ഹിന്ദുത്വ നേതാക്കളുടെ ആശയങ്ങൾ പാഠഭാഗത്തിൽ; കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സിലബസിൽ കാവിവൽക്കരണം എന്നാരോപിച്ച് കെ എസ് യുവും എം എസ് എഫും സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
കണ്ണൂർ: ഹിന്ദുത്വ നേതാക്കളുടെയുടെ ആശയങ്ങൾ ഉൾപ്പെടുത്തിയ കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ. എം എ
ഗവേർണനൻസ് ആൻഡ് പൊളിറ്റിക്ക്സിന്റെ സിലബസില്‍ സവർക്കറുടെയും ഗോൾവാൾക്കറുടെയും കാഴ്പാടുകൾ ഉള്ളികൊള്ളിച്ചിട്ടുള്ളതിലാണ് പ്രതിഷേധം. സിലബസിൽ കാവിവൽക്കരണം എന്നാരോപിച്ച് കെ എസ് യുവും എം എസ് എഫും സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
ബ്രണ്ണൻ കോളേജിൽ ആരംഭിച്ച പൊളിറ്റിക്സ് ആൻഡ് ഗോവെർണൻസ് എം എ പ്രോഗ്രാമുമായി ബന്ധപെട്ടാണ് വിവാദം ഉയർന്നത്. മുന്നാം സെമസ്റ്റർ സിലബസിൽ സവർക്കറിന്റെയും ഗോൾവാൾക്കറുടെയും കാഴ്ചപ്പാടുകൾ ഉൾപ്പെടുത്തിയത് കാവി വൽക്കരണത്തിന്റെ ഭാഗമായാണെന്നാണ് ആക്ഷേപം. " ഗാന്ധിജിയെയും നെഹ്റുവിനെയും അപ്രസക്തരാക്കിയാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത്. " കെഎസ്‌യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമാസ് ന്യൂസ് 18 നോട് പറഞ്ഞു.
advertisement
അതേസമയം എല്ലാ കാഴ്ചപ്പാടുകളെയും ഉൾപ്പെടുത്തി അതിവിശാലമായ സിലബസാണ് തയാറാക്കിയതാണ് സർവകലാശാലയുടെ നിലപാട്. ടാഗോർ, ഗാന്ധി, നെഹ്‌റു, അംബേദ്‌കർ എന്നിവരുടെ വിശാലവും പുരോഗമനപരവുമായ കാഴ്പ്പാടുകളും, അതിനെ എതിർക്കുന്ന ഇന്ത്യൻ വലതു ദേശീയതയുടെ വക്താക്കളെയും സിലബസിൽ ഉൾപ്പെടുത്തി എന്നും അധ്യാപകർ വ്യക്തമാക്കുന്നു.
advertisement
വിദ്യാർത്ഥികൾ വിശാലമായ അർത്ഥത്തിൽ എല്ലാ രാഷ്ട്രീയ കാഴ്ചപ്പാടുകളെ പറ്റിയും പഠിക്കട്ടെ എന്നാണ് സർവകലാശാല യൂണിയൻ നിലപാട്. " കെഎസ്‌യുവിന്റെയും എംഎസ്എഫ് ന്റെയും പ്രതിഷേധം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ്. സിലബസ് വിഷയത്തിൽ ഒരു വലിയ സംവാദത്തിന് സർവകലാശാല വിദ്യാർത്ഥി യൂണിയൻ വേദിയൊരുക്കും. "-
കണ്ണൂർ സർവകലാശാലാ യൂണിയൻ ചെയർമാൻ എം കെ ഹസൻ ന്യൂസ് 18 നോട് പറഞ്ഞു.
അതേസമയം, വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തിപ്പെടുത്താനാണ് കെഎസ്‌യു ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം
advertisement
സിലബസ് തയാറാക്കിയ വിദഗ്ധ സമിതിയുടെ വിശദീകരണം....
