KEAM 2025| കീം ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി
- Published by:Rajesh V
- news18-malayalam
Last Updated:
കീം എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണ്ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ഹര്‍ജിയിലാണ് ഈ ഉത്തരവ്.
കൊച്ചി: എഞ്ചിനീയറിങ് ഉൾപ്പെടെ കേരളത്തിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള കീം (കേരള എഞ്ചിനീയറിങ് ആർകിടെക്ചർ മെഡിക്കൽ- KEAM) പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി.
സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ് വിധി. ജസ്റ്റിസ് ഡി കെ സിങ്ങിന്റേതാണ് ഉത്തരവ്. കീം എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണ്ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ഹര്‍ജിയിലാണ് ഈ ഉത്തരവ്. ഉത്തരവിനെതിരെ അടിയന്തരമായി അപ്പീൽ നൽകാനാണ് സർക്കാരിന്റെ തീരുമാനം.
advertisement
ഈ മാസം ഒന്നിനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കേരള എഞ്ചിനീയറിങ്, ഫാർമസി പ്രവേശന ഫലങ്ങൾ പ്രഖ്യാപിച്ചത്. കീമിന്റെ പ്രോസ്പെക്ടസിൽ അടക്കം മാറ്റം വരുത്തിയത് ചോദ്യം ചെയ്താണ് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്.
advertisement
കേരള സിലബസിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാർക്ക് കുറയാത്ത രീതിയിലുള്ള ഫോർമുലയാണ് ഇത്തവണ മുതൽ നടപ്പാക്കി റാങ്ക് പ്രസിദ്ധീകരിച്ചത്. മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്. ശുപാർശകളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കാതിരുന്നതോടെ കീം ഫലം വൈകിയിരുന്നു. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാർത്ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയിൽ മാര്‍ക്ക് ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
advertisement
എഞ്ചിനീയറിങ്ങില്‍ 86,549 പേർ പരീക്ഷയെഴുതിയതിൽ 76,230 പേർ യോഗ്യത നേടി. ഇതിൽ 33,555 പെൺകുട്ടികളും 33,950 ആൺകുട്ടികളുമടക്കം 67,505 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ആദ്യ നൂറ് റാങ്കുകാരിൽ 43 പേർ പ്ലസ് ടു കേരള ബോർഡ് പരീക്ഷയെഴുതിയവരാണ്. 55 പേർ സിബിഎസ്ഇ സിലബസും രണ്ടുപേർ ഐഎസിഎസ്ഇ സിലബസും പ്രകാരം യോഗ്യതാ പരീക്ഷയെഴുതിയവരാണ്. 33425 പേരാണ് ഫാർമസി പരീക്ഷയെഴുതിയത്. ഇതിൽ 27841 പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി.
advertisement
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
July 09, 2025 11:58 AM IST