കാറിന്റെ പിന്നിൽ നായയെ കെട്ടിയിട്ട് വാഹനം ഓടിച്ചു; ഓടി തളർന്ന നായയെ വലിച്ചിഴച്ച് കാർ, ഒടുവിൽ യാത്രക്കാർ തടഞ്ഞു
കാറിന്റെ പിന്നിൽ നായയെ കെട്ടിയിട്ട് വാഹനം ഓടിച്ചു; ഓടി തളർന്ന നായയെ വലിച്ചിഴച്ച് കാർ, ഒടുവിൽ യാത്രക്കാർ തടഞ്ഞു
ഇതിനിടയിലാണ് ബൈക്കിൽ എത്തുന്നവർ കാറുകാരനോട് വാഹനം നിർത്താൻ ആവശ്യപ്പെടുന്നത്.
വീഡിയോയിൽ നിന്ന്
Last Updated :
Share this:
കാറിന്റെ പിന്നിൽ ഒരു നായയെ കെട്ടിയിട്ട് വാഹനം ഓടിച്ചു പോയതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോ പങ്കുവച്ച് ഒരു മണിക്കൂർ കഴിയുമ്പോഴേക്കും വീഡിയോ ആയിരം പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ടാക്സി കാറിലാണ് നായയെ കെട്ടി വലിക്കുന്നത്. ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ അത്താണി പറവൂർ റൂട്ടിൽ ചാലാക്ക മെഡിക്കൽ കോളജിനടുത്ത് വച്ചാണ് സംഭവം.
കെ എൽ 42 രജിസ്ട്രേഷനിലുള്ള മഹിന്ദ്രയുടെ വെറിറ്റോ വാഹനത്തിന് പിന്നിലാണ് നായയെ കെട്ടിയിട്ടിരിക്കുന്നത്. നായയുടെ കഴുത്തിലെ കയർ വാഹനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നായയെ കെട്ടിയിട്ടതാണോ അതോ നായയുടെ കഴുത്തിലെ കയർ വാഹനത്തിന്റെ പിന്നിൽ കുടുങ്ങിയതാണോ വേറെ ആരെങ്കിലും നായയെ വാഹനത്തിൽ കെട്ടിയിട്ടതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നയന നമ്പ്യാർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് 'ഈ പാപം ഒക്കെ എവിടെ കൊണ്ട് കളയുമോ എന്തോ' എന്ന പേരിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സാമൂഹ്യപ്രവർത്തകയായി രശ്മിത രാമചന്ദ്രൻ വീഡിയോ പങ്കുവച്ചു കൊണ്ട് കുറിച്ചത് ഇങ്ങനെ, 'മനുഷ്യൻ എന്ന ഏറ്റവും ദയാരഹിതനായ ജീവി. നല്ല സ്പീഡിൽ ഓടിക്കൊണ്ടിരിയ്ക്കുന്ന കാറിന്റെ പിറകിൽ ജീവനുള്ള നായയെ കെട്ടിവലിച്ചിഴച്ചു നരകിപ്പിയ്ക്കുന്നു. ചെങ്ങമനാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ അത്താണി പറവൂർ റൂട്ടിൽ ചാലാക്ക മെഡിക്കൽ കോളജിനടുത്ത് വച്ച് നടന്ന സംഭവമാണ്...NB:04842474057 എന്ന നമ്പറിൽ ചെങ്ങമനാട് പോലീസ് സ്റേറഷനുമായി ബന്ധപ്പെട്ടപ്പോൾ ചില മൃഗ സ്നേഹി സംഘടനകൾ ഇടപെട്ടിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്യുന്നെന്നും അറിഞ്ഞു. വാഹനം കണ്ടെടുത്തെന്നും പ്രതിയെ കാണാൻ സാധിച്ചില്ലെന്നും പോലീസ് പറഞ്ഞു.'
മനുഷ്യൻ എന്ന ഏറ്റവും ദയാരഹിതനായ ജീവി...
നല്ല സ്പീഡിൽ ഓടിക്കൊണ്ടിരിയ്ക്കുന്ന കാറിൻ്റെ പിറകിൽ ജീവനുള്ള നായയെ...
കാറിനെ ബൈക്കിൽ പിന്തുടരുന്നവരാണ് വീഡിയോ എടുത്തിരിക്കുന്നത്. വാഹനം നിർത്താൻ അവർ തന്നെ കാറുകാരനോട് ആവശ്യപ്പെടുന്നതും കാണാം. ആദ്യഘട്ടത്തിൽ കാറിന് പിന്നാലെ നായ കിതച്ച് കിതച്ച് ഓടുന്നത് കാണാം. അടുത്ത വീഡിയോയിൽ ഓടിത്തളർന്ന നായ നിലത്തു കിടക്കുകയാണ്. നിലത്തു കിടക്കുന്ന നായയെ വലിച്ചിഴച്ചു കൊണ്ട് കാർ മുന്നോട്ട് പോകുകയാണ്.
ഇതിനിടയിലാണ് ബൈക്കിൽ എത്തുന്നവർ കാറുകാരനോട് വാഹനം നിർത്താൻ ആവശ്യപ്പെടുന്നത്. അതേസമയം, വീഡിയോയ്ക്ക് താഴെ കാറിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ നൽകി ചീത്ത വിളിക്കുന്നവരാണ് ഏറെയും. നിരവധി പേർ കേരള പൊലീസിനെയും ടാഗ് ചെയ്തിട്ടുണ്ട്. കമന്റ് ബോക്സിൽ നിരവധി പേരാണ് ഡ്രൈവറെ ചീത്ത വിളിച്ച് എത്തിയിരിക്കുന്നത്. അതേസമയം, ഇത് ഡ്രൈവർ അറിയാതെ വേറെ ആരെങ്കിലും നായയെ വാഹനത്തിൽ കെട്ടിയിട്ടതാണോ എന്ന് ചോദിക്കുന്നവരുമുണ്ട്. സത്യമറിയാതെ ചീത്ത വിളിക്കരുതെന്ന് ഒരു വിഭാഗം ആളുകൾ പറയുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.