ബ്രണ്ണൻ കോളേജിൽ ആരംഭിച്ച പൊളിറ്റിക്സ് ആൻഡ് ഗവേർണൻസ് എം എ പ്രോഗ്രാമുമായി ബന്ധപെട്ടു ഉയർന്നു വന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ഇത്തരത്തിൽ ഒരു വിശദികരണ കുറിപ്പ് ഇറക്കുന്നത്. മറുപടി അർഹിക്കുന്ന ആഴമുള്ള ആരോപണങ്ങൾ ഇല്ലാത്തതിനാൽ ഈ ആരോപണങ്ങളോട് പ്രതികരിക്കേണ്ട എന്നായിരുന്നു തുടക്കത്തിൽ എടുത്ത സമീപനം. എങ്കിലും ചില സാമൂഹിക മാധ്യമങ്ങളിൽ ഇതിനെ സംബന്ധിച്ചു വാസ്തവവിരുദ്ധമായ അഭിപ്രായങ്ങൾ വന്നതും, സോഷ്യൽ മീഡിയ ഒരു മാധ്യമമായി ഉപയോഗിച്ച് സിലബസിന്റെ സ്പിരിറ്റിനെ ഇല്ലാതാക്കാനും, സമുഹത്തെ തെറ്റിദ്ധരിപ്പിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങൾ ചില തല്പര കക്ഷികൾ നടക്കുന്നത് കണ്ടതുകൊണ്ടും കൂടിയാണ് അതിന്റെ നിജ സ്ഥിതി വിളിപ്പെടുത്തണം എന്ന ഒരു നിലപടിലേക്കു എത്തപ്പെട്ടത്. തെറ്റിധാരണ ഇല്ലാതാക്കാൻ വേണ്ടിയാണ് ഈ കുറിപ്പ് ഇറക്കുന്നത്.
advertisement
സിലബസുമായി ഉയർന്നു വന്ന ഒരു പ്രധാനപ്പെട്ട ആരോപണം ബ്രെണ്ണനിൽ ആരംഭിച്ച പൊളിറ്റിക്സ് ആൻഡ് ഗവേർണൻസ് എം എ പ്രോഗ്രാമ്മിയിൽ, ഗോള്വാക്കറിനെയും, സവർക്കേറെയും പുൽകി കണ്ണൂർ സർവകാലശാല കോഴ്സിനെ കാവിവൽക്കരിക്കുന്നു എന്നായിരുന്നു. ഇതിനു ആസ്പദമായി കൊടുത്തത് മൂന്നാം സെമെസ്റ്ററിലെ "തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്" എന്ന കോഴ്‌സിൽ സവർക്കറുടെ ഹിന്ദുത്വ ആശയവും, ഗോള്വാക്കറിന്റെ ബെഞ്ച് ഓഫ് തോട്സും പ്രത്യേകം ഇടം പിടിച്ചപ്പോൾ, ഗാന്ധിയെയും നെഹ്രുവിനെയും തഴഞ്ഞു എന്നതാണ്.
ഇനി ഈ ആരോപണത്തിൽ കഴമ്പ് ഉണ്ടോ എന്ന് ആദ്യമായി പരിശോധിക്കാം.
advertisement
"തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്" എന്ന സിലബസ് പൂർണമായും "ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്" എന്ന ആശയം ഉൾകൊള്ളുന്നില്ല. ഇതൊരു പരമ്പരാഗത രീതിയിൽ റാം മോഹൻ റോയ് മുതൽ അംബേദ്കറും പിന്നെ വലതുപക്ഷ ചിന്ത പദ്ധതികളും ഉൾകൊള്ളുന്ന പരമ്പരാഗത സമീപനത്തിൽനിന്നും വ്യതിരിക്തമായ ഒരു സിലബസ് ആണ് എന്നുള്ളതാണ് വാസ്തവം. നവീനമായ ഒരു സമീപനം ആണ് സിലബസിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ തെരഞ്ഞെടുക്കപ്പെട്ട് "തീംസ്" മാത്രമേ പഠനവിഷയം ആകുന്നുള്ളു. "തോട്ട്" സിലബസിന്റെ പരിസരങ്ങളിൽ വരുന്നില്ല. അഞ്ചു തീംസ് ആണ് ഇതിൽ ഇടം പിടിച്ചത്.
advertisement
കോഴ്സിലെ യൂണിറ്റുകൾ ആദ്യമായി ഒന്ന് പരിശോധിക്കാം.
