ഓക്‌സ്‌ഫോഡിൽ പിഎച്ച്ഡിയ്ക്ക് ചേര്‍ന്നു; തമിഴ്‌നാട് സ്വദേശിനിക്ക് ഒരു കോടി രൂപ നഷ്ടം
- Published by:Sarika N
- news18-malayalam
Last Updated:
തന്റെ സമ്മതമില്ലാതെ മാസ്റ്റേഴ്‌സ് കോഴ്‌സിലേക്ക് തന്നെ നിര്‍ബന്ധപൂര്‍വ്വം മാറ്റിയെന്ന് വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി ബാലകൃഷ്ണന്‍ ആരോപിച്ചു
ഒരു കോടി രൂപ ചെലവാക്കി പിഎച്ച്ഡി പഠനത്തിനായി എത്തിയ തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല ബിരുദാനന്തരതലത്തിലേക്ക് മാറ്റിയെന്ന് ആരോപണം. തന്റെ സമ്മതമില്ലാതെയാണ് മാസ്റ്റേഴ്‌സ് കോഴ്‌സിലേക്ക് തന്നെ നിര്‍ബന്ധപൂര്‍വ്വം മാറ്റിയതെന്ന് വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി ബാലകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ ഇരട്ട ബിരുദാനന്തരബിരുദം നേടിയ ആളാണ് ലക്ഷ്മി. ഗവേഷണപഠനത്തിനായാണ് ലക്ഷ്മി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെത്തിയത്.
സര്‍വകലാശാലയില്‍ അപേക്ഷ നല്‍കുന്ന സമയത്ത് തന്റെ ഗവേഷണ വിഷയം യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അംഗീകരിച്ചിരുന്നു. എന്നാല്‍ നാലാം വര്‍ഷം ആഭ്യന്തര വിശകലനത്തിന് വന്ന മറ്റ് രണ്ട് അധ്യാപക വിദഗ്ധര്‍ ലക്ഷ്മിയുടെ പിഎച്ച്ഡി വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തി. ഷേക്‌സ്പിയറിനെപ്പറ്റിയുള്ള ഗവേഷണമായിരുന്നു ലക്ഷ്മിയുടേത്. എന്നാല്‍ ലക്ഷ്മിയുടെ ഗവേഷണ വിഷയത്തിന് പ്രാധാന്യമില്ലെന്ന് പറഞ്ഞ് സര്‍വകലാശാല അവരെ മാസ്റ്റേഴ്‌സ് കോഴ്‌സിലേക്ക് മാറ്റുകയായിരുന്നു.
ഈ തീരുമാനത്തിനെതിരെ ലക്ഷ്മി രംഗത്തെത്തുകയും അപ്പീല്‍ നല്‍കുകയും ചെയ്തു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. ' അവര്‍ എന്നെ നിര്‍ബന്ധപൂര്‍വം പിഎച്ച്ഡി കോഴ്‌സില്‍ നിന്നും മാസ്റ്റേഴ്‌സ് കോഴ്‌സിലേക്ക് മാറ്റുകയായിരുന്നു,' ലക്ഷ്മി പറഞ്ഞു. ലോകത്തിലെ മികച്ച യൂണിവേഴ്‌സിറ്റികളിലൊന്നായ ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും ഇത്തരമൊരു അനുഭവം ഉണ്ടാകുമെന്ന് താനൊരിക്കലും കരുതിയില്ലെന്നും ലക്ഷ്മി പറഞ്ഞു.
advertisement
'' രണ്ട് മാസ്റ്റേഴ്‌സ് ബിരുദം ഉള്ളയാളാണ് ഞാന്‍. ഇന്ത്യയിലാണ് ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയത്. പിഎച്ച്ഡി പഠനത്തിന് വേണ്ടിയാണ് ഓക്‌സ്‌ഫോര്‍ഡില്‍ ഒരു കോടിയോളം രൂപ ചെലവാക്കിയത്. അല്ലാതെ വീണ്ടും ഒരു ബിരുദാനന്തരബിരുദം നേടാന്‍ വേണ്ടിയല്ല,'' ലക്ഷ്മി പറഞ്ഞു.'' എന്റെ കുടുംബത്തില്‍ നിന്ന് വിദേശ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെയാളാണ് ഞാന്‍. വളരെ പിന്നോക്ക പശ്ചാത്തലത്തിലുള്ള കുടുംബമാണ് എന്റേത്. ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് ഓക്‌സ്‌ഫോര്‍ഡില്‍ പഠിക്കാനെത്തിയത്,'' ലക്ഷ്മി പറഞ്ഞു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 29, 2024 2:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഓക്‌സ്‌ഫോഡിൽ പിഎച്ച്ഡിയ്ക്ക് ചേര്‍ന്നു; തമിഴ്‌നാട് സ്വദേശിനിക്ക് ഒരു കോടി രൂപ നഷ്ടം