• HOME
 • »
 • NEWS
 • »
 • career
 • »
 • ഇന്ത്യയിൽ വിദേശ സർവകലാശാലാ കാമ്പസ് ആരംഭിക്കാനുള്ള നിർദേശം: അഭിപ്രായം അറിയിക്കാനുള്ള സമയപരിധി UGC നീട്ടി

ഇന്ത്യയിൽ വിദേശ സർവകലാശാലാ കാമ്പസ് ആരംഭിക്കാനുള്ള നിർദേശം: അഭിപ്രായം അറിയിക്കാനുള്ള സമയപരിധി UGC നീട്ടി

എന്നാൽ കൂടുതൽ സമയം വേണമെന്ന് വിവിധ സർവകലാശാല അധികൃതരുടെ ആവശ്യമനുസരിച്ചാണ് തീയതി വീണ്ടും നീട്ടാൻ യുജിസി തീരുമാനിച്ചത്.

 • Share this:

  ഇന്ത്യയിൽ വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (FHEIs) കാമ്പസുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള കരട് നിർദേശങ്ങളിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) വീണ്ടും നീട്ടി. ഫെബ്രുവരി 20 ആണ് പുതിയ തീയതി. ആദ്യം ജനുവരി 18 വരെയും, പിന്നീടത് ഫെബ്രുവരി 3 വരെയുമാണ് കാലാവധി നൽകിയിരുന്നത്. എന്നാൽ കൂടുതൽ സമയം വേണമെന്ന് വിവിധ സർവകലാശാല അധികൃതരുടെ ആവശ്യമനുസരിച്ചാണ് തീയതി വീണ്ടും നീട്ടാൻ യുജിസി തീരുമാനിച്ചത്.

  “മേൽപ്പറഞ്ഞ കരട് ചട്ടങ്ങളിൽ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടാൻ ബന്ധപ്പെട്ടവരിൽ നിന്ന് അഭ്യർത്ഥനകൾ ലഭിച്ചതിനാൽ, അവസാന തീയതി 2023 ഫെബ്രുവരി 20 വരെ നീട്ടിയിരിക്കുന്നു,” എന്നാണ് യുജിസിയുടെ അറിയിപ്പ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ugcforeigncollaboration@gmail.com എന്ന വിലാസത്തിൽ അയക്കണമെന്ന് കമ്മീഷൻ അറിയിച്ചു.

  പുതിയ നിർദ്ദേശം നടപ്പാകുന്നതോടെ യുജിസിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രാജ്യത്ത് കാമ്പസുകൾ സ്ഥാപിക്കാൻ കഴിയൂ. ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ എഫ്എച്ച്ഇഐകൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് യുജിസി ചെയർപേഴ്സൺ എം ജഗദേഷ് കുമാർ പറഞ്ഞു.

  Also read-ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം നേടിയത് നാല് കോടി പേർ; 2020-21 ൽ ഇന്ത്യക്ക് റെക്കോർഡ് നേട്ടം

  വിദേശ സർവ്വകലാശാലകളെക്കുറിച്ചുള്ള യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ലോകം മുഴുവനുമുള്ള സർവകലാശാലകിൽ ഏറ്റവും മികച്ച റാങ്കിങ്ങിൽ ആദ്യ 500 ൽ ഉൾപ്പെടുന്ന സർവകലാശാലകൾക്കോ അല്ലെങ്കിൽ നിർദിഷ്ട വിഷയങ്ങളുടെ റാങ്കിംഗിൽ മികച്ച 500-ൽ ഉൾപ്പെടുന്ന വിദേശ രാജ്യങ്ങളിലെ സർവ്വകലാശാലകൾക്കോ ഇന്ത്യയിൽ കാമ്പസ് ആരംഭിക്കാം. ഈ റാങ്കിംഗ് കാലാകാലങ്ങളിൽ കമ്മീഷൻ പരിശോധിക്കുകയും മൂല്യനിർണ്ണയം നടത്തുകയും ചെയ്യും. കൂടാതെ, അപേക്ഷ നൽകുന്ന സ്ഥാപനം അവരുടെ മാതൃരാജ്യത്തെ ഒരു പ്രശസ്ത സ്ഥാപനമായിരിക്കണം.