ഒന്നാമത്തെ യൂണിറ്റ് "ഡിബേറ്റ്സ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്" ആണ്. അതിൽ പരിശോധിക്കുന്നത് ഇന്ത്യയുടേതായ ഒരു രാഷ്ട്രീയ സാമൂഹിക ചിന്ത ഉണ്ടോ എന്നതാണ്. പ്രശസ്‌ത സാമൂഹിക ചിന്തകരായ എ കെ രാമാനുജൻ , ഷെൽഡൺ പൊള്ളോക്, ബിഖു പരേഖ്, നോർമൻ ഡി പാൽമെർ തുടങ്ങിയ ചിന്തകരുടെ പഠനങ്ങളെ മുൻനിർത്തി അവരുടെ റീഡിങ്സ് കളിലൂടെയാണ് ക്ലാസുകൾ മുന്നാട്ടു പോകുന്നത് .
രണ്ടാമത്തെ യൂണിറ്റ് "രാഷ്ട്ര ഓർ നേഷൻ ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്" ആണ്. ഈ യൂണിറ്റ് ആണ് നേരത്തെ ഉന്നയിച്ച വിവാദത്തിനു ആധാരം. ഈ യൂണിറ്റ് അന്വേഷിക്കുന്നത് എന്താണ് ഇന്ത്യയുടെ പൊളിറ്റിക്കൽ സ്വതം, കൂടാതെ അതെങ്ങനെ രൂപം കൊണ്ട്, അതിൽ ആരുടെയൊക്കെ ചിന്ത ധാരകൾ കടന്നു വരുന്നു എന്നതാണ്. ഈ യൂണിറ്റ് ആരംഭിക്കുന്നത് തന്നെ ദേശീയതയെ വിമർശിക്കുന്ന ടാഗോറിന്റെ രചനയെ മുൻനിർത്തിയാണ്. അദ്ദേഹത്തിന്റെ മൂന്നു പ്രധാന നാഷണലിസം സ്പീച്ചുകളുടെ റീഡിങ്‌സ് പടിക്കുവാനായി സിലബസ് മുന്നോട്ടുവെക്കുന്നുണ്. ഈ യൂണിറ്റിൽ ടാഗോർ, ആരോബിന്ദോ, മഹാത്മാ ഗാന്ധി, നെഹ്‌റു, അംബേദ്‌കർ, വി ഡി സവർക്കർ, എം സ് ഗോൾവാക്കർ, ദീനദയാൽ ഉപാധ്യായ, ബാൽരാജ് മധോക്, കാഞ്ച ഇൽലൈഹ എന്നിവരുടെ ദേശീയതയെ സംബന്തിച്ചുള്ള കാഴ്പ്പാടുകൾ പഠിക്കുന്നുണ്ട്. അത് മാത്രവുമല്ല ദേശീയതയെ കുറിച്ചുള്ള ആധുനിക ഇന്ത്യയുടെ നിർമാതാക്കൾ എന്ന് കരുതുന്ന ടാഗോർ, ഗാന്ധി, നെഹ്‌റു, അംബേദ്‌കർ എന്നിവരുടെ വളരെ വിശാലവും പുരോഗമനപരവുമായ കാഴ്പ്പാടുകളും, അതിനെ എതിർക്കുന്ന ഇന്ത്യൻ വലതു ദേശീയതയുടെ വക്താക്കളായ സവർക്കർ, ഗോൾവാക്കർ, ദീൻ ദയാൽ ഉപാധ്യായ എന്നിവരുടെയും, അതോടൊപ്പം തന്നെ ഇന്ത്യൻ വലതു ദേശീയതയെ അതി നിശിതമായി വിമർശിക്കുന്ന കാഞ്ച ഐലയ്യ ഉൾപ്പെടെയുള്ള ചിന്തകരുടെ ആശയ ധാരകളും ചർച്ച ചെയ്യപ്പെടുന്നു. ഒരു സമഗ്രമായ യൂണിറ്റ് ആണ് ഇത്. ഇത്തരം ഒരു യൂണിറ്റിൽ വലതു പക്ഷ ചിന്താധാര എങ്ങനെ ഇന്ത്യൻ ദേശീയ സ്വത്വത്തെ നോക്കി കാണുന്നു എന്നുള്ളത് ഒരു പൊളിറ്റിക്സ് വിദ്യാർഥി തീർച്ചയായും വായിച്ചുവരണം. അതുകൊണ്ടാണ് സിലബസ്സിൽ വി ഡി സവർക്കർ, എം സ് ഗോൾവാക്കർ, ദീനദയാൽ ഉപാധ്യായ, ബാൽരാജ് മധോക് എന്നിവരുടെ റീഡിങ്‌സ് നിർദേശിക്കപ്പെട്ടത്.
സാംസ്‌കാരിക ദേശീയതയുമായി ബന്ധപെട്ടു സവർക്കർ, ഗോൾവാർക്കർ, ഉപാധ്യയായ് തുടങ്ങിയവരുടെ ചിന്തകൾ ഇന്ത്യയിലെ എല്ലാ യൂണിവേഴ്സിറ്റികളുടെയും പൊളിറ്റിക്കൽ സയൻസ് വകുപ്പുകളിൽ റീഡിങ് ആയി നൽകിയിട്ടുണ്ട്. അശോകാ യൂണിവേഴ്സിറ്റി വിനയ് സിതാപതിയുടെ ജുഗല്ബന്ദി: ബിജെപി ബിഫോർ മോദി എന്ന ബുക്കു മാത്രം ഒരു കോഴ്സ് ആയി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. കൂടാതെ അതിനെ അധികരിച്ചു ആർ എസ് എസ് എന്ന സംഘടനയുടെ ചരിത്രം, അതിന്റെ ചിന്താധാര, അതിൽ സവർക്കർ, ഗോൾവാക്കർ, ദീൻ ദയാൽ ഉപാധ്യായ എന്നിവരുടെ ആശയം തുടങ്ങിയ കോംപോണന്റുകൾ കോഴ്സിൽ ഓഫർ ചെയ്യപ്പെടുന്നുണ്ട്. ആതു സൂചിപ്പിക്കുന്നത് പുതു തലമുറ ഇന്ത്യയെ മനസിലാക്കണമെങ്കിൽ എന്തുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയം വലതുപക്ഷ വത്കരിക്കപ്പെട്ടു എന്നത് മനസിലാക്കണം എന്നുള്ളതാണ്. മാത്രവും അല്ല ഇതൊന്നും നിരോധിക്കപ്പെട്ട പുസ്തകങ്ങൾ അല്ല. മറിച്ചു ഇത്തരം ചിന്തകളിലൂടെയാണ് ഇന്ന് ഇന്ത്യൻ രാഷ്ട്രീയം ഇപ്പോൾ ചലിക്കപ്പെടുന്നത്. ഒരു പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി തീർച്ചയായും അത് മനസിലാക്കണം എന്ന ഉൾക്കാഴ്ചയിൽ ആണ് സിലബിസിൽ വി ഡി സവർക്കർ, എം സ് ഗോൾവാക്കർ, ദീനദയാൽ ഉപാധ്യായ, ബാൽരാജ് മധോക് റീഡിങ്ങിനായി നിർദേശിക്കപ്പെട്ടത്.
