ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പരിപാടിയായ പരീക്ഷാ പേ ചര്‍ച്ചയ്ക്ക് ഇന്ന് (ജനുവരി 27) തുടക്കമാകും. ഇന്ന് 11 മണിക്കാണ് പരിപാടി ആരംഭിക്കുക.
ഏകദേശം 38 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് അറിയിച്ചത്. 15 ലക്ഷം പേരാണ് ഇത്തവണ പുതുതായി രജിസ്റ്റര്‍ ചെയ്തത്.
2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 30 വരെയായിരുന്നു രജിസ്ട്രേഷന്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരെ ഒരു കുടക്കീഴില് അണിനിരത്തുന്ന ചര്‍ച്ചകളാണ് പരീക്ഷ പേ ചര്‍ച്ചയിലുടെ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞത്.
അതേസമയം, പരിപാടിയുടെ തത്സമയ സംപ്രേക്ഷണവും നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ് എന്നിവയിലൂടെ പരീക്ഷ പേ ചര്‍ച്ച തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.
Also read: ‘ഇത്തരം ചിത്രങ്ങള്‍ വിജയിക്കണമെന്നാണ് ആഗ്രഹം’; ‘പത്താനെ’ പ്രശംസിച്ച് കങ്കണ റണൗത്ത്
പരീക്ഷ പേ ചര്‍ച്ച2023 : നിങ്ങളറിയേണ്ട പ്രധാന വിവരങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പരിപാടിയായ പരീക്ഷാ പേ ചര്‍ച്ചയുടെ ആറാം എഡിഷനാണ് ഇന്ന് നടക്കുന്നത്. ന്യൂഡല്‍ഹിയിലെ താല്‍ക്കോതോറ സ്റ്റേഡിയത്തിലാണ് പരിപാടിയ്ക്ക് തുടക്കം കുറിക്കുന്നത്.
പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന ഈ പരിപാടിയില്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും പങ്കെടുക്കാവുന്നതാണ്. കുട്ടികളിലെ പരീക്ഷാ പേടിയും ആശങ്കയും ഒഴിവാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
പരീക്ഷകളെ എങ്ങനെ നേരിടാം, സമ്മര്‍ദ്ദം എങ്ങനെ കുറയ്ക്കാം എന്നീ വിഷയങ്ങളിലാണ് പ്രധാനമന്ത്രി കുട്ടികളോട് സംവദിക്കുക. അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കുന്നതാണ്.
പ്രധാനമായും പത്താം ക്ലാസ്സ്, പ്ലസ്ടു വിദ്യാര്‍ത്ഥികളിലെ പരീക്ഷാപ്പേടിയും ഉത്കണ്ഠയും അകറ്റാനായി നടത്തുന്ന പരിപാടിയാണ് പരീക്ഷാ പേ ചര്‍ച്ച. പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.
‘വിദ്യാര്‍ത്ഥികളിലെ പരീക്ഷാ പേടി മാറ്റാനും ആശങ്കകള്‍ അകറ്റാനുമായി നടത്തുന്ന ദേശീയ നിലവാരത്തിലുള്ള പരിപാടിയാണ് പരീക്ഷാ പേ ചര്‍ച്ച. എല്ലാവരും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രമിക്കുക,’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
150 ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും 51 രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരും ഈ പരിപാടിയില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്ലസ്ടു, പത്താം ക്ലാസ്സ് പരീക്ഷകള്‍ക്ക് മുന്നോടിയായാണ് പരിപാടി നടത്തുന്നത്. 2018 മുതലാണ് ഈ പരിപാടി സംഘടിപ്പിച്ച് തുടങ്ങിയത്.
ഈ വര്‍ഷത്തെ പരീക്ഷ പേ ചര്‍ച്ചയില്‍ 9 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിവിധ മത്സരങ്ങളിലൂടെയും 500 അക്ഷരങ്ങളില്‍ ചോദ്യങ്ങള്‍ ചോദിച്ചും പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിദ്യാര്‍ത്ഥികളെ കൂടാതെ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം.
വിദ്യാര്‍ത്ഥികളെ എങ്ങനെ പിന്തുണയ്ക്കണം എന്ന വിഷയത്തില്‍ മാതാപിതാക്കളുമായും അധ്യാപകരുമായും പ്രധാനമന്ത്രി തുറന്ന ചര്‍ച്ച നടത്തും.
ചര്‍ച്ചകളിലൂടെയും മത്സരങ്ങളിലൂടെയും പരീക്ഷയെ പേടിച്ചിരുന്ന അവസ്ഥയിൽ നിന്ന് വിദ്യാര്‍ത്ഥികളെ മാറ്റിയെടുക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. എക്സാം വാരിയേഴ്സ് (പരീക്ഷ പോരാളികള്‍) എന്ന പേരില്‍ ഒരു പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പുറത്തിറക്കിയിരുന്നു.
2022 ഏപ്രില്‍ ഒന്നിനാണ് ‘പരീക്ഷ പേ ചര്‍ച്ച’യുടെ അഞ്ചാം പതിപ്പ് നടത്തിയത്. ഡല്‍ഹിയിലെ താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു പരിപാടി നടന്നത്. കുട്ടികള്‍ക്ക് താല്പര്യമുള്ള വിഷയങ്ങള്‍ കണ്ടെത്താനും കഴിവുകള്‍ തിരിച്ചറിയാനും രക്ഷിതാക്കള്‍ അവരെ സഹായിക്കണമെന്നായിരുന്നു അന്ന് പ്രധാനമന്ത്രി പറഞ്ഞത്.
കുട്ടികളുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കാനും അവരുടെ കഴിവുകള്‍ തിരിച്ചറിയാനും അവരെ സഹായിക്കാനും മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.