സ്കൂള്‍ പ്രവൃത്തി സമയം കൂട്ടിയ തീരുമാനം; സി കെ ഷാജിയുടെ രണ്ടരവർഷം നീണ്ട നിയമപോരാട്ടത്തിന്റെ വിജയം
- Published by:Rajesh V
- news18-malayalam
Last Updated:
വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും അരമണിക്കൂര്‍ പഠനം അധികമായും ഹൈസ്കൂളുകളില്‍ ആറ് ശനിയാഴ്ചകളില്‍ പ്രവൃത്തി ദിനവും ഉള്‍പ്പെടുത്തിയുള്ള അക്കാദമിക് കലണ്ടര്‍ സ്കൂള്‍ തുറക്കുന്നതിന് തലേദിവസമാണ് പുറത്തിറക്കിയത്
ഈ അധ്യായന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിനമാണ്. ആറര പതിറ്റാണ്ടായി കേരള വിദ്യാഭ്യാസ നിയമത്തിൽ ഉറങ്ങിക്കിടന്ന വ്യവസ്ഥയാണ് നടപ്പായത്. വിവിധ അധ്യാപക സംഘടനകളുടെ എതിർപ്പിനെ മറികടന്നാണ് തീരുമാനം നടപ്പാകുന്നത്. ഇതിന് പിന്നിൽ രണ്ടരവർഷംനീണ്ട നിയമപോരാട്ടം നയിച്ചതാകട്ടെ മൂവാറ്റുപുഴ എബനേസര്‍ ഹയര്‍ സെക്കൻഡറി സ്കൂൾ മാനേജരായ സി കെ ഷാജിയും. സമൂഹ മാധ്യമത്തിലടക്കം ചില അധ്യാപക സംഘടനാ പ്രവര്‍ത്തകരുടെ കടുത്ത വിമര്‍ശനവും പരിഹാസവും ഒറ്റയ്ക്ക് നേരിട്ടാണ് ഷാജി ചരിത്രവിധിയിലൂടെ മികച്ച അക്കാദമിക്ക് കലണ്ടര്‍ പ്രസിദ്ധീകരിക്കാന്‍ യത്‌നിച്ചത്
വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും അരമണിക്കൂര്‍ പഠനം അധികമായും ഹൈസ്കൂളുകളില്‍ ആറ് ശനിയാഴ്ചകളില്‍ പ്രവൃത്തി ദിനവും ഉള്‍പ്പെടുത്തിയുള്ള അക്കാദമിക് കലണ്ടര്‍ സ്കൂള്‍ തുറക്കുന്നതിന് തലേദിവസമാണ് പുറത്തിറക്കിയത്. ഇത് പ്രകാരം ഹൈസ്കൂളുകളില്‍ 220 പ്രവര്‍ത്തി ദിനങ്ങള്‍ ഉണ്ടാകും. ഒന്നു മുതല്‍ 4 വരെ ക്ലാസുകള്‍ക്ക് 198 പ്രവര്‍ത്തി ദിനങ്ങളും യു പിയില്‍ രണ്ട് ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിനമാക്കി 200 അധ്യായന ദിനങ്ങളും 8 മുതല്‍ പത്ത് വരെ ക്ലാസുകള്‍ക്ക് 220 പ്രവര്‍ത്തി ദിനങ്ങളും വെള്ളിയാഴ്ച ഒഴികെയുള്ള ദിനങ്ങളില്‍ അരമണിക്കൂര്‍ അധിക പഠന സമയവും ഉണ്ടാകും. ആറ് ശനിയാഴ്ചകളിലാണ് ഹൈസ്കൂളില്‍ ക്ലാസുണ്ടാവുക.
