• HOME
  • »
  • NEWS
  • »
  • buzz
  • »
  • Cement Road | റോഡിനൊപ്പം ബൈക്കും കോൺക്രീറ്റ് ചെയ്ത് കോർപ്പറേഷൻ; വണ്ടി അനക്കാനാകാതെ ബൈക്ക് ഉടമ

Cement Road | റോഡിനൊപ്പം ബൈക്കും കോൺക്രീറ്റ് ചെയ്ത് കോർപ്പറേഷൻ; വണ്ടി അനക്കാനാകാതെ ബൈക്ക് ഉടമ

ബൈക്ക് മാത്രമല്ല, മറ്റ് റോഡരികിലുണ്ടായിരുന്ന വലിയ കല്ലുകളും മരത്തടികളുമൊക്കെ കോർപ്പറേഷൻറെ സിമെൻറ് റോഡ് നിർമ്മാണത്തിൽ കോൺക്രീറ്റിനൊപ്പം ചേർന്നിട്ടുണ്ട്.

Image: News 18

Image: News 18

  • Share this:
    അർച്ചന ആർ

    വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂരിൽ പുതുതായി നിർമ്മിക്കുന്ന റോഡിൻെറ പണി നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സ്മാർട്ട് സിറ്റി പദ്ധതിയിൽ നിർമ്മിക്കുന്ന റോഡ് പണിക്കിടയിൽ റോഡിൽ നിർത്തിയിട്ടിരുന്ന ബൈക്കും കോൺക്രീറ്റ് ചെയ്തു! ബൈക്ക് റോഡിൽ നിന്ന് എടുക്കാൻ സാധിക്കാത്ത രീതിയിലാണ് കോൺക്രീറ്റ് ചെയ്ത് വെച്ചിരിക്കുന്നത്. വണ്ടിയുടെ ടയറുകൾ അനക്കാൻ പറ്റാത്ത നിലയിലായിരുന്നു. വെല്ലൂർ കോർപ്പറേഷനാണ് റോഡ് പണിയുടെ ചുമതല വഹിക്കുന്നത്. ഈ രീതിയിൽ ബൈക്കും കൂട്ടി കോൺക്രീറ്റ് ചെയ്തത് കോർപ്പറേഷനെ വലിയ നാണക്കേടിലാക്കിയിരിക്കുകയാണ്.

    നഗരത്തിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി റോഡ് നിർമ്മാണത്തിൻെറയും മറ്റ് പ്രവർത്തികളുടെയും ചുമതല വെല്ലൂർ കോർപ്പറേഷനാണ് വഹിക്കുന്നത്. ഇതിനോടകം തന്നെ നിരവധി റോഡുകളുടെ പണികൾ തുടങ്ങിയിട്ടുണ്ട്. വെല്ലൂർ മെയിൻ ബസാറിലെ കാളികമ്പൽ ടെമ്പിൾ സ്ട്രീറ്റിലുള്ള ശിവ എന്നയാളുടെ ബൈക്കാണ് റോഡ് പണിക്കാർ പണിക്കിടയിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചത്.

    സാധാരണ തൻെറ കടയ്ക്ക് മുന്നിലായാണ് ശിവ ബൈക്ക് പാർക്ക് ചെയ്യാറുള്ളത്. റോഡ് പണി നടക്കുന്ന ദിവസവും അങ്ങനെ തന്നെയാണ് ചെയ്തത്. വണ്ടി വെക്കുന്ന സമയത്തൊന്നും തന്നെ പണി തുടങ്ങിയിട്ടുണ്ടായിരുന്നില്ല. രാത്രിയിലാണ് കോർപ്പറേഷൻെറ നേതൃത്വത്തിൽ തൊഴിലാളികൾ റോഡ് കോൺക്രീറ്റ് ചെയ്തത്. പിറ്റേന്ന് രാവിലെ ബൈക്ക് എടുക്കാനെത്തിയ ശിവ ശരിക്കും ഞെട്ടി. തൻെറ കടയുടെ മുന്നിൽ സിമൻറ് റോഡിൽ അനക്കാനാകാത്ത വിധമാണ് ബൈക്ക് ഉണ്ടായിരുന്നത്.

    കോൺക്രീറ്റ് നന്നായി ഉറച്ചതിനാൽ വണ്ടി എടുക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. ടയറുകൾ റോഡിൽ പുതഞ്ഞ അവസ്ഥയിലായിരുന്നു. വണ്ടി അവിടെ നിന്ന് എടുക്കുന്നതിന് ശിവയെ സഹായിക്കുന്നതിന് നാട്ടുകാരും ഒപ്പം ചേർന്നു. എല്ലാവരും ഒത്ത് പിടിച്ചിട്ടും കോൺക്രീറ്റിൽ നിന്ന് ബൈക്കിനെ വേർപെടുത്തിയെടുക്കാൻ സമയമെടുത്തു. മണിക്കൂറുകൾ പണിയെടുത്താണ് കോൺക്രീറ്റിൽ പുതഞ്ഞ ബൈക്ക് ഒരുവിധത്തിൽ റോഡിൽ നിന്ന് വേർപെടുത്തിയെടുത്തത്. വണ്ടി നന്നാക്കിയെടുക്കുന്നതിനും ശിവ ഏറെ പണിപ്പെടേണ്ടി വന്നിട്ടുണ്ട്.

    ഇതോടെ കോർപ്പറേഷൻെറ ‘അത്യപൂർവ’ സിമൻറ് റോഡ് നിർമ്മാണത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് നാട്ടുകാർ. യാതൊരുവിധ മുന്നറിയിപ്പും നൽകാതെയാണ് രാത്രിയിൽ റോഡ് പണി നടന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. തലേന്ന് രാത്രി യാതൊരു സൂചനയും ലഭിക്കാത്തതിനാലാണ് ശിവയും തൻെറ ബൈക്ക് കടയ്ക്ക് മുന്നിൽ സാധാരണ പോലെ നിർത്തിയിട്ട് പോയത്. അല്ലെങ്കിൽ റോഡ് പണിക്കിടയിൽ അവിടെ പാർക്ക് ചെയ്യാൻ സാധ്യത ഇല്ലായിരുന്നു. നേരത്തെ അറിയിപ്പ് ലഭിക്കാതിരുന്നതാണ് ബുദ്ധിമുട്ടിലാക്കിയത്.

    ബൈക്ക് മാത്രമല്ല, മറ്റ് പല വസ്തുക്കളും കോർപ്പറേഷൻറെ സിമെൻറ് റോഡ് നിർമ്മാണത്തിൽ കോൺക്രീറ്റിനൊപ്പം ചേർന്നിട്ടുണ്ട്. റോഡരികിലുണ്ടായിരുന്ന വലിയ കല്ലുകളും മരത്തടികളുമൊക്കെ കോൺക്രീറ്റിനൊപ്പം റോഡിൽ ഒട്ടിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. അശാസ്ത്രീയമായ ഈ റോഡ് നിർമ്മാണത്തിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്. ഇത് വരെ പണിയിൽ സംഭവിച്ചിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അവയെല്ലാം പരിഹരിച്ച് റോഡ് പണി വീണ്ടും നടത്തണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കാൻ തയ്യാറായിരിക്കുകയാണ് കോർപ്പറേഷൻ അധികൃതർ.
    Published by:Naveen
    First published: