ഹിന്ദു വിവാഹങ്ങള്‍ക്ക് സാധാരണയായി കാര്‍മ്മികത്വം വഹിക്കുന്നത് പുരുഷ പുരോഹിതന്മാരാണ്. വധുവിന്റെ മാതാപിതാക്കള്‍ തങ്ങളുടെ മകളെ, അവരുടെ മരുമക്കള്‍ക്ക് 'ദാനം' ചെയ്യുന്നു എന്ന സങ്കല്‍പ്പത്തിലാണ് മിക്ക വിവാഹചടങ്ങുകളും നടക്കുന്നത്. തന്റെ പുതിയ കുടുംബത്തിന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുന്നത് സാധാരണ വധു മാത്രമാണ്, വരനല്ല. പെണ്‍കുട്ടി വിവാഹിതയാണെന്ന് സൂചിപ്പിക്കാന്‍ അവളുടെ നെറ്റിയില്‍ ചുവന്ന സിന്ദൂരവും ചാര്‍ത്തുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനെല്ലാം ചിലമാറ്റങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ഒരു വിവാഹത്തില്‍ ഒരു വനിതാ പുരോഹിതയാണ് വിവാഹ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത്.
ദമ്പതികള്‍ 'സാത് ഫെരെ' ചൊല്ലുമ്പോഴും ഹിന്ദു വിവാഹ പ്രകാരമുള്ള മറ്റെല്ലാ ആചാരങ്ങളും ചെയ്യുമ്പോഴും പുരോഹിതയാണ് വേദമന്ത്രങ്ങള്‍ ജപിക്കുന്നത്. വധുവും വരനും തങ്ങളുടെ വിവാഹത്തിന് സാക്ഷിയായി അഗ്‌നിയെ പ്രദിക്ഷണം നടത്തുമ്പോള്‍ അവര്‍ ഒരുമിച്ച് എടുക്കുന്ന ഏഴ് പ്രതിജ്ഞകളാണ് സാത് ഫെരെ. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ചന്ദ്പാരയിലെ ഒരു വൈദിക കുടുംബമാണ് നാളിതുവരെയുണ്ടായിരുന്ന ആചാരങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയത്. പരമ്പരാഗത സാമൂഹിക നിയമങ്ങള്‍ പാലിക്കാതെയുള്ള ചാന്ദ്പാര മേഖലയില്‍ നടന്ന ഈ വിവാഹം ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുകയാണ്.
ആ വിവാഹത്തില്‍ മറ്റൊരു ആചാരവും അവര്‍ തകര്‍ത്തിരുന്നു. പെണ്‍കുട്ടികള്‍ കൈമാറ്റം ചെയ്യുന്ന ഒരു ചരക്കല്ലെന്ന് മനസ്സില്‍ വച്ചുകൊണ്ട്, വിവാഹ കര്‍മ്മത്തില്‍ നിന്ന് 'കന്യാദാനം' എന്ന ചടങ്ങും കുടുംബം ഒഴിവാക്കി. ഈ ബംഗാളി കുടുംബം വര്‍ഷങ്ങളായി നിലനിന്നിരുന്ന നിയമങ്ങള്‍ ലംഘിച്ച് സമൂഹത്തിന് പുതിയ സന്ദേശം നല്‍കിയിരിക്കുകയാണ്.പുറത്ത് നിന്ന് നോക്കിയാല്‍ ഈ വിവാഹം മറ്റേതൊരു ഹൈന്ദവ വിവാഹത്തെയും പോലെ തന്നെയായിരുന്നു എല്ലാ കാര്യങ്ങളും. എന്നാല്‍ വിവാഹ മണ്ഡപത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു രംഗമായിരുന്നു അരങ്ങേറിയത്.
വിവാഹ മണ്ഡപത്തില്‍ പുരുഷ പൂജാരിക്ക് പകരം സ്ത്രീയാണ് പൂജാരിയായെത്തിയത്. ആചാരപ്രകാരമുള്ള എല്ലാ നിയമങ്ങളും അനുസരിച്ചാണ് ഇവർ വിവാഹ ചടങ്ങുകള്‍ നടത്തിയത്. എന്നാൽ 'കന്യാദാനം' അല്ലെങ്കില്‍ 'വധുവിന്റെ കൈ പിടിച്ച് കൊടുക്കുന്ന' ചടങ്ങ് ഈ വിവാഹത്തില്‍ നിന്ന് ഒഴിവാക്കി. പൂജകൾ ചെയ്യുന്ന സ്ത്രീകൾ വളരെ അപൂര്‍വമാണ്, ഇന്ത്യയില്‍ ഇത് സാധാരണമല്ല. പരമ്പരാഗത ആണ്‍മേധാവിത്വങ്ങളെ വെല്ലുവിളിച്ച്, കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജയില്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നതിനുള്ള ലിംഗസമത്വത്തിനായി ഒരു ചെറിയ കൂട്ടം സ്ത്രീകള്‍ ശബ്ദമുയര്‍ത്തിയിരുന്നു.
ദക്ഷിണ കൊല്‍ക്കത്തയിലെ '66 പള്ളി ദുര്‍ഗ്ഗാ പൂജ'യില്‍ നാല് സ്ത്രീകൾ പൂജ ചെയ്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ ലംഘിച്ച് കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജയെ ചരിത്രമാക്കി മാറ്റിയിരുന്നു. നന്ദിനി ഭൗമിക്, റുമാ റോയ്, സെയ്മന്തി ബാനര്‍ജി, പൗലോമി ചക്രവര്‍ത്തി എന്നിവരാണ് മഹാശക്തിയെ ആരാധിക്കുന്നതിനുള്ള ദുര്‍ഗാപൂജയിലെ എല്ലാ ചടങ്ങുകളും നടത്തിയത്.
അവരുടെ പ്രവൃത്തിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ബംഗാളി സിനിമയും (ബ്രഹ്മാ ജനേന്‍ ഗോപോന്‍ കൊമ്മോട്ടി) പുറത്തിറങ്ങി. ആ ചിത്രത്തില്‍ സ്ത്രീകള്‍ മതപരമായ ആചാരങ്ങളില്‍ കാര്‍മ്മികത്വം വഹിക്കുന്നതിന്റെ പ്രശ്‌നങ്ങളെ സംബന്ധിച്ചും ആര്‍ത്തവ സമയത്ത് സിത്രീകളെ അശുദ്ധരും തൊട്ടുകൂടാത്തവരുമായി പരിഗണിക്കപ്പെടുന്നതിലെ രൂക്ഷമായ പ്രശ്‌നങ്ങളെയും പറ്റി ആഴത്തില്‍ പറയുന്നുണ്ട്.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.