'കുസാറ്റിന്റെ മാതൃകയിൽ മുഴുവൻ സർവകലാശാലകളും ആർത്തവ അവധി അനുവദിക്കണം'; എബിവിപി
- Published by:Vishnupriya S
- news18-malayalam
Last Updated:
പെൺകുട്ടികളുടെ നിരവധി കാലത്തെ ആവശ്യമാണ് കുസാറ്റ് സർവകലാശാല അംഗീകരിച്ചിരിക്കുന്നത്. ആ മാതൃക ഏറ്റെടുക്കാൻ മറ്റ് സർവകലാശാലകളും തയ്യാറാവണം
കൊച്ചി : ആർത്തവ അവധി അനുവദിച്ച കുസാറ്റ് മാതൃകയിൽ കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും ആർത്തവ അവധി അനുവദിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്ല്യാണി ചന്ദ്രൻ. പെൺകുട്ടികളുടെ നിരവധി കാലത്തെ ആവശ്യമാണ് കുസാറ്റ് സർവകലാശാല അംഗീകരിച്ചിരിക്കുന്നത്. ആ മാതൃക ഏറ്റെടുക്കാൻ മറ്റ് സർവകലാശാലകളും തയ്യാറാവണം. വിദ്യാഭ്യാസമന്ത്രിക്ക് ഇതുമായി ബന്ധപ്പെട്ട് കത്തയച്ചുവെന്നും ആവശ്യമുന്നയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് സംസാരിക്കുമെന്നും എബിവിപി പറഞ്ഞു.
‘ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണ്. ആർത്തവം ഒളിച്ചുവയ്‌ക്കപ്പെടാനും അയിത്തപ്പെടാനും ഉള്ളതാണെന്ന ധാരണ നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. സ്ത്രീസൗഹൃദമെന്ന് നമ്മളവകാശപ്പെടുമ്പോഴും തൊഴിലിടങ്ങളിൽ അവധി ലഭിക്കാതെ കഷ്ടപ്പെട്ട് ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകൾ ഏറെയാണ്. സ്വയം പഴിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ അവർക്കുമുന്നിൽ ഇല്ലാതെ, മാസത്തിൽ അഞ്ചോ ആറോ ദിനം സ്ഥിരമായി ഇത്തരം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയാണ് സ്ത്രീകൾ ഇപ്പോഴും. ഇത്തരം സാഹചര്യങ്ങൾ മാറേണ്ടതുണ്ടെന്നും’ എബിവിപി അഭിപ്രായപ്പെട്ടു.
advertisement
വിദ്യാർത്ഥിനികളുടെ കാര്യമാണെങ്കിൽ പരീക്ഷയെഴുതാനുള്ള മിനിമം ഹാജർ ഇല്ലെങ്കിൽ ആർത്തവദിനങ്ങളിൽ ക്ലാസുകളിൽ ഇരുന്ന് ആ നിമിഷങ്ങളെ തള്ളിനീക്കേണ്ടിവരുന്ന അവസ്ഥയാണ്. അവധി നൽകിയാൽ ആ ദിനങ്ങളിൽ ആവശ്യത്തിന് വിശ്രമമെടുക്കാൻ കഴിയും. ഇന്ത്യൻ കമ്പനികളായ സൊമാറ്റോ, ബൈജൂസ്, സ്വിഗ്ഗി, മാഗ്സ്റ്റർ, ഇൻഡസ്ട്രി, എആർസി, ഫ്ളൈമൈബിസ്, ഗോസൂപ്പ് എന്നീ രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങൾ ശമ്പളത്തോടുകൂടിയ ആർത്തവ അവധി സ്ത്രീകൾക്ക് നൽകുന്നുണ്ട്. ഇത്തരം മാതൃകകൾ സമൂഹം ഏറ്റെടുക്കണമെന്നും എബിവിപി പറഞ്ഞു.
advertisement
അതേസമയം. സാങ്കേതിക സർവകലാശാല വിദ്യാർഥിനികൾക്ക് ആർത്തവാവധി അനുവദിക്കാൻ ബോർഡ് ഓഫ് ഗവേണേഴ്സ് യോഗം തീരുമാനിച്ചു. സർവകലാശാലക്ക് കീഴിലുള്ള മുഴുവൻ കോളജുകൾക്കും ഇത് ബാധകമാക്കും. അവധി നൽകുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾക്ക് സിൻഡിക്കേറ്റ് യോഗം രൂപം നൽകും. സർവകലാശാല യൂനിയൻ നൽകിയ നിവേദനം പരിഗണിച്ചാണ് തീരുമാനം.
advertisement
കുസാറ്റ് മാതൃകയിൽ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടപ്പാക്കിയ ആർത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാൻ പരിഗണിക്കുന്നതെന്നും ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക – ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം വ്യാപിപ്പിക്കാൻ ആലോചിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 18, 2023 10:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
'കുസാറ്റിന്റെ മാതൃകയിൽ മുഴുവൻ സർവകലാശാലകളും ആർത്തവ അവധി അനുവദിക്കണം'; എബിവിപി