കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുള്ള വിരസത ആളുകളെ നിയമലംഘകരാക്കുമോ? പഠനങ്ങൾ പറയുന്നതിങ്ങനെ
- Published by:Asha Sulfiker
- news18-malayalam
Last Updated:
വിരസത നിസാരമായ അനുഭവമല്ല. നമ്മൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയം തന്നെയാണ്
കോവിഡ് മഹാമാരി നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് ഇടയാക്കിയത്. നമ്മുടെ ദൈനംദിന ജീവിതങ്ങളിൽ വലിയ നിയന്ത്രണങ്ങൾ അത് അടിച്ചേൽപ്പിച്ചു. മിക്കവാറും നിയന്ത്രണങ്ങളും രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന സ്ഥിതിയും ഉണ്ടായി. എന്നാൽ, തീവ്രമായ വിരസത അനുഭവിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഈ നിയന്ത്രണങ്ങളൊക്കെ തങ്ങളുടെ സ്വത്വത്തെ തന്നെ ഭീഷണിപ്പെടുത്തുന്നവയായി അവർക്ക് തോന്നിയേക്കാം. അത് പൊതുജനാരോഗ്യ സംരക്ഷണാർത്ഥം സർക്കാരുകളും ബന്ധപ്പെട്ട അധികൃതരും ഏർപ്പെടുത്തുന്ന നിയമങ്ങൾ ലംഘിക്കാൻ അവരെ പ്രേരിപ്പിക്കുന്നതായി പുതിയ മനഃശാസ്ത്ര പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മുമ്പ് നടന്ന ഗവേഷണങ്ങൾ വിരസതയും സാമൂഹിക അകലങ്ങൾ സംബന്ധിച്ച നിയമങ്ങളുടെ ലംഘനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണെങ്കിൽ ഈ പുതിയ പഠനം സമൂഹത്തിൽ ഇത് കൂടുതൽ വ്യാപകമാകുന്നുവെന്നും ജനങ്ങളിലെ സാമൂഹിക യാഥാസ്ഥിതികത്വം വർധിക്കുന്നുവെന്നും വെളിപ്പെടുത്തുന്നു.
"പൊതുജനാരോഗ്യ സംരക്ഷണാർത്ഥം മാസ്ക് നിർബന്ധിതമാക്കുകയും വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതും അടക്കമുള്ള നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും അത്യധികം രാഷ്ട്രീയവൽക്കരിക്കപ്പെടുകയുമാണ് ", കാനഡയിലെ വാട്ടർലൂ സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗം പ്രൊഫസർ ജെയിംസ് ഡാൻകെർട്ട് പറയുന്നു. "ഈ നിയന്ത്രണങ്ങൾ തങ്ങളുടെ സ്വത്വത്തിന് ഭീഷണിയാണെന്ന് കരുതുന്നവരും വല്ലാതെ വിരസത അനുഭവിക്കുന്നവരും ഈ നിയന്ത്രണങ്ങളുടെ ലംഘനം അർത്ഥപൂർണമാണെന്നും അതിലൂടെ തങ്ങളുടെ സ്വത്വം വീണ്ടെടുക്കാൻ കഴിയുമെന്നും കരുതുന്നു.
advertisement
ജീവിതം അർത്ഥപൂർണമാക്കുക എന്ന അടിസ്ഥാന ആവശ്യത്തിന് വിരസത ഒരു ഭീഷണിയായി മാറുന്നു. രാഷ്ട്രീയം പോലുള്ള ഇടപെടലുകൾ ജീവിതത്തിന്റെ അർത്ഥം, നമ്മുടെ സ്വത്വം എന്നിവയെയൊക്കെ വീണ്ടെടുക്കാൻ സഹായിക്കും", ഡാൻകെർട്ട് കൂട്ടിച്ചേർത്തു.
ഈ ഗവേഷണത്തിന്റെ ഭാഗമായി 900-ത്തിലധികം ആളുകളോട് വിരസത, രാഷ്ട്രീയ പ്രത്യയശാസ്ത്രം, മാസ്ക് ധാരണം, സാമൂഹ്യ അകലം തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചു. അവരിൽ നിന്നും ശേഖരിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി സ്റ്റാറ്റിസ്റ്റിക്കൽ ഉപാധികളുടെ സഹായത്തോടെയാണ് ഈ ഘടകങ്ങൾ തമ്മിലുള്ള ബന്ധം ഗവേഷണസംഘം ശാസ്ത്രീയമായി വിശദീകരിക്കുന്നത്.
advertisement
"ഒരുപാട് നിയന്ത്രണങ്ങൾ തീവ്രമായി രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും വ്യക്തിപരമായ ഉത്തരവാദിത്തത്തെ മുൻനിർത്തിയുള്ളവയാണ്" ഡാൻകെർട്ട് പറയുന്നു" .എന്നാൽ ഇത് മറ്റുള്ളവരെ പഴി ചാരാനും അവർക്ക് നേരെ ആരോപണങ്ങൾ ഉന്നയിക്കാനുമുള്ള സാഹചര്യം കൂടി സൃഷ്ടിക്കുന്നുണ്ട്. നമ്മളിൽ മിക്കവാറും അതിന് തയ്യാറാവാറില്ലെങ്കിലും. നമ്മൾ തമ്മിൽ പങ്കുവെയ്ക്കുന്ന മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ട കാര്യം", അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
നമ്മളിൽ പലർക്കും വിരസതയെ ക്രിയാത്മകമായി നേരിടുക എന്നത് വെല്ലുവിളികൾ നിറഞ്ഞ കാര്യമായിരിക്കും. മാത്രവുമല്ല, അതിന് വ്യക്തിഗതമായ നിലയിലും സാമൂഹികമായ തലത്തിലും നിരവധി പ്രത്യാഘാതങ്ങളും ഉണ്ടായേക്കും. വിരസത നിസാരമായ അനുഭവമല്ല. നമ്മൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയം തന്നെയാണ്". പ്രശ്നത്തിന്റെ ഗൗരവം സൂചിപ്പിച്ചുകൊണ്ട് ഡാൻകെർട്ട് വിശദീകരിക്കുന്നു.
Location :
First Published :
June 15, 2021 9:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുള്ള വിരസത ആളുകളെ നിയമലംഘകരാക്കുമോ? പഠനങ്ങൾ പറയുന്നതിങ്ങനെ


