യുകെയിൽ തൊഴില്‍ പ്രതിസന്ധി; അവസരങ്ങള്‍ കുറയുന്നു; തടസങ്ങള്‍ കൂടുന്നു;വിദേശ വിദ്യാര്‍ ത്ഥികൾ കുടുങ്ങുമോ?
- Published by:Rajesh V
- news18-malayalam
Last Updated:
തുടര്‍ച്ചയായി 35-ാം പാദത്തിലും യുകെയിലെ തൊഴില്‍ അവസരങ്ങളുടെ എണ്ണം കുറഞ്ഞു. 63,000 തൊഴിലവസരങ്ങളുടെ ഇടിവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്
യുകെയിലെ ജീവിത സാഹചര്യങ്ങളിലും തൊഴില്‍ സാധ്യതകളിലും ആകൃഷ്ടരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അങ്ങോട്ടേക്കുള്ള കുടിയേറ്റം വലിയ തോതില്‍ വര്‍ദ്ധിച്ചിരുന്നു. പ്രത്യേകിച്ചും വിദ്യാര്‍ത്ഥി വിസയില്‍ പഠിക്കാനായി യുകെയിലേക്ക് പോയിരുന്ന ആളുകള്‍ അവിടെ തന്നെ ജീവിക്കുന്ന പ്രവണതയാണ് ഇടക്കാലത്ത് കണ്ടിരുന്നത്.
എന്നാല്‍ യുകെയിലെ തൊഴില്‍, ജീവിത സാഹചര്യം വലിയ മാറ്റത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്. യുകെയിലെ തൊഴില്‍ വിപണി കടുത്ത പ്രതിസന്ധി നേരിടുന്നതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. പഠനത്തിനായി യുകെയിലേക്ക് ചേക്കേറിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ് ഇതോടെ സമ്മര്‍ദ്ദത്തിലായത്. പഠനാനന്തരം ശക്തമായ തൊഴില്‍ സാധ്യതകളാണ് രാജ്യം നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാലിപ്പോള്‍ രാജ്യത്തെ തൊഴില്‍ ഞെരുക്കത്തിന്റെ തീവ്രത അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു.
യുകെയിലെ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പേടിപ്പെടുത്തുന്നതാണ്. 2025 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കെടുക്കുമ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 4.6 ശതമാനം ഉയര്‍ന്നു. 2021-ലെ കോവിഡ് കാലഘട്ടം മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. ബിരുദാനന്തരം തൊഴില്‍ തേടുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണവും വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
advertisement
ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസില്‍ നിന്നുള്ള സമീപകാല കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. മേയ് മാസത്തില്‍ മാത്രം രാജ്യത്ത് 1,09,000 ശമ്പള തസ്തികകള്‍ അപ്രത്യക്ഷമായി. അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഇടിവാണിത്. ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് തൊഴിലാളികളെ കുറയ്ക്കാന്‍ തൊഴില്‍ദാതാക്കള്‍ നിര്‍ബന്ധിതരാകുന്നു. ജീവനക്കാരെ പിരിച്ചുവിടുകയും നിയമന നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്യുന്നു.
തുടര്‍ച്ചയായി 35-ാം പാദത്തിലും യുകെയിലെ തൊഴില്‍ അവസരങ്ങളുടെ എണ്ണം കുറഞ്ഞു. 63,000 തൊഴിലവസരങ്ങളുടെ ഇടിവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. രാജ്യവ്യാപകമായുള്ള ഓപ്പണിങ്‌സ് ഇതോടെ 7,36,000 ആയി ചുരുങ്ങിയിട്ടുണ്ട്. വിസാ പരിധികളും സ്‌പോണ്‍സര്‍ഷിപ്പ് തടസങ്ങളും സംസ്‌കാരപരമായ ക്രമീകരണങ്ങളിലുമെല്ലാം വെല്ലുവിളി അഭിമുഖീകരിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് നിലവിലെ തൊഴില്‍ പ്രതിസന്ധി കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.
advertisement
ഓരോ വര്‍ഷവും ആയിരകണക്കിന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പഠന വിസകളില്‍ നിന്ന് ഗ്രാജുവേറ്റ് റൂട്ടിലേക്ക് മാറുന്നുണ്ട്. ഇത് അവിടെ ജോലി കണ്ടെത്താന്‍ അവര്‍ക്ക് രണ്ട് വര്‍ഷത്തെ സമയം നല്‍കുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇതിനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒഴിവുകള്‍ കുറയുന്നത് തൊഴില്‍ രംഗത്തെ കടുത്ത മത്സരത്തെ സൂചിപ്പിക്കുന്നു.
