അമേരിക്കയിൽ പോലീസ് സ്റ്റേഷനുള്ളിലേക്ക് കാർ ഇടിച്ച് കയറ്റി യുവതിയുടെ പരാക്രമം. സ്റ്റേഷനിലെ സ്റ്റെപ്പുകൾ കയറുകയും ഇറങ്ങുകയും ചെയ്ത കാർ ഒരു വിധത്തിലാണ് ചുവരിലിടിച്ച് നിന്നത്. പരാക്രമമെല്ലാം കഴിഞ്ഞ് പോലീസുകാരെ കണ്ട യുവതി എല്ലാം തൻെറ ജിപിഎസ് (GPS) വഴിതെറ്റിച്ചത് കാരണമെന്നാണ് വിശദീകരണം നൽകിയത്. എന്നാൽ 26കാരിയായ യുവതി അമിതമായി മദ്യപിച്ചത് മൂലമാണ് അപകടം ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. മദ്യപിച്ച് അശ്രദ്ധമായി വണ്ടി ഓടിച്ച് പൊതുമുതൽ നശിപ്പിച്ചതിന് ഇവർക്കെതിരെ പോലീസ് കേസെടുത്തു.
അമേരിക്കയിലെ പോർട്ട‍്‍ലാൻറിലെ മെയ്നെയിലുള്ള പോലീസ് സ്റ്റേഷനിലാണ് സംഭവം. പോലീസ് സ്റ്റേഷനിലേക്ക് കയറുമ്പോൾ ആളുകൾക്ക് പിടിച്ച് നടക്കാൻ വേണ്ടി നിർമ്മിച്ചിട്ടുള്ള കമ്പികളെല്ലാം വണ്ടി ഇടിച്ച് തകർത്തു. സംഭവം നടന്നതിന് ശേഷം ഫേസ്ബുക്കിലൂടെ സംഭവത്തിൻെറ ചിത്രങ്ങളും വിശദാംശങ്ങളും പോലീസ് പങ്കുവെച്ചു. "26കാരിയായ ഒരു പെൺകുട്ടി ഞങ്ങളുടെ സ്റ്റേഷനുള്ളിലേക്ക് വണ്ടി ഇടിച്ച് കയറ്റിയിരിക്കുകയാണ്. സ്റ്റെപ്പുകളിലൂടെ വണ്ടി താഴേക്കിറക്കി നാശനഷ്ടം വരുത്തിയിട്ടുണ്ട്. ജിപിഎസാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നാണ് പെൺകുട്ടി പറഞ്ഞത്. എന്നാൽ രക്തത്തിൽ ആൽക്കഹോളിൻെറ അംശം കൂടിയതിനാലാണ് ഇത് സംഭവിച്ചതെന്ന് പോലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പെൺകുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്," ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.
Also Read- Viral video | വണ്ടി ഇടിക്കാതിരിക്കാൻ കാറിന്റെ ജനലിലൂടെ ചാടിക്കയറി യുവാവിന്റെ ശ്രമം; വീഡിയോ വൈറൽ
സംഭവത്തിൽ പോലീസുകാർക്കോ മറ്റ് ആളുകൾക്കോ പരിക്കൊന്നും ഏൽക്കാതിരുന്നത് ഭാഗ്യമായി കരുതുന്നു. ചെറിയ രീതിയിൽ കെട്ടിടത്തിന് കേടുപാട് പറ്റിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ആഡംബര കാർ സ്റ്റേഷനുള്ളിലെത്തിയതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. സ്റ്റെപ്പുകളിലൂടെ വണ്ടി താഴേക്ക് ഇറക്കിയിട്ടുള്ളത് ഇതിൽ വ്യക്തമാണ്. കാറിൻെറ പിൻഭാഗം പൊളിയുകയും ചില്ലുകൾ പൊട്ടുകയും ചെയ്തിട്ടുണ്ട്. അപകടകരമായ രീതിയിലാണ് ഒടുവിൽ വണ്ടി ഇടിച്ച് നിർത്തിയത്. നീല ടൊയോട്ട കാറോടിച്ച് കയറ്റിയാണ് കുമ്പർലാന്റ് കൗണ്ടിയിലുള്ള പോർട്ട‍്‍ലാൻറ് പോലീസ് ഡിപ്പാർട്ട‍്‍മെന്റ് കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയത്.
എഫ്ബി പോസ്റ്റിന് താഴെ ആയിരക്കണക്കിന് പേർ തങ്ങളുടെ പ്രതികരണം അറിയിക്കുന്നുണ്ട്. "ഡ്രെവിങ് ലൈസൻസ് കിട്ടുന്നതിന് സാമാന്യബുദ്ധിയും പരിശോധിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ നിരത്തിലിറങ്ങുന്ന കാറുകളുടെ എണ്ണത്തിൽ കുറവുണ്ടാവും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണവും കുറയും. സാമാന്യബുദ്ധിയുള്ളവർ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കാൻ ശ്രമിക്കില്ല," പോസ്റ്റിന് താഴെ ഒരാളുടെ കമൻറ് ഇങ്ങനെയാണ്.
"ചിലപ്പോൾ അവരുടെ ജിപിഎസിന് വ്യക്തമായി അറിയുമായിരിക്കും അവർ മദ്യപിച്ചാണ് കാർ ഓടിക്കുന്നതെന്നത്. അത് കൊണ്ടാണ് അവരെ കൃത്യമായി പോലീസ് സ്റ്റേഷനിൽ തന്നെ എത്തിച്ചത്. അവർ കൃത്യമായി എത്തേണ്ട സ്ഥലം ഇത് തന്നെയാണ്. അത് കൊണ്ട് ജിപിഎസിന് വഴി തെറ്റിച്ചതാണെന്ന് തോന്നുന്നില്ല. ഇത് തന്നെയാണ് ശരിയായ വഴി," മറ്റൊരാൾ കുറിച്ചു. മനപൂർവമല്ലാതെ അപകടം ഉണ്ടാക്കിയ കുറ്റത്തിന് യുവതിക്ക് പോലീസ് സമൻസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദീകരണം നൽകാൻ യുവതിയോട് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുകയാണ്. പൊതുമുതൽ നശിപ്പിച്ചതിനടക്കം യുവതിയിൽ നിന്ന് പിഴയീടാക്കാനാണ് സാധ്യത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: America, Car accident