NAAC Accreditation| കൈക്കൂലി വാങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളെ 'മികച്ച'താക്കിയ 900 വിദഗ്ധരെ നാക് പിരിച്ചുവിട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്ന 5000 അസസ്സ്മെന്റ് വിദഗ്ധരിൽ 900 പേരെയാണ് പിരിച്ചുവിട്ടത്
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസില്‍ നിരവധിപ്പേരെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ 900 അസസ്സമെന്റ് വിദഗ്ധരെ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (NAAC- നാക്) പിരിച്ചുവിട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്ന 5000 അസസ്സ്മെന്റ് വിദഗ്ധരിൽ 900 പേരെയാണ് പിരിച്ചുവിട്ടത്.
ആറ് മാസത്തിനും ഒരു വര്‍ഷത്തിനുമിടയില്‍ അസസ്സമെന്റ് വിദഗ്ധരെ നീക്കം ചെയ്തതായും എന്നാല്‍ ഭൂരിഭാഗം പേര്‍ക്കെതിരേയും അടുത്തിടെയാണ് നടപടി സ്വീകരിച്ചതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രാപ്രദേശിലെ ഒരു സ്ഥാപനത്തിന് അനുകൂലമായ ഗ്രേഡ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസില്‍ കഴിഞ്ഞദിവസം 10 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം 400 അസസ്‌മെന്റ് വിദഗ്ധരെ നാക് പിരിച്ചുവിട്ടിരുന്നു. കൂടുതല്‍ അസസ്സ്‌മെന്റ് വിദഗ്ധര്‍ക്കെതിരേ വിശദമായ അന്വേഷണം നടത്തി വരികയാണ്. സിബിഐ അറസ്റ്റ് ചെയ്തവരില്‍ ആറ് പേര്‍ നാക് ഇന്‍സ്‌പെക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ്
advertisement
ഒരു സ്ഥാപനം സന്ദര്‍ശിച്ച് അതിന്റെ നാക്ക് ഗ്രേഡ് നിര്‍ണയിക്കുന്ന ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്ന അക്കാദമിക് വിദഗ്ധരാണ് നാക് അസസ്സ്‌മെന്റ് വിദഗ്ധര്‍. ഇവരാണ് പിയര്‍ ടീം (peer team) രൂപീകരിക്കുന്നത്. ഈ പിയര്‍ ടീമുകള്‍ രൂപീകരിക്കുന്നതിന് നാക് വിവിധ വൈദഗ്ധ്യ മേഖലകളിലെ പ്രൊഫസര്‍മാരില്‍ നിന്ന് രജിസ്‌ട്രേഷന്‍ ക്ഷണിക്കുകയാണ് ചെയ്യുക.
വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 900 അസസ്സ്‌മെന്റ് വിദഗ്ധരെ നീക്കം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചിലര്‍ ജോലിയില്‍ സജീവമല്ലെന്ന് കണ്ടെത്തിയതായും അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നില്ലെന്നും കണ്ടെത്തിയതായും അവര്‍ പറഞ്ഞു. പിരിച്ചുവിടപ്പെട്ട ചിലര്‍ റിപ്പോര്‍ട്ടുകള്‍ ശരിയായ വിധത്തില്‍ തയ്യാറാക്കിയിട്ടില്ലെന്നും കണ്ടെത്തി. ചില സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്ന സ്‌കോര്‍ നല്‍കുന്നതിനുള്ള കാരണങ്ങള്‍ വ്യക്തിമായി കാണിക്കാതെ ചില ഘടകങ്ങളില്‍ ഉയര്‍ന്ന സ്‌കോറുകള്‍ നല്‍കിയിട്ടുണ്ടെന്ന് ചില ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
advertisement
2023 ഏപ്രില്‍-മേയ് മാസങ്ങളില്‍ A++ ഗ്രേഡുകള്‍ നല്‍കുന്നതിന് വളരെയധികം പ്രതികരണങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ചില മൂല്യനിര്‍ണയങ്ങള്‍ നാക് പുനഃപരിശോധിച്ചു . ഗ്രേഡിംഗിന്റെ ഗുണപരവും (Quality) അളവും (quantity) സംബന്ധിച്ച വശങ്ങള്‍ പരിശോധിച്ചു. ഇവ രണ്ടും തമ്മില്‍ ശ്രദ്ധേയമായ വ്യത്യാസമുണ്ടോയെന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു.
ആദ്യഘട്ടത്തില്‍ ഒരു പ്രത്യേക ഗ്രേഡ് ലഭിച്ച സ്ഥാപനത്തിന് രണ്ടാമത്തെ ഘട്ടത്തില്‍ രണ്ടോ അതിലധികമോ ഗ്രേഡുകള്‍ ലഭിച്ചപ്പോള്‍ അത്തരം കേസുകള്‍ വിലയിരുത്താന്‍ തീരുമാനിച്ചു. ആദ്യ ഘട്ടത്തില്‍ തന്നെ ഒരു സ്ഥാപനത്തിന് A++ ലഭിച്ച കേസുകളും അവലോകനം ചെയ്തു.
advertisement
പിയര്‍ ടീമിന്റെ നേതൃത്വത്തില്‍ നേരിട്ട് സ്ഥാപനം സന്ദര്‍ശിക്കുന്നതിന് പകരം മാര്‍ച്ചില്‍ കോളേജുകളില്‍ വെര്‍ച്വല്‍ സന്ദര്‍ശനങ്ങള്‍ നടത്താനും സര്‍വകലാശാലകള്‍ക്ക് ഗ്രേഡിംഗ് നൽകുന്നതിന് ഒരു ഹൈബ്രിഡ് സംവിധാനത്തിലേക്കും നാക് മാറുമെന്നും സൂചനയുണ്ട്.
''തുടര്‍ച്ചയായി നിരീക്ഷണം നടത്തി വരികയാണ്. മൂല്യനിര്‍ണയദിവസം മാത്രം ആ സ്ഥാപനം ആരാണ് സന്ദര്‍ശിച്ച് വിലയിരുത്തുന്നതെന്ന് ഉറപ്പാക്കും. സന്ദര്‍ശദിവസം മാത്രമാണ് ഏത് സ്ഥാപനമാണ് തങ്ങൾ വിലയിരുത്തുന്നതെന്ന് പിയര്‍ ടീം അറിയുകയെന്നും ഉറപ്പാക്കും,'' നാക് ഡയറക്ടര്‍ ഗണേശന്‍ കണ്ണബീരന്‍ പറഞ്ഞു.
2024ല്‍ നാക് അക്രഡിറ്റേഷന്‍ പ്രക്രിയയില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. ഗ്രേഡുകള്‍ക്ക് പകരം ബൈനറി അക്രഡിറ്റേഷന്‍, അതായത് സ്ഥാപനത്തെ 'അക്രഡിറ്റഡ്', 'അക്രഡിറ്റേഷനായി കാത്തിരിക്കുന്നു' അല്ലെങ്കില്‍ 'അക്രഡിറ്റഡ് അല്ല' എന്നിങ്ങനെ തിരിച്ചറിയുന്ന വിധത്തിലാണ് ഇത് പരിഷ്‌കരിച്ചിരിക്കുന്നത്. ഈ സംവിധാനത്തിലേക്ക് മാറുന്നതിന് നാക് തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നും മേയില്‍ ഇതിന് തുടക്കമിടാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചന നൽകുന്നു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 26, 2025 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
NAAC Accreditation| കൈക്കൂലി വാങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളെ 'മികച്ച'താക്കിയ 900 വിദഗ്ധരെ നാക് പിരിച്ചുവിട്ടു