  വിദ്യാർത്ഥികളുടെ പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്ന സർവ്വകലാശാലകൾ അവരുടെ പ്രോസ്പെക്ടസ് പരസ്യപ്പെടുത്തണമെന്നും യുജിസി നേരത്തെ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഓരോ പ്രോഗ്രാമിലെയും സീറ്റുകളുടെ എണ്ണം, ഫീസ് ഘടന, യോഗ്യതാ മാനദണ്ഡം, അഡ്മിഷൻ നടപടിക്രമം, അവരുടെ വെബ്‌സൈറ്റിലെ റീഫണ്ട് പോളിസി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇൻഫർമേഷൻ ബ്രോഷറിലോ പ്രോസ്‌പെക്ടസിലോ ഉണ്ടായിരിക്കണം.

  വിദേശ സർവകലാശാലകൾ സ്വന്തം രാജ്യത്ത് നൽകുന്ന അതേ ഗുണനിലവാരത്തിൽ തന്നെ ഇന്ത്യൻ കാമ്പസുകളിലും പ്രവർത്തിക്കണം. വിദേശ ക്യാമ്പസിന് തുല്യമായാണ് ഇവിടെ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. എന്നാൽ സർവകലാശാലകളുടെ പ്രവർത്തനത്തിനായുള്ള വിദേശ വരുമാനം സ്വീകരിക്കുന്നത്‌ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻറ് ആക്‌ട് അനുസരിച്ചായിരിക്കുമെന്നും യുജിസി ചെയർമാൻ കൂട്ടിച്ചേർത്തു.

  Also read-എംബിഎ പഠിക്കണോ? കേരളത്തിലെ പ്രധാന സ്ഥാപനങ്ങളിൽ ഇപ്പോൾ പ്രവേശനം നേടാം

  അതോടൊപ്പം യു.ജി.സിയുടെ അനുമതിയില്ലാതെ വിദേശസർവകലാശാലകൾ രാജ്യത്ത്‌ കാമ്പസുകൾ സ്‌ഥാപിക്കരുതെന്നും കരടു നിർദേശങ്ങളിൽ പറയുന്നുണ്ട്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ വിദേശ സർവകലാശാലകൾക്ക്‌ ഓൺലൈനായി അപേക്ഷ നൽകാം. 45 ദിവസത്തിനുള്ളിൽ ഈ അപേക്ഷകൾ പരിഗണിച്ച്‌ യു.ജി.സി അനുമതി നൽകും. ഈ സർവകലാശാലകൾക്ക് ഇന്ത്യയിൽ നിന്നും പുറത്തു നിന്നും അധ്യാപകരെ തിരഞ്ഞെടുക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

  പ്രവേശന നടപടികൾ ആരംഭിക്കുന്നതിന് കുറഞ്ഞത് 60 ദിവസം മുമ്പെങ്കിലും പ്രോസ്പെക്ടസ് ലഭ്യമായിക്കിയിരിക്കണം. ഇന്ത്യയിൽ കാമ്പസുകളുള്ള വിദേശ സർവകലാശാലകൾക്ക് ഓഫ്‌ലൈൻ മോഡിൽ മാത്രമേ മുഴുവൻ സമയ കോഴ്‌സുകൾ നടത്താനാകൂ. ഈ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ഓൺലൈനോ വിദൂര പഠനമോ ലഭ്യമല്ല. കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന സർവ്വകലാശാലകൾക്ക് 10 വർഷത്തേക്ക് പ്രാഥമിക അംഗീകാരം ലഭിക്കും. നിബന്ധനകൾ എല്ലാം പാലിക്കുന്നു എന്നുറപ്പായാൽ മാത്രമേ ഒമ്പതാം വർഷത്തിൽ അനുമതി പുതുക്കി നൽകുകയുള്ളൂ.

  Published by:Sarika KP
  First published: