ഫീസ് 15,000 രൂപയിൽനിന്നും 50,000 രൂപയായി; നിവർത്തിയില്ലാതെ വിദ്യാർത്ഥി കാർഷിക കോളജിലെ പഠനം അവസാനിപ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഫീസ് വർധിപ്പിച്ചതോടെ അഗ്രിക്കൾച്ചറൽ കോഴ്‌സിന്റെ എട്ട് സെമസ്റ്ററുകൾ പൂർത്തിയാക്കി ഇറങ്ങുന്ന ഒരു വിദ്യാർഥിക്ക് നാലുലക്ഷം രൂപയോളം ഫീസിനത്തില്‍ മാത്രം ചെലവു വരും
തിരുവനന്തപുരം: വർധിപ്പിച്ച ഫീസ് താങ്ങാനാവാതെ വിദ്യാർത്ഥി വെള്ളായണി സർക്കാർ കാർഷിക കോളേജിലെ പഠനം അവസാനിപ്പിച്ചു. പഠനം മതിയാക്കി മടങ്ങുംമുൻപ് കോളേജിന്റെ മുൻപിൽനിന്ന് തന്റെ നിസഹായാവസ്ഥ വിവരിച്ച് ഒരു വീഡിയോയും ചിത്രീകരിച്ചു. താമരശ്ശേരി സ്വദേശി അർജുനാണ് നിവർത്തിയില്ലാതെ പഠനം അവസാനിപ്പിച്ചത്.
പുതിയ ഫീസിൽ കോഴ്സ് പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞാണ് ടി സി വാങ്ങുന്നതെന്നും തന്നെപ്പോലെ ഒരുപാടുപേർക്ക് ഈ ഫീസ് താങ്ങാവുന്നതിനുമപ്പുറമാണെന്നും അർജുൻ പറയുന്നു. നീറ്റിൽ നല്ല റാങ്ക് നേടി സർക്കാർ കോളേജിൽ പ്രവേശനം നേടുന്നവരിൽനിന്നു സ്വകാര്യ കോളേജുകളിൽ വാങ്ങുന്ന ഫീസ് ഈടാക്കുന്നത് ന്യായമാണോ എന്നും അർജുൻ ചോദിക്കുന്നു. ടി സി കാട്ടിക്കൊണ്ടുള്ള അർജുന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വിജ്ഞാപനത്തിൽ സെമസ്റ്ററിന് 15,000 രൂപ ഫീസ് എന്ന് കണ്ടാണ് വിഎച്ച്‌എസ്ഇക്ക് അഗ്രിക്കൾച്ചറൽ മുഖ്യവിഷയമായി പഠിച്ച അർജുൻ ബിരുദ കോഴ്സിന് ചേരാൻ അപേക്ഷ നൽകിയത്. മെറിറ്റിൽ വെള്ളായണി കാർഷിക കോളേജിൽ പ്രവേശനവും കിട്ടി. എന്നാൽ, ഇവിടെയെത്തി കോഴ്സിന് ചേർന്നശേഷമാണ് സെമസ്റ്റർ ഫീസ് 50,000 രൂപയായി വർധിപ്പിച്ചത് അർജുൻ അറിയുന്നത്.
advertisement
ഒരു സാധാരണ കർഷക കുടുംബത്തിലെ അംഗമായ തനിക്ക് ഈ ഫീസിൽ എട്ട് സെമസ്റ്റർ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കി താമരശ്ശേരി പുതുപ്പാടി വാണിക്കരവീട്ടിൽ അർജുൻ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങി. അർജുന്റെ അച്ഛൻ സത്യരാജനും അമ്മ ബീനയും ചെറുകിട കർഷകരാണ്. കുട്ടിക്കാലംമുതൽതന്നെ കൃഷിയുമായി അടുപ്പമുള്ളതുകൊണ്ടാണ് കൃഷിയിൽ ഉന്നത പഠനത്തിന് തയാറെടുത്തത്.
കാർഷിക സർവകലാശാലയുടെ കീഴിലെ തൃശൂർ, തിരുവനന്തപുരം, കാസർഗോഡ്, വയനാട് ജില്ലകളിലെ കോളേജുകളിലായി ഏകദേശം നാനൂറിലധികം വിദ്യാർത്ഥികൾ ബിഎസ്‌സി അഗ്രിക്കൾച്ചറൽ കോഴ്‌സിന് പഠിക്കുന്നുണ്ട്. ഫീസ് വർധിപ്പിച്ചതോടെ അഗ്രിക്കൾച്ചറൽ കോഴ്‌സിന്റെ എട്ട് സെമസ്റ്ററുകൾ പൂർത്തിയാക്കി ഇറങ്ങുന്ന ഒരു വിദ്യാർഥിക്ക് നാലുലക്ഷം രൂപയോളം ഫീസിനത്തില്‍ മാത്രം ചെലവു വരും.
advertisement
Summary: Unable to afford the increased fees, a student has quit his studies at the Vellayani Government Agricultural College. Before leaving, he filmed a video in front of the college, explaining his helplessness. Arjun, a native of Thamarassery, was forced to end his studies due to the insurmountable fees.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 27, 2025 9:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഫീസ് 15,000 രൂപയിൽനിന്നും 50,000 രൂപയായി; നിവർത്തിയില്ലാതെ വിദ്യാർത്ഥി കാർഷിക കോളജിലെ പഠനം അവസാനിപ്പിച്ചു


