സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നു. വിദ്യാര്‍ത്ഥികള്‍ക്കായുള്ള വാക്സിന് വിതരണവും ആരംഭിച്ചു. എന്നാല്‍ 18 വയസില്‍ താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളിലേക്ക് വാക്സിന് എത്തിത്തുടങ്ങിയിട്ടില്ല. മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ വാക്സിനെടുക്കാൻ ആശുപത്രികളിലേക്കെത്തിക്കുന്നത് ശ്രമകരമാണ്. പരിചിതമല്ലാത്ത ചുറ്റുപാടുകളില്‍ കുട്ടികള്‍ സാധാരണ പോലെ പെരുമാറാറില്ല. ഇതോടൊപ്പം പലരും രോഗബാധിതരാകാനുള്ള സാധ്യതയും രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന് ലഭ്യമാകാത്തതിന്റെ ആശങ്ക അധ്യാപകര്‍ക്കുമുണ്ട്.
സംസ്ഥാനത്ത് 18 വയസിന് താഴെയുള്ള മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികളടക്കം 15000 ലധികം പേരാണുള്ളത്. 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്ക് അവരുടെ സ്ഥലത്ത് തന്നെ വാക്സിനെടുക്കാൻ ആരോഗ്യവകുപ്പ് നേരത്തെ സൗകര്യം ഒരുക്കിയിരുന്നു. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയായിരുന്നു സര്‍ക്കാരിന്റെ നടപടി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളില്‍ വാക്സിന് സ്വീകരിച്ചവർക്ക് മാത്രമാണ് പഠനത്തിനായി വിദ്യാലയങ്ങളില്‍ നേരിട്ട് എത്തുന്നതിന് അനുമതിയുള്ളത്. വാക്സിന് ലഭിക്കാൻ വൈകുന്നത് കുട്ടികളുടെ പഠനത്തെയും ബാധിക്കുന്നുണ്ട്.
സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 98,084 കുട്ടികള്‍ക്ക് രണ്ടാം ദിനം കോവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 16,625 ഡോസ് വാക്സിന് നല്കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്സിന് നല്‍കിയത്. 16,475 പേര്‍ക്ക് വാക്സിന് നല്കി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനത്തും 11,098 പേര്‍ക്ക് വാക്സിന് നല്കി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 1,36,767 കുട്ടികള്‍ക്കാണ് വാക്സിന് നല്‍കിയത്. രണ്ട് ദിവസം കൊണ്ട് 8.92 ശതമാനം കുട്ടികള്‍ക്ക് വാക്സിന് നല്‍കാനായെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം 8023, കൊല്ലം 8955, പത്തനംതിട്ട 4383, ആലപ്പുഴ 10,409, കോട്ടയം 3457, ഇടുക്കി 5036, എറണാകുളം 3082, തൃശൂര്‍ 16,625, പാലക്കാട് 11,098, മലപ്പുറം 2011, കോഴിക്കോട് 2034, വയനാട് 3357, കണ്ണൂര്‍ 16,475, കാസര്‍ഗോഡ് 3139 എന്നിങ്ങനേയാണ് കുട്ടികള്‍ക്ക് വാക്സിന് നല്‍കിയത്.
കുട്ടികള്‍ക്കായി 949 വാക്സിനേഷന് കേന്ദ്രങ്ങളും 18 വയസിന് മുകളിലായി 696 വാക്സിനേഷന് കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1645 വാക്സിനേഷന് കേന്ദ്രങ്ങളാണുണ്ടായിരുന്നത്. 18 വയസിന് മുകളില്‍ വാക്സിന് എടുക്കേണ്ട ജനസംഖ്യയുടെ 98.6 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും 80 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്കി.
ജനുവരി 10 വരെ നടക്കുന്ന വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കുള്ള പ്രത്യേക വാക്സിനേഷന് കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.