• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'ഇവർ ക്രിസ്ത്യാനിതാലിബാൻ, ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം'; ഈശോ സിനിമയ്ക്ക് പിന്തുണയുമായി സക്കറിയ

'ഇവർ ക്രിസ്ത്യാനിതാലിബാൻ, ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം'; ഈശോ സിനിമയ്ക്ക് പിന്തുണയുമായി സക്കറിയ

''യേശു അഥവാ ഈശോ എന്ന നല്ലവനായ മനുഷ്യൻ ഒരിക്കൽ കണ്ട സുന്ദരമാനവികസ്വപ്നത്തിന്റെ എന്തെങ്കിലും ഒരംശം ഇവിടെ അവശേഷിക്കുന്നുണ്ടെങ്കിൽ അതിനെക്കൂടി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണ് ഈ ക്രിസ്ത്യാനിതാലിബൻ''

Zacharia

Zacharia

 • Share this:
  തിരുവനന്തപുരം: ഈശോ എന്ന സിനിമക്കെതിരെ ക്രൈസ്തവ സംഘടനകൾ നടത്തുന്ന പ്രതിഷേധത്തെ വിമർശിച്ച് എഴുത്തുകാരൻ സക്കറിയ. ഈശോയുടെ പേരിലുള്ള വിഷം ചീറ്റലിനെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ''ദുഷ്ടമനസ്സുകളുടെ വിഡ്ഢിത്തം ആപൽക്കരമായിത്തീരുന്നത് നാദിർഷായ്‌ക്കോ മലയാളസിനിമയ്ക്കോ മുസ്ലിങ്ങൾക്കോ അല്ല, ക്രൈസ്തവർക്ക് തന്നെയാണ്. അവർ താഴ്ത്തികെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്നത് കേരളസംസ്കാരത്തിന്റെ ആധാരശിലയായ സാമുദായികസൗഹാർദം പങ്കുവച്ച് ഇവിടെ ഐശ്വര്യപൂർവം ജീവിക്കുന്ന ക്രൈസ്തവസമൂഹത്തെയാണ്. '- സക്കറിയ വിമർശിക്കുന്നു.

  കുറിപ്പ് ഇങ്ങനെ....

  "ഈശോ": ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം

  കേരളക്രൈസ്തവസഭകളുടെ ചരിത്രത്തിൽ അരങ്ങേറിയിട്ടുള്ള അതീവലജ്‌ജാവഹങ്ങളായ സംഭവികാസങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ നാണംകെട്ട കൂട്ടിച്ചേർക്കലാണ് ഒരു സംഘം ബുദ്ധിശൂന്യരായ പുരോഹിതന്മാരും "വിശ്വാസി"കളും ചേർന്ന് "ഈശോ" എന്ന സിനിമയുടെ പേരിൽ ചെയ്തുവച്ചിരിക്കുന്നത്.

  ഭാഗ്യവശാൽ അവരുടെ സംസ്കാരശൂന്യതയും ഇരുളടഞ്ഞ മനസ്സുകളും ക്രൈസ്തവരിലെ ബഹുഭൂരിപക്ഷം പങ്കുവയ്ക്കുന്നില്ല. ശരാശരി മലയാളിക്രിസ്ത്യാനി വീണ്ടുവിചാരത്തോടെയും പക്വതയോടെയും കേരളത്തിന്റെ സവിശേഷമായ മതമൈത്രീസംസ്കാരത്തിൽ ഇണങ്ങിച്ചേർന്നു ജീവിക്കുന്നു - അങ്ങനെയായിട്ട് ശതാബ്ദങ്ങളായി.

  മേൽപ്പറഞ്ഞ ദുഷ്ടമനസ്സുകളുടെ വിഡ്ഢിത്തം ആപൽക്കരമായിത്തീരുന്നത് നാദിർഷായ്‌ക്കോ മലയാളസിനിമയ്ക്കോ മുസ്ലിങ്ങൾക്കോ അല്ല, ക്രൈസ്തവർക്ക് തന്നെയാണ്. അവർ താഴ്ത്തികെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്നത് കേരളസംസ്കാരത്തിന്റെ ആധാരശിലയായ സാമുദായികസൗഹാർദം പങ്കുവച്ച് ഇവിടെ ഐശ്വര്യപൂർവം ജീവിക്കുന്ന ക്രൈസ്തവസമൂഹത്തെയാണ്. ഒപ്പം മലയാളികളെ ഒന്നടങ്കവും അവരുടെ കുറ്റകരമായ അസഹിഷ്ണുത അപമാനിക്കുന്നു.

  യേശു അഥവാ ഈശോ എന്ന നല്ലവനായ മനുഷ്യൻ ഒരിക്കൽ കണ്ട സുന്ദരമാനവികസ്വപ്നത്തിന്റെ എന്തെങ്കിലും ഒരംശം ഇവിടെ അവശേഷിക്കുന്നുണ്ടെങ്കിൽ അതിനെക്കൂടി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണ് ഈ ക്രിസ്ത്യാനിതാലിബൻ. ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് കേരളക്രൈസ്തവസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്, സാംസ്കാരികകേരളത്തിന്റെ ആവശ്യവുമാണ്.

  'ഈശോ' സിനിമയുടെ പ്രദർശനം വിലക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

  നടൻ ജയസൂര്യയെ നായകനാക്കി നാദിർഷാ സംവിധാനം ചെയ്യുന്ന ഈശോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് വിധിയിൽ കോടതി വ്യക്തമാക്കി.

  സിനിമയ്ക്കിട്ട ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

  പേരിനെതിരെ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സിനിമയുടെ ഉള്ളടക്കം എന്ത് എന്നത് പ്രസക്തമല്ല. സിനിമയില്‍ നല്ല കാര്യങ്ങളാണ് പറയുന്നത് എങ്കിലും ഈശോ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.
  Published by:Rajesh V
  First published: