നാലുവർഷത്തെ ബിരുദ പ്രോഗ്രാം; മാനേജ്മെന്റ് പഠനത്തിൽ പുത്തൻ സാധ്യതകളുമായി ഐഐഎം കോഴിക്കോട്
- Published by:Rajesh V
- news18-malayalam
Last Updated:
ഓപ്പറേഷൻസ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഫിനാൻസ്, സെയിൽസ് & മാർക്കറ്റിംഗ്, കൺസൾട്ടിംഗ്, ബിസിനസ് അനലിസ്റ്റ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിൽ സാധ്യതകൾ ഉറപ്പുവരുത്തുന്നതിനും എംബിഎ, എംഎംഎസ്, പിജിഡിഎം, ഗവേഷണം (PhD) തുടങ്ങിയ മേഖലകളിലെ ഉപരിപഠനത്തിനും സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും സിവിൽ സർവീസസ് പോലുള്ള മത്സര പരീക്ഷകൾ എഴുതാനും ഈ ബിരുദം സഹായകരമാകും
ഭാരത സർക്കാർ വിവിധ സമയങ്ങളിലായി രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച ഉന്നതവിദ്യഭ്യാസ സ്ഥാപനമായ, ഐഐഎംകളിൽ ശ്രദ്ധേയമായ കരിയർ പ്ലേയ്സ്മെൻ്റ് നടക്കുന്ന സ്ഥാപനമാണ്, ഐ.ഐ.എം., കോഴിക്കോട്. 1996-ൽ കേരള സർക്കാറിന്റെ സഹകരണത്തോടെ ആരംഭിച്ച ഈ സ്ഥാപനം, കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
നേരത്തെയുണ്ടായിരുന്ന ബിരുദാനന്തരബിരുദ-ബിരുദാനന്തരബിരുദ ഡിപ്ലോമ പ്രോഗ്രാമുകൾ കൂടാതെ ഐഐഎം കോഴിക്കോട് (IIM Kozhikode - IIMK), മാനേജ്മെന്റ്, വിദ്യാഭ്യാസ രംഗത്ത് നൂതന സാധ്യതകൾ മനസ്സിലാക്കിക്കൊണ്ട്, ഈ വർഷം മുതൽ ബാച്ചിലർ ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ് (ഓണേഴ്സ് വിത്ത് റിസർച്ച്) - BMS (Honours with Research) എന്ന നാല് വർഷത്തെ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നു. സാധാരണയായി ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും ഇൻ്റഗ്രേറ്റഡ് മാനേജ്മെൻ്റുകൾക്കും പേരുകേട്ട ഐഐഎമ്മുകളിൽ നിന്നുള്ള ഈ പുതിയ കാൽവെപ്പിൽ, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) സ്വാധീനമുണ്ട്. ഇതോടൊപ്പം തന്നെ മികച്ച വിദ്യാർത്ഥികളെ ചെറുപ്രായത്തിൽ കണ്ടെത്തി, ഇന്നവേഷൻ രംഗത്തും മാനേജ്മെൻ്റ് രംഗത്തും
advertisement
സംരംഭക രംഗത്തും മുതൽകൂട്ടാക്കാനുമുള്ള തന്ത്രപരമായ നീക്കമായും വിലയിരുത്തപ്പെടുന്നു. ബിരുദ പഠനത്തിന് ശേഷം കാറ്റ് (CAT) പോലുള്ള അഭിരുചി പരീക്ഷകളിലൂടെ മാത്രം പ്രവേശനം നൽകിയിരുന്ന രീതിയിൽ നിന്ന് തീർത്തും വ്യത്യസ്തമായ മാറ്റമാണ്, നാലു വർഷ ബാച്ചിലർ ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ് (ഓണേഴ്സ് വിത്ത് റിസർച്ച്) ലൂടെ ലക്ഷ്യമിടുന്നത്.
പഠനമേഖലകൾ
ഓപ്പറേഷൻസ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഫിനാൻസ്, സെയിൽസ് & മാർക്കറ്റിംഗ്, കൺസൾട്ടിംഗ്, ബിസിനസ് അനലിസ്റ്റ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിൽ സാധ്യതകൾ ഉറപ്പുവരുത്തുന്നതിനും എംബിഎ, എംഎംഎസ്, പിജിഡിഎം, ഗവേഷണം (PhD) തുടങ്ങിയ മേഖലകളിലെ ഉപരിപഠനത്തിനും സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും സിവിൽ സർവീസസ് പോലുള്ള മത്സര പരീക്ഷകൾ എഴുതാനും ഈ ബിരുദം സഹായകരമാകും.
advertisement
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 22 ആണ്. അഭിരുചി പരീക്ഷ (IIMK BMS Aptitude Test)ജൂൺ 22 ന് നടക്കും. ജൂലൈയിൽ തന്നെ ഇൻ്റർവ്യൂ നടത്തി, അന്തിമലിസ്റ്റ് പ്രസിദ്ധീകരിച്ച് ആഗസ്റ്റ് ആദ്യവാരത്തിൽ ക്ലാസ്സുകൾ തുടങ്ങും.
ഐ.ഐ.എം. കോഴിക്കോടിന്റെ കൊച്ചി കാമ്പസ്
നാലു വർഷ ബാച്ചിലർ ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ് (ഓണേഴ്സ് വിത്ത് റിസർച്ച്), ഐ.ഐ.എം. കോഴിക്കോടിന്റെ കൊച്ചി കാമ്പസിലാണ് സംഘടിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ, പ്രത്യേകിച്ച് കഴിവുറ്റ വിദ്യാർത്ഥികളെ മാനേജ്മെൻ്റ് മേഖലയിലേയ്ക്ക് ആകർഷിച്ച് ഉത്തരവാദിത്തബോധമുള്ളവരും ആഗോള കാഴ്‌ചപ്പാടുള്ളവരും നൂതന ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമായ ഒരു പുതിയ തലമുറ നേതാക്കളെ വ്യവസായ-വാണിജ്യ ലോകത്തിനായി വാർത്തെടുക്കുക എന്നത് കൂടിയാണ്, ഈ കോഴ്‌സിന്റെ പ്രധാന ലക്ഷ്യം. ഇതുകൂടാതെ, മാനേജ്മെന്റ് പഠനത്തോടൊപ്പം മറ്റ് വിഷയങ്ങളിലും അറിവ് നേടാനും അത് പ്രായോഗികമാക്കാനും സഹായിക്കും.
advertisement
പ്രോഗ്രാം ഘടന
കേരളത്തിലെ എല്ലാ കാമ്പസുകളിലും ഇതിനകം നടപ്പാക്കിയിട്ടുള്ള നാലു വർഷ ബിരുദ പ്രോഗ്രാമിനോട് സമനമായിട്ടാണ്,കോഴ്സ് ഘടന നിശ്ചയിച്ചിരിക്കുന്നത്.നാല് വർഷം അഥവാ എട്ട് സെമസ്റ്ററുകളുള്ള ഫുൾ-ടൈം പ്രോഗ്രാമാണ് ബി.എം.എസ്. പഠനം ക്രെഡിറ്റ് സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.കോഴ്‌സുകളെ പ്രധാനമായും ഫൗണ്ടേഷൻ കോഴ്‌സുകൾ, കോർ കോഴ്‌സുകൾ, ഇലക്റ്റീവ് & മൈനർ കോഴ്‌സുകൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഫൗണ്ടേഷൻ (സാമ്പത്തികശാസ്ത്രം, ക്വാണ്ടിറ്റേറ്റീവ് രീതികൾ, അക്കൗണ്ടിംഗ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങൾ), കോർ (ഫിനാൻസ്, മാർക്കറ്റിംഗ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്) മൈനർ(ഇക്കണോമിക്സ് & പബ്ലിക് പോളിസി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിംഗ്, ഫിനാൻസ് & ബിഗ് ഡാറ്റ) തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ തിരഞ്ഞെടുക്കാനവസരമുണ്ടാകും.
advertisement
ഇൻഡസ്ട്രി ഇന്റേൺഷിപ്പും വിദേശ പഠന സാധ്യതയും
ആറാം സെമസ്റ്ററിനും ഏഴാം സെമസ്റ്ററിനും ഇടയിൽ ഇൻഡസ്ട്രി ഇന്റേൺഷിപ്പ് നിർബന്ധമാണ്. നാലാം വർഷം എട്ടാം സെമസ്റ്ററിൽ ഒരു ഡിസേർട്ടേഷൻ പ്രോജക്റ്റും ചെയ്യേണ്ടതുണ്ട്. പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ഒരു സെമസ്റ്റർ പഠിക്കാനുള്ള അവസരവും ഉണ്ടാകാനിടയുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം
പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായവർക്കും, പത്താം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം ത്രിവത്സര ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. 2025-ൽ അവസാന വർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷയിലെയും പേഴ്സണൽ ഇൻ്റർവ്യൂവിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്,പ്രവേശനം.അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും എൻ.ആർ.ഐ. വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാൻ സാധിക്കും.
advertisement
പ്രവേശന പ്രക്രിയ
ഐഐഎം കോഴിക്കോടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പ്രവേശനത്തിനായി, താഴെപ്പറയുന്ന IIMK BMS Aptitude Test (BMS AT), JEE (Main), SAT, ACT എന്നീ അംഗീകൃത പരീക്ഷകളിലെ സാധുവായ സ്കോർ പരിഗണിക്കും. പ്രവേശന പരീക്ഷയിലെ സ്കോറിനു പുറമെ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും അക്കാദമിക് പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർത്ഥികളെ പേഴ്സണൽ ഇൻ്റർവ്യൂ കൂടി നടത്തിയാണ്, അന്തിമ പ്രവേശനം.
ഫീസ് ഘടന
സ്വാഭാവികമായും മറ്റ് ഐ.ഐ.എം. പ്രോഗ്രാമുകളുടേത് പോലെ തന്നെ ഉയർന്ന വാർഷിക ഫീസ് നൽകേണ്ടി വരും. 7,00,000/- നിശ്ചയിച്ചിരിക്കുന്നതിൽ, ട്യൂഷൻ ഫീസ്, കോഴ്‌സ് മെറ്റീരിയലുകൾക്കുള്ള ഫീസ്, മറ്റ് അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് ചെലവുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. അഡ്മിഷൻ ഫീസ്, കോക്ഷൻ ഡെപ്പോസിറ്റ്, അലുംമ്നൈ ഫീസ് തുടങ്ങിയ ഒറ്റത്തവണ ഫീസുകളും സ്റ്റുഡന്റ് വെൽഫെയർ ഫണ്ട് പോലുള്ള മറ്റ് വാർഷിക ഫീസുകളും ഇതിനു പുറമെ നൽകണം. ഹോസ്റ്റൽ സൗകര്യം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ, മെസ് ഫീസുകൾ നൽകേണ്ടിവരും. വിദ്യാർത്ഥികൾക്ക്, വിദ്യാഭ്യാസ വായ്പയ്ക്ക് ആവശ്യമായ പിന്തുണയും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിക്കും.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com).
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
April 28, 2025 8:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
നാലുവർഷത്തെ ബിരുദ പ്രോഗ്രാം; മാനേജ്മെന്റ് പഠനത്തിൽ പുത്തൻ സാധ്യതകളുമായി ഐഐഎം കോഴിക്കോട്