തിരുവനന്തപുരം: പ്രവാസികളുടെ വിമാന യാത്രയ്ക്ക് കോവിഡ്-19-ന് നെഗറ്റീവ് ടെസ്റ്റ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പിന്‍വലിക്കുകയോ ഒരു മാസത്തേയ്ക്കെങ്കിലും നീട്ടിവയ്ക്കുകയോ ചെയ്യണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തിലേയ്ക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മാത്രം എന്തുകൊണ്ട് കോവിഡ് നെഗറ്റീവ് ടെസ്റ്റ് എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന് ഫ്ളൈറ്റിലും അത് ബാധകമാക്കി. അങ്ങനെ 'ഉള്ള കഞ്ഞിയിലും പാറ്റ വീഴ്ത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളില്‍ മാത്രമാണ് കോവിഡ് നെഗറ്റീവ് ടെസ്റ്റ് എന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വന്ദേഭാരത് മിഷന് വിമാനങ്ങള്‍ക്കോ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കോ ഇത് ബാധകമല്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ ഉത്തരവ് വിവേചനപരമാണ്. മുഖ്യമന്ത്രി നിര്‍ദേശിച്ച ട്രൂനാറ്റ് ടെസ്റ്റിന് വിദേശ സര്‍ക്കാരുകള്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. നമ്മള് പറയുന്നതെല്ലാം ഗള്‍ഫ് രാജ്യങ്ങളോ ഇന്ത്യന്‍ എംബസികളോ അനുസരിക്കുമെന്ന് മുഖ്യമന്ത്രി തെറ്റിദ്ധരിക്കരുത്. ഇന്ത്യാ ഗവണ്മെന്റിന്റെ 'ഹെല്‍ത്ത് പ്രോട്ടോക്കോള്‍' ആണ് എംബസികള്‍ക്ക് ബാധകം. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അവരുടേതും. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ മൂലം പ്രവാസി മലയാളികള്‍ക്ക് നാട്ടിലേയ്ക്ക് വരാനുള്ള വഴി സംസ്ഥാന സർക്കാർ ബോധപൂര്‍വം കൊട്ടിയടയ്ക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പ്രയാസങ്ങള്‍ കണ്ട് മനസ് വേദനിച്ചിട്ടാണ് കെ.എം.സി.സി., ഒ.ഐ.സി.സി., ഇന്‍കാസ്., മറ്റ് സാമൂഹ്യ-സാമുദായിക സംഘടനകള്‍, മാദ്ധ്യമങ്ങള്‍ എന്നിവ മുന്‍കൈയെടുത്ത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചത്. അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ആ സര്‍വ്വീസുകള്‍ മുടക്കാന്‍ സംസ്ഥാന സർക്കാർ ശ്രമിച്ചത് ക്രൂരമായിപ്പോയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.