അതിലൊക്കെ ഉപരിയായി ഇന്ത്യയിലെ പൊളിറ്റിക്കൽ സയൻസ് സിലബസുകളിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും അവരുടെ പ്രത്യശാസ്ത്ര പരിസരവും എന്ന വിഷയം കാലങ്ങളായി ചർച്ചചെയ്യപെട്ടുപോരുന്നു. അതിൽ ബിജെപി, ആർ എസ് എസ്, എന്നിവയും ഉൾപെടും. അപ്പോൾ സിലബസ്സിൽ ഉൾപ്പെടുത്തി എന്ന് തല്പരകക്ഷികൾ മുൻപേ ആരോപിക്കപ്പെട്ട വി ഡി സവർക്കർ, എം സ് ഗോൾവാക്കർ, ദീനദയാൽ ഉപാധ്യായ, ബാൽരാജ് മധോക് എന്നിവർ പരമ്പരാഗതമായി റീഡിങ്ങിനായി നിർദേശിക്കപ്പെടുന്നവയും ക്ലാസ് മുറികളിൽ ചർച്ച ചെയ്യപെടുന്നവരും ആണ്. അസാധാരണമായ ഒരു പുതിയ കാര്യവും അതിൽ ഇല്ല എന്ന ഉത്തമ ബോധ്യത്തിൽ ആണ് സിലബസ്സിൽ വലതുപക്ഷ ദേശീയതയുടെ ലിറ്ററേച്ചർ റീഡിങ്‌സിൽ ഉൾപ്പെടുന്നത്.
മൂന്നാമതായി സിലബസ്സിൽ ഉൾപ്പെടുത്തിയ "തീം" എന്നത് "ക്രിട്ടിക്കൽ പെർസ്പെക്റ്റീവ്" എന്നാണത്. അതിൽ അംബേദ്‌ക്കറുടെ "അനിഹിലേഷൻ ഓഫ് കാസ്റ്റ്", "കാസ്റ്റ് ഇൻ ഇന്ത്യ" എന്ന അംബേദ്കറുടെ പ്രസിദ്ധമായ കൊളംബിയ യൂണിവേഴ്സിറ്റി സ്‌പീച്ചും ഉൾപ്പെടും. അതിനു കിട്ടിയ ഏറ്റവും വലിയ വിമർശനം ഗാന്ധിയിൽ നിന്നും ആണെന്നാണ് സിലബസ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മൂന്നാം യൂണിറ്റിൽ "എ വിൻഡിക്കേഷൻ ഓഫ് കാസ്റ്റ്: അംബേദ്‌കർ'സ് ഇന്ഡിക്കറ്റ്മെന്റ്" എന്ന പേരിൽ ഗാന്ധിയുടെ വളരെ പ്രസിദ്ധയമായ അംബേദ്കറുടെ ഗാന്ധി ക്രിട്ടിക് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഗാന്ധി നെഹ്‌റു എന്നിവരെ ഉൾപ്പെടുത്തിയില്ല എന്ന ആരോപണങ്ങളൊന്നും നിലനിൽക്കുന്നതല്ല. തീർത്തും വായന ഇല്ലാത്ത, ഇത്തരം വിഷയങ്ങളെ കുറിച്ച് ഒരു ധാരണയും ഇല്ലാത്ത, വായന വിരുദ്ധത ഉള്ള, ഫാസിസിസ്റ്റ് നിലപാടുള്ള ആളുകൾക്ക് മാത്രമേ ബാലിശമായ ഇത്തരത്തിലുള്ള ഒരു ആരോപണം മുന്നോട്ടു വെക്കാൻ സാധിക്കു. ആരോപണത്തിൽ ചിന്തകൾ ഇല്ല എന്നുള്ളതാണ് സത്യം. മറിച്ചു വികാരങ്ങളും, പോപ്പുലിസം ഉപയോഗിച്ചു സമൂഹത്തെ തെറ്റായി ഇൻഡോക്ടറിനെറ്റ് ചെയുന്ന സ്ട്രാറ്റജി ഉപയോഗിച്ചിട്ടുണ്ട്. പെട്ടെന്ന് ആരോപണങ്ങൾ വരുമ്പോൾ ആളുകൾ ശ്രദ്ധിക്കും, അതുവഴി അക്കാദമിക്കായി മേൽകൈ നേടാം എന്ന വിലകുറക്കഞ്ഞ ആന്റി അക്കാദമിക് നിലപാടുകൾ വ്യക്തമായി കാണുവാൻ സാധിക്കും. അതുവഴി സ്റ്റുഡന്റ്സ് ഓർഗാൻസിയേഷനെ തെറ്റിദ്ധരിപ്പിക്കുക, മീഡിയകളെ തെറ്റായി ഇൻഫോം ചെയുക എന്ന സ്ട്രാറ്റജികളൊക്കെ ഉപയോഗിച്ചിരിക്കുന്നു.
നാലമത്തെ യൂണിറ്റായി നിർദേശിക്കപ്പെട്ടത് "ഇന്ത്യൻ ചിന്തയിലെ ഡിസ്സെന്റ്" എന്നതാണ്. അതിൽ അമർത്യ സീനിന്റെ "അർഗുമെൻറിവ് ഇന്ത്യൻ", കാഞ്ച ഇലിയായയുടെ "വൈ ഐ ആം നോട് എ ഹിന്ദു" എന്ന പുസ്തകവും, "ലോകായത വാദം", കൂടാതെ ആൻഡ്രൂ നിക്കോള്സണ് എന്ന റൈറ്ററുടെ "ആസ്തിക" "നാസ്തിക" വാദം എന്ന റീഡിങ്ങും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
അഞ്ചാമതായി യൂണിറ്റിൽ "ഏർലി ഇന്ത്യ" എന്ന യൂണിറ്റിൽ ജേണിഫെർ ഓബോയെർ, ഷെൽഡൺ പൊള്ളോക്കിന്റെ "പൊളിറ്റിക്കൽ തൊട്ട് ഇൻ രാമായണ", കുമാർ സർക്കാരിന്റെ "ഹിന്ദു പൊളിറ്റിക്കൽ ഫിലിസോഫി" എന്ന എസ്സയും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. അഞ്ചാമത്തെ യൂണിറ്റ് ടൈറ്റിൽ പോലും ചിന്തിച്ചു നിർദേശിക്കപ്പെട്ടതാണു. കാരണം "അൻസിന്റ് ഇന്ത്യ" എന്നല്ല സിലബസ് പറയുന്നത്, അതൊരു വിവാദ പ്രയോഗം ആയതു കൊണ്ട്, ബാലൻസ്ഡ് ആയി "ഏർലി ഇന്ത്യ" എന്നാണ് സിലബസ് യൂണിറ്റ് ടൈറ്റിലിൽ കൊടുത്തിരിക്കുന്നത്.
ദേശീയതയെ സംബന്ധിച്ചു ഉള്ള ഇന്നത്തെ ഇന്ത്യൻ ബൗദ്ധിക വ്യവഹാരങ്ങൾ ഒരു വിദ്യാര്‍ഥിക്ക് വിമർശനാത്മകമായി പരിശോധിക്കണമെങ്കിൽ ഈ വ്യവഹാരങ്ങളെ കുറിച്ച് ഒരു അവബോധം ഉണ്ടായിരിക്കണം. പൗരത്വ ചർച്ചകൾ, സിറ്റിസൺഷിപ് രജിസ്റ്റർ തുടങ്ങി പുതിയതായി പല വലതു പക്ഷ വ്യവഹാരങ്ങളും ഇന്ത്യൻ രശീത്ര്യത്തിൽ രൂപം കൊണ്ടിരിക്കുന്നു. അത് മനസ്സിലാക്കണമെങ്കിൽ വലതു പക്ഷ ആശയ സാഹിത്യ അറിയണം. ആ ലക്‌ഷ്യം മുൻ നിർത്തിയാണ് ഇത്തരത്തിൽ ഒരു കോഴ്സ് തയ്യാറാക്കിയത്.
ഗൗരവതരമായി അക്കാദമിക സമൂഹം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. എന്തെന്നാൽ ചില ആളുകൾ അവർ എം എ സിലബസ്സിൽ പണ്ട് പടിച്ച കാര്യങ്ങൾക്കപ്പുറം മറ്റൊന്നും വായിക്കാൻ തയ്യാറല്ല. അവർ സിലബസ്സിൽ പുതിയവ ഉൾപെടുമ്പോൾ എതിർപ്പുമായി രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നു. അവരുടെ ബൗദ്ധിക നിലവാരമില്ലായ്മ മറച്ചുവെക്കുവാൻ ഉപയോഗിക്കുന്ന രസകരമായ ഒരു ആയുധം ഇവിടെ ഉപയോഗിക്കുന്നതു ചൂണ്ടികാണിക്കട്ടെ. അതിപ്രകാര ആണ്. വിദ്യാർത്ഥികൾ ഇതൊന്നും പഠിക്കാൻ കഴിവില്ലാത്തവർ ആണെന്നവർ പറയുന്നു. അവർ പാവങ്ങളാണ്, അവരുടെ ചിന്തകൾ ചെറുതാണ്. അതുകൊണ്ടു സിലബസ്സ് കടുപ്പം കുറക്കണം. ഇതാണ് ഇത്തരക്കാരുടെ ആരോപണം. ഇത്തരം ആരോപണം നടത്തുന്നവർ വായന തീരെ കുറവുള്ളവർ ആയതുകൊണ്ട്, പഠന ശാഖയിൽ രൂപം കൊള്ളുന്ന പുതിയ ബോധ്യങ്ങളെ അറിയുന്നില്ല. യഥാർത്ഥത്തിൽ ഇത്തരം ആളുകൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്തെന്നാൽ തങ്ങളുടെ കുറവുകളെ വിദ്യാർത്ഥികളെ മറയാക്കി, അവരെ ഒരു ആയുധമാക്കി, നല്ല പുതിയ മാറ്റങ്ങൾ ചെറുക്കുകയാണ്. ഇത്തരം ആളുകളെ തീർച്ചയായും ഒറ്റപെടുത്തണം എന്നതാണ് വാസ്തവം.
വായനയില്ലാത്ത ഇത്തരം ആളുകളുടെ ബാലിശമായ ആരോപണം ശ്രദ്ധിക്കേണ്ടതില്ല എന്നതായിരുന്നു അദ്യത്തെ നിലപട്. പക്ഷെ അവർ പോപുലിസം ഉപയോഗിച്ച്, നുണകൾ പറഞ്ഞു, പെട്ടെന്ന് വാർത്തകൾ നിർമിക്കാൻ സോഷ്യൽ മീഡിയ ഒരു ആയുധം ആയി ഉപയോഗിക്കുന്നു.
അതുകൊണ്ടു വെറും രാഷ്ട്രീയ ഉദ്ദേശ്യവും മുൻ നിർത്തി കൊണ്ട് ആരോപണങ്ങൾ ഉന്നയിക്കുന്നത് അക്കാഡമിക് രംഗത്ത് ശരിയാണോ എന്ന് ഗൗരവതരമായി ആലോചിക്കുന്നതിനുള്ള സന്ദർഭമായി ഈ ആരോപണത്തെ കാണണം എന്ന് അഭ്യർത്ഥിക്കുന്നു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 09, 2021 8:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഹിന്ദുത്വ നേതാക്കളുടെ ആശയങ്ങൾ പാഠഭാഗത്തിൽ; കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