advertisement
1959 ലെ കേരളാ വിദ്യാഭ്യാസ നിയമ പ്രകാരമാണ് സംസസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങള്‍ അടക്കമുള്ള സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ആറു മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസമാണ് കേന്ദ്ര സര്‍ക്കാര്‍ 2009 ല്‍ പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമവും നിഷ്‌കര്‍ഷിക്കുന്നത്. ഈ രണ്ട് നിയമങ്ങളിലും സ്കൂള്‍ പ്രവര്‍ത്തിദിനങ്ങളെ സംബന്ധിച്ച വ്യക്തവും കൃത്യവുമായ നിബന്ധനങ്ങള്‍ പറയുന്നുണ്ട്. കെഇആര്‍ അധ്യായം 7 ചട്ടം 3 പ്രകാരം ഏറ്റവും കുറഞ്ഞ പ്രവൃത്തി ദിവസങ്ങള്‍ എല്ലാ അധ്യയന വര്‍ഷത്തിലും (പരീക്ഷാ ദിവസങ്ങള്‍ ഒഴികെ )220 ദിനങ്ങള്‍ ഉണ്ടായിരിക്കണം.
advertisement
പ്രത്യേക സാഹചര്യങ്ങളില്‍ പ്രവര്‍ത്തി ദിനങ്ങളുടെ എണ്ണത്തിലെ കുറവ് വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരമാവധി 20 ദിവസങ്ങള്‍ വരെയും ഡയറക്ടര്‍ക്ക് 20 ദിവസത്തിന് മുകളിലും ക്ഷമിക്കാവുന്നതാണെന്നും പറയുന്നു. ആര്‍ ടി ഇ (വിദ്യാഭ്യാസ അവകാശ നിയമം)നിയമത്തിന്റെ ഷെഡ്യൂള്‍ 3, 4, വ്യവസ്ഥകള്‍ പ്രകാരം ഒരു അധ്യയന വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ പ്രവൃത്തി ദിവസങ്ങള്‍/പഠന സമയം താഴെ പറയുന്നു.
- ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ - 200 അധ്യായന ദിനങ്ങള്‍
- ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ- 220 പ്രവൃത്തി ദിനങ്ങള്‍
- ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ പഠന സമയം- 800 മണിക്കൂര്‍
- ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ പഠന സമയം- 1000 മണിക്കൂര്‍
- അധ്യാപകന്റെ ഏറ്റവും കുറഞ്ഞ ജോലി സമയം (ആഴ്ചയില്‍) തയ്യാറെടുപ്പ് സമയം ഉള്‍പ്പെടെ - 45 മണിക്കൂര്‍
advertisement
ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സി കെ ഷാജിയും പിടിഎയും ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായി ഉള്‍പ്പെടുത്തി കഴിഞ്ഞ അധ്യായന വര്‍ഷം 220 അധ്യായന ദിനങ്ങളാക്കി കലണ്ടര്‍ വിദ്യാഭ്യാസ വകുപ്പ് പ്രസദ്ധീകരിച്ചു. എന്നാല്‍ ചില അധ്യാപക സംഘടനകള്‍ ഇതിനെ ചോദ്യം ചെയ്തതോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിനമാക്കിയത് റദ്ദാക്കി. ഇതിനെതിരെ ഷാജിയും പിടിഎയും ഹൈകോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഹര്‍ജിക്കാരുടെ ആശങ്കകള്‍ പരിഗണിച്ച് കലണ്ടര്‍ പുറത്തിറക്കാന്‍ ഡിവിഷന്‍ ബെഞ്ച് വിദ്യാഭ്യാസ വകുപ്പിന് സമയം അനുവദിച്ചെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ വിദ്യാഭ്യാസ വകുപ്പ് കലണ്ടര്‍ പുറത്തിറക്കിയില്ല. ഇതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഒടുവില്‍ തീരുമാനമുണ്ടായത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
June 06, 2025 12:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
സ്കൂള്‍ പ്രവൃത്തി സമയം കൂട്ടിയ തീരുമാനം; സി കെ ഷാജിയുടെ രണ്ടരവർഷം നീണ്ട നിയമപോരാട്ടത്തിന്റെ വിജയം