കാര്യമായി തുമ്മലും തൊണ്ടവേദനയുമായി ക്വലാലംപൂർ ആശുപത്രിയിൽ കോവിഡ് ലക്ഷ്യങ്ങളുമായി എത്തിയതാണ് വിഷ്ണു എന്ന ഈ മലയാളി യുവാവ്. കൊല്ലം സ്വദേശിയാണ്. നാട്ടിൽ അധികാരികളും ആരോഗ്യപ്രവർത്തകരും വീട്ടിൽ വന്ന് വരെ കോവിഡ് ബാധിതരെ ചികിത്സക്ക് കൂട്ടികൊണ്ടു പോകുന്നതാണ് സാഹചര്യമെങ്കിൽ മലേഷ്യയിലെ ദുരിതക്കയത്തിലാണ് ഇദ്ദേഹം. ഒരു ഫേസ്ബുക് വിഡിയോയിൽ തന്റെ ദയനീയാവസ്ഥ പറഞ്ഞ് പൊട്ടിക്കരയുകയാണ് വിഷ്ണു.
"വളരെ റഫ് ആയാണ് എല്ലാവരും പെരുമാറുന്നത്. മലൈ ഭാഷ അറിയില്ല ഇംഗ്ലീഷിൽ സംസാരിക്കാമോ എന്ന അഭ്യർത്ഥന പോലും ചെവിക്കൊണ്ടില്ല. സഹായിക്കാൻ പോലുമുള്ള മനസ്സ് കാണിച്ചില്ല. നാട്ടിലെ 1800 രൂപയോളം രൂപയാണ് ഇവർ ചികിത്സക്കായി ചോദിക്കുന്നത്." കൊറോണയുടെ ലക്ഷണങ്ങൾ തനിക്കുണ്ട് എന്ന് പറയുമ്പോൾ ഇദ്ദേഹത്തിന്റെ തൊണ്ടയിടറുന്നു.
"ഇവിടെ പൈസ മാത്രം മതി. നാട്ടിലാണെങ്കിൽ ഈ പ്രശ്നമൊന്നും ഉണ്ടാവില്ലായിരുന്നു." ഡോക്ടർ വന്ന് ചികിത്സിച്ചാൽ മതിയെന്നേ ഉള്ളൂ എന്നും ഇദ്ദേഹം വിലപിക്കുന്നു.
ബ്രെഡ്ഡും വെള്ളവും മാത്രം കഴിച്ചാണ് ഇത്രയും ദിവസം തള്ളിനീക്കിയത്. വെറും 30 റിങ്ങറ്റ് മാത്രമേ തന്റെപക്കലുള്ളൂ. ഒരു പാക്കറ്റ് ബ്രെഡിന് മൂന്നു റിങ്ങറ്റ് ആണ് വില. വിസ പുതുക്കലും കഴിഞ്ഞ് മാസാവസാനം കയ്യിൽ ഒന്നുമില്ലാത്ത അവസ്ഥയിലാണിദ്ദേഹം.
"ഒന്ന് നാട്ടിലെത്തിക്കുമോ എന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്. സഹായിക്കാൻ ആരുമില്ല. രാജ്യം വിട്ടാൽ എല്ലായിടത്തും പണം മാത്രമാണ് മുഖ്യം." എന്ന് പറഞ്ഞു പൊട്ടിക്കരയുന്ന അവസ്ഥയിലാണിദ്ദേഹം.
വീഡിയോ വൈറലായതിനെ തുടർന്ന് മലേഷ്യയിലുള്ള ഇന്ത്യൻ എംബസിയും കേരളം മുസ്ലിം കൾച്ചറൽ സെന്ററും ഇടപെട്ട് വിഷ്ണുവിന് ചികിത്സ ഏർപ്പാടാക്കി. കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയാണ് കണ്ടതെന്നും റിപ്പോർട്ട് ഉണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.