തൊഴില്‍ വിസ നേടുകയെന്നതാണ് പലരുടെയും ലക്ഷ്യം. എന്നാല്‍ ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ പുതിയ നിയമനങ്ങള്‍ നടത്താന്‍, പ്രത്യേകിച്ചും വിസാ സ്‌പോണ്‍സര്‍ഷിപ്പില്‍ ആളുകളെ നിയമിക്കാന്‍ കമ്പനികള്‍ മടിക്കുന്നു.
advertisement
അടുത്തിടെ വന്നിട്ടുള്ള ഒരു സുപ്രധാന മാറ്റത്തെ കുറിച്ചും ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍ഷുറന്‍സില്‍ തൊഴില്‍ദാതാവിന്റെ പങ്കാളിത്തം 5,000 പൗണ്ടിന് മുകളിലുള്ള ശമ്പളത്തിന് 15 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ 9,100 പൗണ്ടിന് മുകളിലുള്ള ശമ്പളത്തിന് 13.8 ശതമാനം ആയിരുന്നു ഇത്. സര്‍ക്കാര്‍ കുറഞ്ഞ വേതനവും ദേശീയ ജീവിത വേതനവും ഉയര്‍ത്തി. ഇത് കമ്പനികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഇതിന്റെ ഫലമായി അന്താരാഷ്ട്ര ബിരുദധാരികളെ നിയമിക്കുന്നതില്‍ നിന്നും കമ്പനികള്‍ പിന്നോട്ടുപോയി.
സാമ്പത്തികം, സാങ്കേതികവിദ്യ തുടങ്ങി വലിയ ആഗ്രഹങ്ങളോടെയാണ് യുകെയില്‍ പഠിച്ച് അവിടെ തന്നെ ജോലി ചെയ്യാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെത്തുന്നത്. എന്നാല്‍, തൊഴില്‍ വിപണിയിലെ ഈ ഞെരുക്കം ഇവരെ സംബന്ധിച്ച് കാല്‍ക്കീഴില്‍ നിന്ന് പരവതാനി നീക്കം ചെയ്യുന്നത് പോലെയാണ്. ജോലി ഉണ്ടെങ്കിലും ശമ്പള വര്‍ദ്ധന കുറവായിരിക്കും. ബോണസുകള്‍ ഒഴികെ ശമ്പള വര്‍ദ്ധന രാജ്യത്ത് 5.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഏഴ് മാസത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ സാഹചര്യമാണിത്.
advertisement
അതായത് താഴ്ന്ന നിലയിലുള്ള ജോലികള്‍ വര്‍ദ്ധിക്കുന്ന വാടകയോ ജീവിത ചെലവോ താങ്ങാന്‍ കെല്‍പ്പുള്ളതായിരിക്കില്ല എന്നര്‍ത്ഥം. പ്രത്യേകിച്ചും ലണ്ടന്‍ പോലുള്ള നഗരങ്ങളില്‍ ഈ പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. ചിലര്‍ തൊഴിലില്ലാതിരിക്കുന്നതിനേക്കാള്‍ ഭേദം എന്തെങ്കിലും ചെയ്യുന്നത് ആണെന്ന് കരുതി തങ്ങളുടെ യോഗ്യതകളേക്കാള്‍ താഴെയുള്ള ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ആഗോളതലത്തില്‍ കരിയര്‍ പടുത്തുയര്‍ത്താന്‍ യുകെയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്ക് ഇത് ഒരു അവസാനമാകാം.
തിരിച്ചുവരവിനായി കാത്തിരിക്കാം
ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട ജൂണിലെ കണക്കുകള്‍ പ്രകാരം യുകെയില്‍ പണപ്പെരുപ്പം 3.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചുകൊണ്ട് സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള വ്യാപാര നയങ്ങള്‍ മാറുകയും ആഭ്യന്തര അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ യുകെയിലെ തൊഴിലുടമകള്‍ക്കിടയില്‍ ആത്മവിശ്വാസം ഇപ്പോഴും അസ്ഥിരമായി തുടരുകയാണ്.
advertisement
അതേസമയം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അവരുടെ തൊഴില്‍ തന്ത്രങ്ങള്‍ വൈവിധ്യവല്‍ക്കരിക്കേണ്ടതുണ്ട്. ഉയര്‍ന്ന നിയമന ശേഷിയുള്ള മേഖലകള്‍ കണ്ടെത്തുക, നൈപുണ്യ വികസനത്തില്‍ നിക്ഷേപിക്കുക, സാധ്യതയുള്ള തൊഴിലുടമകളുമായി നേരത്തെ ഇടപഴകുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക. വിദേശത്ത് ഇപ്പോഴും പഠനത്തിനായി യുകെ പരിഗണിക്കുന്നവര്‍ക്ക് നിലവിലെ തൊഴില്‍ വിപണിയുടെ വെളിച്ചത്തില്‍ അവരുടെ ഓപ്ഷനുകള്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്താന്‍ കഴിയും.
ആഗോള കരിയര്‍ വികസിപ്പിക്കുന്നതിനുള്ള ഒരു ലോഞ്ച്പാഡ് ആയിട്ടാണ് പണ്ടുമുതല്‍ക്കെ യുകെയെ കണ്ടുവരുന്നത്. എന്നാല്‍ 2025 ആയപ്പോഴേക്കും ഈ സാധ്യത അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ബാലികേറാ മലയായിരിക്കുകയാണ്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 11, 2025 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
യുകെയിൽ തൊഴില്‍ പ്രതിസന്ധി; അവസരങ്ങള്‍ കുറയുന്നു; തടസങ്ങള്‍ കൂടുന്നു;വിദേശ വിദ്യാര്‍ ത്ഥികൾ കുടുങ്ങുമോ?