മകൾക്ക് ഒപ്പം 49-ാം വയസ്സില്‍ ഡോക്ടറാകാന്‍ നീറ്റ് പാസായി അമ്മ

Last Updated:

ഒരു ഡോക്ടറാകുകയെന്ന പണ്ടെന്നോ ഉപേക്ഷിച്ച തന്റെ സ്വപ്‌നമാണ് അമുതവല്ലി ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത്

The Kashmir Today(Facebook)
The Kashmir Today(Facebook)
ജീവിതത്തിലെ വലിയൊരു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നുള്ള അമുതവല്ലി മണിവണ്ണന്‍. ഫിസിയോതെറപ്പിസ്റ്റായ അമുതവല്ലി ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ തന്റെ മകള്‍ക്കൊപ്പം പരീക്ഷയെഴുതി വിജയം നേടി. 49-ാം വയസ്സിലാണ് അമുതവല്ലിയുടെ ഈ നേട്ടം. സിബിഎസ്ഇ വിദ്യാര്‍ത്ഥിനിയായ 18-കാരി മകള്‍ എം സംയുക്ത കൃപാലിനിക്കൊപ്പം പരീക്ഷയെഴുതി വിജയം നേടാനായി എന്നതാണ് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.
നല്ലൊരു മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടണമെന്ന പ്രതീക്ഷയില്‍ നീറ്റിനുവേണ്ടി തീവ്രമായ തയ്യാറെടുപ്പിലായിരുന്നു മകള്‍ സംയുക്ത. ഇതാണ് അമ്മയ്ക്കും പ്രചോദനമായത്. ഇതോടെ ഒരു ഡോക്ടറാകുകയെന്ന പണ്ടെന്നോ ഉപേക്ഷിച്ച  തന്റെ സ്വപ്‌നം അമുതവല്ലി വീണ്ടും കാണാന്‍ തുടങ്ങി. തീവ്രമായ അഭിലാഷവും മനസ്സില്‍ പേറിയുള്ള പഠനത്തിനൊടുവില്‍ നീറ്റ് എന്ന കടമ്പ അമ്മയും മകളും ഒരുമിച്ച് ചാടിക്കടന്നു.
147 മാര്‍ക്ക് നേടിയ അമുതവല്ലി പേഴ്‌സണ്‍സ് വിത്ത് ബെഞ്ച്മാര്‍ക്ക് ഡിസെബിലിറ്റീസ് (പിഡബ്ല്യുഡി) വിഭാഗത്തില്‍ യോഗ്യത നേടി സ്വന്തം ജില്ലയായ തെങ്കാശിക്ക് സമീപമുള്ള വിരുതുനഗറിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചേരാന്‍ തീരുമാനിച്ചു. 450 മാര്‍ക്ക് നേടിയ സംയുക്ത ജനറല്‍ വിഭാഗത്തിലൂടെ സീറ്റ് പ്രതീക്ഷിക്കുന്നു. കൂടാതെ എസ്‌സി ക്വാട്ടയിലും യോഗ്യത നേടി.അമ്മയോടൊപ്പം ഒരേ കോളേജില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജനറല്‍ ക്വാട്ടയില്‍ മറ്റെവിടെയെങ്കിലും സംസ്ഥാനത്തിന് പുറത്ത് പഠിക്കാനാണ് ആഗ്രഹമെന്നും സംയുക്ത പറഞ്ഞു.
advertisement
വര്‍ഷങ്ങളായി ഫിസിയോതെറപ്പിസ്റ്റായി ജോലി ചെയ്യുകയാണ് അമുതവല്ലി. പക്ഷേ എപ്പോഴും മെഡിസിന് പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്ന് അവര്‍ പറയുന്നു. എന്നാല്‍ സാമ്പത്തികവും വ്യക്തിപരവുമായ പരിമിതികള്‍ കാരണം അവര്‍ക്ക് മെഡിസിന് ചേരാൻ കഴിഞ്ഞില്ല. പകരം ഫിസിയോതെറപ്പി പഠിച്ച് ആ മേഖലയില്‍ ഒരു കരിയര്‍ കെട്ടിപ്പടുക്കാന്‍ തീരുമാനിച്ചു. എങ്കിലും ഒരു ഡോക്ടറുടെ കോട്ട് ധരിക്കാനുള്ള ആഗ്രഹം മനസ്സില്‍ തന്നെ ഉറങ്ങാതെ കിടന്നു.
