ബൈജൂസിലെ ജോലി പോയ ശേഷം ഫുഡ് ഡെലിവറിക്കിറങ്ങി; പുതിയ ജോലി കണ്ടെത്താൻ സഹായിച്ചത് കസ്റ്റമർ
- Published by:Vishnupriya S
- news18-malayalam
Last Updated:
ബെംഗളൂരു സ്വദേശിയായ പ്രിയാൻഷി ചന്ദേലിന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ നിന്നാണ് കഥകയുടെ തുടക്കം
ജോലി നഷ്‌ടപ്പെട്ടതിനെ തുടർന്ന് സ്വിഗി ഡെലിവറിക്കിറങ്ങിയ യുവാവിന് സഹായമായി ലിങ്ക്ഡ്ഇൻ ഉപയോക്താക്കൾ. ബെംഗളൂരു സ്വദേശിയായ പ്രിയാൻഷി ചന്ദേലിന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ നിന്നാണ് കഥകയുടെ തുടക്കം. ബിടെക് ബിരുദധാരിയായ ഒരാളാണ് തന്റെ സ്വിഗി ഓർഡർ ഡെലിവർ ചെയ്തതെന്ന് ഈ പോസ്റ്റിൽ പറഞ്ഞിരുന്നു. ബൈജൂസിലും നിഞ്ചാകാർട്ടിലും താൻ ജോലി ചെയ്തിരുന്നെന്നും എന്നാൽ കോവിഡ് മഹാമാരിയുടെ സമയത്ത് ജോലി നഷ്ടപ്പെട്ടെന്നും സാഹിൽ സിംഗ് എന്ന സ്വിഗി ഡെലിവറി ബോയ് ചന്ദേലിനോട് പറഞ്ഞിരുന്നു.
മറ്റൊരു ജോലിയും ലഭിക്കാത്തതിനാൽ സ്വിഗി ഡെലിവറിക്ക് പോകാൻ ആരംഭിച്ചതാണ് എന്നും സിംഗ് ചന്ദേലിനോട് പറഞ്ഞു. എന്നാൽ ഇതു കൊണ്ടും വാടക കൊടുക്കാൻ തികയില്ല. ഒരാഴ്ചയായി ചായയും വെള്ളവും മാത്രം കുടിച്ചാണ് ജീവിച്ചത്. തന്റെ യുലു ബൈക്ക് റീചാർജ് ചെയ്യാൻ പണമില്ലാത്തതിനാൽ മൂന്ന് കിലോമീറ്ററോളം നടന്നാണ് സാഹിൽ ചന്ദേലിന്റെ ഓർഡർ എത്തിച്ചു നൽകിയത്.
advertisement
”മാഡം, എനിക്ക് യാത്ര ചെയ്യാൻ മറ്റു വാഹനം ഇല്ല, നിങ്ങളുടെ ഓർഡർ ഇവിടെ എത്തിക്കാൻ ഞാൻ മൂന്നു കിലോമീറ്ററോളം നടന്നു. എന്റെ കയ്യിൽ ആവശ്യത്തിന് പണമില്ല. ഞാൻ ഇസിഇ ബിരുദധാരിയാണ്. കോവിഡിനു മുൻപ് ഞാൻ ബൈജൂസിലും നിഞ്ചാകാർട്ടിലും ജോലി ചെയ്തിരുന്നു. ഈ ഓർഡർ ഡെലിവറി ചെയ്താൽ എനിക്ക് ഇരുപതോ ഇരുപത്തിയഞ്ചോ രൂപ മാത്രമേ ലഭിക്കൂ. 12 മണിക്കു മുൻപ് ഈ പ്രദേശത്തു തന്നെ എനിക്ക് മറ്റൊരു ഡെലിവറി ലഭിച്ചില്ലെങ്കിൽ അവർ എന്നെ ദൂരെ എവിടെയെങ്കിലും ഡെലിവറിക്ക് അയയ്ക്കും. എനിക്ക് ബൈക്ക് ഇല്ല. ഞാൻ ഒരാഴ്ചയായി ഭക്ഷണം കഴിച്ചിട്ടില്ല. വെള്ളവും ചായയും മാത്രം കുടിച്ചാണ് ജീവിക്കുന്നത്”, എന്നും സാഹിൽ സിംഗ് തന്നോട് പറഞ്ഞതായി പ്രിയാൻഷി ചന്ദേൽ ലിങ്ക്ഡ്ഇനിൽ കുറിച്ചു.
advertisement
ഒരു ജോലി കണ്ടെത്താൻ തന്നെ സഹായിക്കാമോ എന്നും ഈ യുവാവ് ചന്ദേലിനോട് അഭ്യർത്ഥിച്ചു. ഇതിനു മുൻപ് ഒരു മാസം 25,000 രൂപ രൂപ വരെ താൻ സമ്പാദിച്ചിരുന്നതായും പണത്തിനായി മാതാപിതാക്കളെ ആശ്രയിക്കാൻ കഴിയാത്തതിനാൽ ഒരു ജോലി കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും സാഹിൽ സിംഗ് കൂട്ടിച്ചേർത്തു. ഈ യുവാവിന് ആരെങ്കിലും പറ്റിയ ഒരു ജോലി കണ്ടെത്തി നൽകണം എന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രിയാൻഷി ചന്ദേലിന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റ്.
advertisement
”ഈ യുവാവ് പറയുന്നതെല്ലാം സത്യമാണോ അല്ലയോ എന്ന കാര്യം എനിക്ക് ഉറപ്പില്ല. പക്ഷേ ആർക്കെങ്കിലും സഹായിക്കാൻ സാധിക്കുമെങ്കിൽ അതു ചെയ്യൂ”, എന്നും പ്രിയാൻഷി ചന്ദേൽ കുറിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഈ യുവാവിന് ഒരു പുതിയ ജോലി ലഭിച്ചു എന്ന സന്തോഷ വാർത്തയും ചന്ദേൽ പങ്കുവെച്ചു. എന്നാൽ എന്തു ജോലിയാണ് ലഭിച്ചതെന്നോ എവിടെയാണ് ലഭിച്ചതെന്നോ തുടങ്ങിയ വിശദാംശങ്ങൾ ചന്ദേൽ അറിയിച്ചില്ല. ഏതായാലും സോഷ്യൽ മീഡിയ വഴി ഒരാൾക്ക് ജോലി ലഭിച്ചല്ലോ എന്ന സന്തോഷമാണ് ചന്ദേലിന്റെ ഈ സന്തോഷവാർത്തക്കു താഴെ പലരും പങ്കുവെയ്ക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 14, 2023 6:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബൈജൂസിലെ ജോലി പോയ ശേഷം ഫുഡ് ഡെലിവറിക്കിറങ്ങി; പുതിയ ജോലി കണ്ടെത്താൻ സഹായിച്ചത് കസ്റ്റമർ