രാജ്യസഭാ എം.പി. ആവുന്നതിനും വളരെ മുൻപേ സുരേഷ് ഗോപി (Suresh Gopi) എന്ന മനുഷ്യസ്നേഹിയെ മലയാളി തിരിച്ചറിഞ്ഞതാണ്. വേദനിക്കുന്നവരുടെ ദുഃഖം കണ്ടുനിൽക്കാതെ, തന്നാലാവുന്നത് ചെയ്ത് അവരെ ഒരു കൈപിടിച്ചുയർത്താൻ അദ്ദേഹം എപ്പോഴും ശ്രദ്ധാലുവാണ്. പൊതുജനങ്ങൾക്ക് വേണ്ടി എം.പി. പദവി പരമാവധി ഉപയോഗപ്പെടുത്തിയ ശേഷമേ അദ്ദേഹം പടിയിറങ്ങിയുള്ളൂ.
എന്നാൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ തന്നെയാണ് ഇപ്പോൾ സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെ തൊട്ടറിഞ്ഞ നിമിഷത്തെക്കുറിച്ച് പറയുന്നത്. മറ്റാരുമല്ല, സ്ഫടികം ജോർജ് ആണിത്. വൃക്ക മാറ്റിവച്ച് കിടക്കുന്ന നാളുകളിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ചന്വേഷിക്കുന്ന ആളായിരുന്നു സുരേഷ് ഗോപി. സഹായം ആവശ്യമുണ്ടോ എന്ന് അദ്ദേഹം അന്വേഷിച്ചിരുന്നു. സ്ഫടികം ജോർജിന്റെ വാക്കുകളിലേക്ക്:
‘കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ് ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാൻ പറ്റില്ലായിരുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടോയെന്ന്. സഹായ മനസ്കതയുള്ളയാളാണ്. രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്. സുരേഷിന് ചെറിയ മനുഷ്യർ വലിയ മനുഷ്യരെന്നൊന്നുമില്ല. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റർ ആവട്ടെയെന്നാണ് എന്റെ ആഗ്രഹം.”
സ്ഫടികം ജോർജിന്റെ ‘സ്‌ഫടികം’ സിനിമ നിലവിൽ റീ-റിലീസ് ചെയ്ത് തിയേറ്ററിൽ പ്രദർശനത്തിലിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.