ലോകത്തിലെ ഏറ്റവും മികച്ച 150 യൂണിവേഴ്സിറ്റികളുടെ ലിസ്റ്റിൽ ഐഐടി ബോംബെയും; ഡൽഹി യൂണിവേഴ്സിറ്റി 407-ാം സ്ഥാനത്ത്
- Published by:Vishnupriya S
- news18-malayalam
Last Updated:
ലോകത്തെ മികച്ച 500 സർവ്വകലാശാലകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് മറ്റു രണ്ടു യൂണിവേഴ്സിറ്റികൾ കൂടിയുണ്ട്
ലോകത്തിലെ ഏറ്റവും മികച്ച 150 യൂണിവേഴ്സിറ്റികളുടെ ലിസ്റ്റിൽ ഐഐടി ബോംബെയും. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങ്സ് 2023 ൽ (QS World University Rankings 2023) 147-ാം സ്ഥാനത്താണ് ബോംബെ ഐഐടി ഇടം പിടിച്ചത്. ലോകത്തെ മികച്ച 500 സർവ്വകലാശാലകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് മറ്റു രണ്ടു യൂണിവേഴ്സിറ്റികൾ കൂടിയുണ്ട്. ഡൽഹി യൂണിവേഴ്സിറ്റി ലിസ്റ്റിൽ 407-ാം സ്ഥാനത്തും അണ്ണാ യൂണിവേഴ്സിറ്റി 427-ാം സ്ഥാനത്തുമാണ്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവയാണ് ആഗോളതലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയത്.
സുസ്ഥിരത, തൊഴിൽ സ്ഥിരത, അന്താരാഷ്ട്ര ഗവേഷണ ശൃംഖല, അക്കാദമിക് റെപ്യൂട്ടേഷൻ, എംപ്ലോയർ റെപ്യൂട്ടേഷൻ, ഫാക്കൽറ്റി-വിദ്യാർത്ഥി അനുപാതം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ”അധ്യാപനത്തിലും ഗവേഷണത്തിലും ഉള്ള മികവാണ് ഐഐടി ബോംബെയെ പ്രധാന ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഞങ്ങളുടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികവോടെ മുന്നേറാനാകുന്ന വിധത്തിലുള്ള അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാണ് പ്രധാനമായും ഞങ്ങൾ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള ലിസ്റ്റിൽ ഉയർന്ന റാങ്ക് നേടുന്നതൊക്കെ ഇതിന്റെ ഫലമായി ഉണ്ടാകുന്നതാണ്. റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം”, ഐഐടി-ബി ഡയറക്ടർ സുഭാസിസ് ചൗധരി പറഞ്ഞു.
advertisement
ഇന്ത്യയിലെ ദേശീയ വിദ്യാഭ്യാസ നയത്തെ ക്യുഎസ് ചീഫ് എക്‌സിക്യൂട്ടീവ് ജെസീക്ക ടർണർ പ്രശംസിച്ചു. ”ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചത് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ നവീകരിക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ സൂചിപ്പിക്കുന്നു. ഭാവി മുന്നിൽ കണ്ട് അതിലേക്കായി വിദ്യാർത്ഥികളെ തയ്യാറാക്കുന്ന തരത്തിലുള്ള പഠനാന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പാണിത്. സുസ്ഥിരത, ഗ്ലോബൽ എൻഗേജ്മെന്റ്, തൊഴിൽരംഗത്തെ കാര്യക്ഷമത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്”, ജെസീക്ക ടർണർ പറഞ്ഞു.
advertisement
2020 ജൂലൈ 29 നാണ് കേന്ദ്ര മന്ത്രിസഭ ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചത്. ഇന്റർനാഷണൽ ഫാക്കൽറ്റി അനുപാതം, ഇന്റർനാഷണൽ സ്റ്റുഡന്റ് അനുപാതം, ഇന്റർനാഷണൽ റിസർച്ച് നെറ്റ്‌വർക്ക് സൂചകങ്ങൾ എന്നിവയിലെല്ലാം ഇന്ത്യ പിന്നിലാണ്. ഇത് കൂടുതൽ അന്താരാഷ്ട്ര സഹകരണത്തിന്റെയും ആശയ വിനിമയത്തിന്റെയും ആവശ്യകതയാണ് സൂചിപ്പിക്കുന്നത്.
അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അനുപാതത്തിലും ഇന്ത്യ പിന്നിലാണ്. ഇതിൽ ഇന്ത്യയുടെ ശരാശരി സ്കോർ 2.9 ആണ്. ഇത് ആഗോള ശരാശരിയായ 21.4 നെ അപേക്ഷിച്ച് വളരെ കുറവാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കേണ്ടതിന്റെയും ഉൾക്കൊള്ളേണ്ടതിന്റെയും ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ഫാക്കൽറ്റി-വിദ്യാർത്ഥി അനുപാതത്തിലെ സ്കോർ 18 ആണ്. ഇതും ആഗോള ശരാശരിയായ 27.6 നേക്കാൾ വളരെ കുറവാണ്. ഫാക്കൽറ്റി റിക്രൂട്ട്‌മെന്റിലും അവരെ നിലനിർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 28, 2023 1:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ലോകത്തിലെ ഏറ്റവും മികച്ച 150 യൂണിവേഴ്സിറ്റികളുടെ ലിസ്റ്റിൽ ഐഐടി ബോംബെയും; ഡൽഹി യൂണിവേഴ്സിറ്റി 407-ാം സ്ഥാനത്ത്