്തെന്നില്ലാത്ത ധൈര്യം പകരുകയാണ്. സഖാവ് വെളിച്ചം വിതറിയ വഴികളിലൂടെ നമുക്ക് ഈ ദുർഘടകാലത്തെ കടന്നു മുന്നോട്ടു പോകാം. സഖാവ് നായനാർക്ക് ആദരാഞ്ജലികൾ.

    First published:

    Tags: Cm pinarayi vijayan, Coronavirus, Covid 19 in Kerala, E k nayanar, Janakeeyasoothranam, Nayanar era, Tackle covid