തക്കാളിയുടെ തീവിലയിൽ വൻ ലാഭം; 2000 പെട്ടി വിറ്റ കർഷകന് 38 ലക്ഷം
- Published by:Sarika KP
- news18-malayalam
Last Updated:
കര്‍ണാടകയിലെ കോളാര്‍ ജില്ലയില്‍ വിലയിടിവ് മൂലം നിരവധി കര്‍ഷകര്‍ തക്കാളി കൃഷി ഏതാനും മാസം മുമ്പ് ഉപേക്ഷിച്ചിരുന്നു.
കോളാര്‍: കര്‍ണാടകയില്‍ കര്‍ഷക സഹോദരങ്ങള്‍ തങ്ങളുടെ ഭൂമിയില്‍ കൃഷി ചെയ്ത തക്കാളി വിറ്റത് 38 ലക്ഷം രൂപയ്ക്ക്. പ്രഭാകര്‍ ഗുപ്തയും സഹോദരങ്ങളും കൃഷിചെയ്‌തെടുത്ത ഏകദേശം 2000 പെട്ടി തക്കാളിയാണ് പൊന്നുംവിലയ്ക്ക് വിറ്റുപോയത്. 40 വര്‍ഷത്തോളമായി കൃഷി ചെയ്യുന്ന ഇവര്‍ക്ക് ബെതാമംഗള ജില്ലയില്‍ 40 ഏക്കര്‍ കൃഷിസ്ഥലമുണ്ട്. മികച്ച ഗുണമേന്മയുള്ള തക്കാളിയാണ് ഇവർ കൃഷി ചെയ്യുന്നതെന്ന് ബന്ധുവായ സുരേഷ് ഗുപ്ത പറഞ്ഞു. കള, കീടനാശിനികളെക്കുറിച്ച് നല്ല അറിവുള്ള ഇവര്‍ വിളകളെ കീടങ്ങളില്‍ നിന്നും ശരിയായ രീതിയില്‍ സംരക്ഷിക്കുന്ന രീതിയിലാണ് കൃഷി ചെയ്യുന്നതെന്നും സുരേഷ് പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് 15 കിലോഗ്രാം ഭാരമുള്ള ഒരു പെട്ടി തക്കാളിക്ക് 800 രൂപ നിരക്കില്‍ വിറ്റുപോയിരുന്നുവെന്നും ഇത്തവണ 15 കിലോ ഗ്രാമിന്റെ ഒരു പെട്ടിക്ക് 1900 രൂപ വെച്ചാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ കോളാര്‍ ജില്ലയില്‍ വിലയിടിവ് മൂലം നിരവധി കര്‍ഷകര്‍ തക്കാളി കൃഷി ഏതാനും മാസം മുമ്പ് ഉപേക്ഷിച്ചിരുന്നു.
ചിന്താമണി താലൂക്കിലുള്‍പ്പെട്ട വൈജാക്കൂര്‍ ഗ്രാമത്തിലെ വെങ്കിട്ടരമണ റെഡ്ഡി എന്ന കര്‍ഷകന്‍ 15 കിലോഗ്രാമിന്റെ ഒരു പെട്ടി തക്കാളി 2200 രൂപയ്ക്ക് വിറ്റിരുന്നു. ഒരേക്കര്‍ സ്ഥലത്താണ് താന്‍ തക്കാളി കൃഷി ചെയ്യുന്നതെന്നും കോളാറിലെ എപിഎംസി ചന്തയില്‍ 54 പെട്ടി തക്കാളി വിറ്റതായും അദ്ദേഹം പറഞ്ഞു. 36 പെട്ടി തക്കാളിയാണ് ബോക്‌സ് ഒന്നിന് 2200 രൂപയ്ക്ക് വിറ്റത്. ബാക്കിയുള്ള തക്കാളികൾ 1800 രൂപയ്ക്കാണ് വില്‍ക്കാനായത്. 3.3 ലക്ഷം രൂപയാണ് അദ്ദേഹം തക്കാളി വില്‍പ്പനയിലൂടെ നേടിയത്.
advertisement
തക്കാളിയുടെ വിതരണം കുറഞ്ഞതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് തക്കാളിയുടെ വലിയതോതിലുള്ള വില്‍പ്പന നടക്കുന്ന കെആര്‍എസ് ചന്തയിലെ കച്ചവടക്കാരനായ സുധാകര റെഡ്ഡി പറഞ്ഞു. 2200 രൂപ മുതല്‍ 1900 രൂപ വരെ വിലയ്ക്കാണ് ഒരു പെട്ടി തക്കാളി ചൊവ്വാഴ്ച ഇവിടെ നിന്ന് വിറ്റുപോയതെന്ന് അദ്ദേഹം പറഞ്ഞു. 2021 നവംബറില്‍ 15 കിലോയുടെ ഒരു പെട്ടി തക്കാളി 2000 രൂപയ്ക്ക് വിറ്റിരുന്നുവെന്നും സുധാകര റെഡ്ഡി ഓര്‍ത്തെടുത്തു. അതേസമയം, കീടശല്യം തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
വിപണിയില്‍ തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കാൻ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പുതിയ പദ്ധതികളുമായി രംഗത്തെത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും തക്കാളി സംഭരിച്ച് വിലക്കയറ്റം കൂടുതലുള്ള സ്ഥലങ്ങളിലെത്തിക്കാന്‍ നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (NAFED), നാഷണല്‍ കോ-ഓപ്പറേറ്റിവ് കണ്‍സ്യൂമേര്‍സ് ഫെഡറേഷന്‍ (NCCF) എന്നിവയ്ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
July 13, 2023 10:06 AM IST