കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സിദ്ദിഖിന്റെ മകന്റെ വിവാഹ ചടങ്ങ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത വിവാഹചടങ്ങായിരുന്നു ഇത്. ഈ ചടങ്ങുമായി ബന്ധപ്പെട്ട ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സിദ്ദിഖിന്റെ മകന്റെ വിവാഹ വേദിയില്‍ നിന്നും എടുത്ത ഒരു ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. വൈകാതെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളോടൊപ്പം രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്ത ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എത്തിയിരുന്നു. മമ്മൂട്ടിയുടേയും മോഹൻലാലിന്‍റെയും നടുക്ക് ഇരിക്കുന്ന ചിത്രമാണ് വി ഡി സതീശൻ പോസ്റ്റ് ചെയ്തത്. 'ഇന്നലെ നടന്‍ സിദ്ദിഖിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സിദ്ദിഖ് എന്നിവരോടൊപ്പം' എന്ന കാപ്ഷനോടെയാണ് ചിത്രം വി ഡി സതീശൻ പങ്കുവെച്ചത്.
സിദ്ദിഖിന് തൊട്ടടുത്തായി ഇരിക്കുന്ന നടന്‍ ദിലീപിനെ ഫോട്ടോയില്‍ നിന്ന് കട്ട് ചെയ്താണ് വി ഡി സതീശൻ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതേ ആങ്കിളിൽ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് പലരും കമന്റുമായി സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നത്. ഇതിൽ സിദ്ദിഖിന്റെ തൊട്ടടുത്ത് ദിലീപിനെയും ബിജു മേനോനെയും കാണാം. അതേസമയം പ്രതിപക്ഷ നേതാവിന്റെ നടപടിയെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ കമന്റുകളാണ് സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പലരും പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്
സോഷ്യൽ മീഡിയയിൽ വന്ന ദിലീപ് കൂടി ഉൾപ്പെടുന്ന ചിത്രം
താരസമ്പന്നമായി സിദ്ദിഖിന്റെ മകന്റെ കല്യാണം
നടന്‍ സിദ്ദിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ദിഖും അമൃതദാസുമായുള്ള വിവാഹം ഇന്നലെ കൊച്ചിയിൽ നടന്നു. താരസമ്പന്നമായിരുന്നു ചടങ്ങ്. കൊച്ചിയിൽ നടന്ന വിവാഹ റിസപ്ഷനിൽ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ എത്തി. ചടങ്ങില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ആന്‍ണി പെരുമ്പാവൂരും എത്തിയിരുന്നു.
വെള്ള ഷർട്ടും മുണ്ടും ധരിച്ച് ക്ലാസ് ലുക്കിലാണ് മമ്മൂട്ടി എത്തിയത്. ബറോസ് ലുക്കിലായിരുന്നു മോഹൻലാൽ. മറൂൺ സ്വെറ്റ് ഷർട്ടിനൊപ്പം ബ്ലാക്ക് ജീൻസും തൊപ്പിയുമാണ് താരം ധരിച്ചിരുന്നത്. ഫെബ്രുവരി 22ന് ആയിരുന്നു ഷഹീൻ സിദ്ദിഖിന്റെ വിവാഹനിശ്ചയം നടന്നത്. ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് ഷഹീന്‍ തന്നെയാണ് വിവാഹക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്‍ത പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. അച്ഛാ ദിന്‍, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീർ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങൾ ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി നായകനായ കുഞ്ഞെൽദോ, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളിലും ഷഹീന്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.