പത്താം ക്ലാസ് ജയിച്ചോ? സൈക്കിൾ ചവിട്ടാനറിയാമോ? 25000 രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ട്
- Published by:Vishnupriya S
- news18-malayalam
Last Updated:
കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ 44,228 ഒഴിവുകൾ
പത്താം ക്ലാസ് ജയിച്ചവരാണോ നിങ്ങൾ? സൈക്കിൾ ചവിട്ടാനറിയാമോ? എങ്കിൽ കേന്ദ്ര തപാൽ വകുപ്പിൽ ജോലി നേടാം. അതും 25000 രൂപ ശമ്പളത്തിന്. കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ 44,228 ഒഴിവുകൾ. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. രാജ്യത്താകെ 39 പോസ്റ്റൽ സർക്കിളുകളിലായി 44,228 ഒഴിവുണ്ട്. ഇതിൽ 2433 ഒഴിവ് കേരള സർക്കിളിലാണ്. ഡിവിഷനുകൾ തിരിച്ചാണ് ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്.
മാത്തമാറ്റിക്സും ഇംഗ്ലീഷും ഉൾപ്പെട്ട പത്താംക്ലാസ് പാസായതിനു പുറമെ സൈക്കിൾ ഓടിക്കാൻ അറിയുന്നവർക്ക് അപേക്ഷിക്കാം. കൂടാതെ, അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം വേണം. ഉപജീവനത്തിനുള്ള വരുമാനവും ഉണ്ടായിരിക്കണം. ഡാക് സേവകായി നിയമിക്കപ്പെടുന്നവർക്ക് ടൈം റിലേറ്റഡ് കണ്ടിന്വിറ്റി അലവൻസും (ടിആർസിഎ) ഡിയർനെസ് അലവൻസുമാണ് നൽകുക. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 12,000 രൂപ മുതൽ 29,380 രൂപയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ഡാക് സേവകിന് 10,000 രൂപ മുതൽ 24,470 രൂപയുമാണ് ടിആർസിഎ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 05 ആഗസ്റ്റ് 2024 നാണ്.
advertisement
ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായി നിയമനം ലഭിക്കുന്നവർ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന വില്ലേജിലും അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ അതത് പോസ്റ്റ് ഓഫീസുകളുടെ അധികാരപരിധിക്കകത്തും താമസിക്കാൻ സന്നദ്ധരായിരിക്കണം. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ നിയമനത്തിന് മുൻപായി ബ്രാഞ്ച് പോസ്റ്റ് ഓഫീസിനായി സ്ഥലം നൽകണം.
ആലപ്പുഴ, ആലുവ, കാലിക്കറ്റ്, കണ്ണൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, ആർ.എം.എസ്.സി.ടി.- കോഴിക്കോട്, ആർ.എം.എസ്. എറണാകുളം, ആർ.എം.എസ്.ടി.വി. തിരുവനന്തപുരം, തലശ്ശേരി, തിരൂർ, തിരുവല്ല, തൃശ്ശൂർ, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം നോർത്ത്, വടകര, എന്നിവയാണ് കേരള സർക്കിളിലെ ഡിവിഷനുകൾ. കേരളത്തിലെ ഓരോ ഡിവിഷനിലും ഒഴിവുള്ള പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.indiapostgdsonline.gov.in ൽ ലഭിക്കും.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 24, 2024 8:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
പത്താം ക്ലാസ് ജയിച്ചോ? സൈക്കിൾ ചവിട്ടാനറിയാമോ? 25000 രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ട്