"15 വര്‍ഷം മുമ്പാണ് ഈ സ്വപ്‌നം മനസ്സിലേക്ക് വന്നത്. എന്നാല്‍ എനിക്ക് ഒരിക്കലും അതിന് അവസരം ലഭിച്ചില്ല. മകളോടൊപ്പം പരീക്ഷയ്ക്കായി തയ്യാറെടുക്കാന്‍ തുടങ്ങിയപ്പോള്‍ ഇപ്പോള്‍ സാധിച്ചില്ലെങ്കില്‍ ഒരിക്കലും ഇത് സാധിക്കില്ലെന്ന് എനിക്ക് മനസ്സിലായി. വീണ്ടും ശ്രമിക്കാന്‍ അവള്‍ എനിക്ക് ധൈര്യം നല്‍കി", അമുതവല്ലി പറഞ്ഞു. 30 വര്‍ഷത്തിനിപ്പുറം മകളുടെ അതേപാതയില്‍ വീണ്ടും ക്ലാസ്മുറിയിലേക്ക് മടങ്ങുകയാണെന്നും അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ഭര്‍ത്താവ് വളരെയധികം പിന്തുണയും പ്രോത്സാഹനവും നല്‍കിയതായും അവര്‍ പറയുന്നു.
advertisement
രാത്രി വൈകിയിരുന്നും പുസ്തകങ്ങള്‍ പരസ്പരം പങ്കിട്ടും പരസ്പരം പ്രോത്സാഹനവും ധൈര്യവും നല്‍കിയുമാണ് അമ്മയും മകളും നീറ്റിനായി തയ്യാറെടുത്തത്. മകളുടെ പാഠപുസ്തകങ്ങള്‍ വാങ്ങിയാണ് അമുതവല്ലിയും പഠിച്ചത്. എന്നാല്‍ മാറിയ സിലബസ്, ആശയങ്ങളിലെ മാറ്റം എന്നിവ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് അമുതവല്ലി പറയുന്നു. സ്‌കൂളില്‍ താന്‍ പഠിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായിരുന്നു സിലബസ് എന്നും എന്നാല്‍ മകളുടെ തയ്യാറെടുപ്പ് കണ്ടപ്പോള്‍ എന്തുകൊണ്ട് തനിക്കും ശ്രമിച്ചുകൂടെന്ന് തോന്നിയതായും അമുതവല്ലിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മകളായിരുന്നു തന്റെ ഏറ്റവും വലിയ പ്രചോദനമെന്നും അവര്‍ പറയുന്നു.
advertisement
വീട് അമ്മയുടെയും മകളുടെയും  പഠന കേന്ദ്രമായി. നീറ്റ് കോച്ചിങ്ങിനു ചേര്‍ന്നിരുന്ന സംയുക്ത വിഷയങ്ങള്‍ പലപ്പോഴും അമ്മയ്ക്കായി വിശദീകരിച്ചുനല്‍കി. സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ മനസ്സിലാക്കാന്‍ അമ്മയെ സംയുക്ത സഹായിച്ചു. താന്‍ പഠിച്ച കാര്യങ്ങള്‍ അമ്മയോട് വിശദീകരിക്കുന്നതിലൂടെ അവ ഓര്‍ത്തെടുക്കാന്‍ തനിക്കും എളുപ്പമായി എന്ന് സംയുക്ത പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Career/
മകൾക്ക് ഒപ്പം 49-ാം വയസ്സില്‍ ഡോക്ടറാകാന്‍ നീറ്റ് പാസായി അമ്മ
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement