കര്‍ണാടകയിലെ (Karnataka) മലയോര മേഖലയായ മടിക്കേരിയിലെ (Madikeri) പ്രദേശവാസികള്‍ കഴിഞ്ഞ ആഴ്ച അതിവൈകാരികമായ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. തമിഴ്നാട്ടിലെ (Tamil Nadu) കൃഷ്ണഗിരി സ്വദേശികളായ രാജപ്പയും മുത്തമ്മയും നീണ്ട ഏഴ് വര്‍ഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചു.
മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന മുത്തമ്മയെ 2014ല്‍ കല്‍പ്പണിക്കാരനായ ഭര്‍ത്താവ് രാജപ്പ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ബെംഗളൂരുവിലെ നിംഹാന്‍സ് (NIMHANS) ആശുപത്രിയിലായിരുന്നു ചികിത്സയ്ക്കായി അവരെ പ്രവേശിപ്പിച്ചത്. ചികിത്സ ആരംഭിച്ച് രണ്ടു മാസത്തിന് ശേഷം ഒരു ദിവസം അവരെ ആശുപത്രിയിൽ നിന്നും കാണാതാവുകയായിരുന്നു. രാജപ്പയും ബന്ധുക്കളും പലയിടത്തും അവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ബെംഗളൂരു പോലീസ് സ്റ്റേഷനില്‍ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് രാജപ്പ പരാതിയും നൽകി. അടുത്ത നാലോ അഞ്ചോ വര്‍ഷക്കാലം മുത്തമ്മയെ അന്വേഷിച്ച് അദ്ദേഹം തിരച്ചില്‍ തുടര്‍ന്നു. ഒടുവില്‍ നിരാശ മൂലം മുത്തമ്മയെ തേടിയുള്ള അന്വേഷണം മന്ദഗതിയിലായി.
അതേസമയം 2017ല്‍ മടിക്കേരിയിലെ ഒരു ഹോട്ടലിന് സമീപം മുത്തമ്മയെ അത്യന്തം ദയനീയമായ അവസ്ഥയില്‍ അവിടത്തെ പ്രദേശവാസികൾ കണ്ടെത്തിയിരുന്നു. അവരുടെ ഇടത് കാലില്‍ ഒരു മുറിവ് ഉണ്ടായിരുന്നു, അത് വലിയ വ്രണമായി മാറിയിരുന്നു. ആളുകള്‍ പ്രദേശത്തെ തണല്‍ അനാഥാലയത്തില്‍ വിവരമറിയിച്ചപ്പോള്‍ അവര്‍ മുത്തമ്മയെ കൂട്ടിക്കൊണ്ടുപോയി. അവിടെ ശരീരത്തിലെ മുറിവുകൾക്കും മാനസികാരോഗ്യ പ്രശ്നങ്ങൾക്കും വേണ്ട ചികിത്സ നല്‍കി. ആതുര സംഘടന മുത്തമ്മയെ തുടര്‍ ചികിത്സയ്ക്കായി കേരളത്തിലേക്ക് അയച്ചു. അതിനുശേഷം അവരുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടാവുകയും അവര്‍ രോഗമുക്തയാവുകയും ചെയ്തു.
കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ മുത്തമ്മ തന്റെ പേരും വിലാസവും കുടുംബവും ഓര്‍ത്തെടുത്തു. അനാഥാലയം അവരുടെ കുടുംബത്തെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. കുടക് ജില്ലാ മജിസ്ട്രേറ്റ് സുബ്രഹ്മണ്യ ഇടപെട്ട് അവരുടെ ഭര്‍ത്താവ് രാജപ്പയെ കണ്ടെത്തുകയും മടിക്കേരിയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയും ചെയ്തു.
''എന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഞാന്‍ അവളെ അന്വേഷിക്കാത്ത സ്ഥലമില്ല'', ഭാര്യയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടത് കണ്ട് രാജപ്പയ്ക്ക് സന്തോഷം അടക്കാനായില്ല. ഇരുവരും കണ്ണീരോടെ ഒന്നിച്ചപ്പോള്‍ ആതുരാലയത്തിലെ അന്തേവാസികളും അധികൃതരുമടക്കം വികാരധീനരായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുത്തമ്മയെ ഭര്‍ത്താവിനോടൊപ്പം വിട്ടയച്ചു. മുത്തമ്മ ഇപ്പോള്‍ തമിഴ്‌നാട്ടിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി.
മുത്തമ്മയെ സംരക്ഷിച്ച് സുഖപ്പെടുത്തിയതിന് ജീവിതകാലം മുഴുവന്‍ മടിക്കേരിയിലെ അനാഥാലയത്തോട് കടപ്പെട്ടിരിക്കുകയാണെന്ന് അവരുടെ കുടുംബവും പ്രതികരിച്ചു. ദൈവത്തിനും തങ്ങളെ സഹായിച്ച നല്ലവരായ ആളുകള്‍ക്കും നന്ദി പറയുകയാണ് ബന്ധുക്കള്‍. ''ഞങ്ങളുടെ അമ്മായിയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. അവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അവരെ ആരോഗ്യവതിയായി കാണാന്‍ സാധിച്ചത് ഒരു അനുഗ്രഹമാണ്'', മുത്തമ്മയുടെ മരുമകന്‍ ദൊരൈ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.