നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • വാക്സിൻ എടുക്കൂ സമ്മാനം നേടൂ! വാഷിംഗ് മെഷീനും മിക്സിയും വാഗ്ദാനമായി തമിഴ്നാട് സർക്കാർ

  വാക്സിൻ എടുക്കൂ സമ്മാനം നേടൂ! വാഷിംഗ് മെഷീനും മിക്സിയും വാഗ്ദാനമായി തമിഴ്നാട് സർക്കാർ

  പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന എല്ലാവര്‍ക്കും ഞായറാഴ്ച ജില്ലയിലെ വാക്‌സിന്‍ കേന്ദ്രങ്ങളിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഒരു ഭാഗ്യ നറുക്കെടുപ്പ് നടത്തുകയും ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും

  • Share this:
   കോവിഡിനോട് അനുദിനം പൊരുതികൊണ്ടിരിക്കുമ്പോഴും പലര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ ഇപ്പോഴും ഭയമാണ്. ശക്തമായ കോവിഡ് പ്രതിരോധം തീര്‍ക്കാന്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ കരൂര്‍ ജില്ലാ ഭരണകൂടം. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന ആളുകള്‍ക്ക് സമ്മാനങ്ങളായി വാഷിംഗ് മെഷീനും മിക്‌സിയും അടക്കം നല്‍കുമെന്നാണ് കരൂര്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനം.

   18 വയസ്സിനു മുകളിലുള്ളവര്‍ക്കായി ഞായറാഴ്ച നടത്തുന്ന മെഗാ വാക്സിന്‍ ഡ്രൈവില്‍ കുത്തിവെയ്പ്പ് എടുക്കുന്ന ആളുകള്‍ക്ക് സമ്മാനങ്ങളായി ലഭിക്കാന്‍ പോകുന്നത് വാഷിംഗ് മെഷീന്‍, വെറ്റ് ഗ്രൈന്‍ഡര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, പ്രഷര്‍ കുക്കര്‍, പാത്രങ്ങള്‍ എന്നിവയാണ്. സംസ്ഥാനത്ത് നടത്തുന്ന അഞ്ചാമത്തെ മെഗാ വാക്‌സിന്‍ ഡ്രൈവ് ആണിത്.

   പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന എല്ലാവര്‍ക്കും ഞായറാഴ്ച ജില്ലയിലെ വാക്‌സിന്‍ കേന്ദ്രങ്ങളിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഒരു ഭാഗ്യ നറുക്കെടുപ്പ് നടത്തുകയും ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. ''തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ മെഗാ വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഞായറാഴ്ച വാക്‌സിനേഷന്‍ എടുക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് ഭാഗ്യ നറുക്കെടുപ്പ് നടത്തുകയും വിജയികള്‍ക്കായി സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. ' കരൂര്‍ ജില്ലാ കളക്ടര്‍ ടി.പ്രഭു ശങ്കര്‍ വ്യാഴാഴ്ച പത്രക്കുറിപ്പിലൂടെ അറിയിച്ചു. കൂടാതെ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പുകളിലേക്ക് ആളുകളെ കൊണ്ടുവരുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

   ഭാഗ്യ നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കുന്ന വിജയികള്‍ക്കായിഒന്നാം സമ്മാനം വാഷിംഗ് മെഷീനാണ്. രണ്ടാം സമ്മാനം വെറ്റ് ഗ്രൈന്‍ഡറും മൂന്നാം സമ്മാനം മിക്‌സര്‍ ഗ്രൈന്‍ഡറുമായിരിക്കും. 24 പേര്‍ക്ക് പ്രഷര്‍ കുക്കറുകള്‍ സമ്മാനമായി നല്‍കും.100 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. 25 ലധികം പേരെ കുത്തിവെപ്പിനായി ക്യാമ്പിലേക്ക് കൊണ്ടുവരുന്ന സന്നദ്ധപ്രവര്‍ത്തകരുടെ പേരുകളും ഭാഗ്യ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

   പ്രതിരോധ കുത്തിവെയ്പ്പ് കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ കരൂര്‍ ജില്ലാ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ സംസ്ഥാന ആരോഗ്യ മന്ത്രി മാ സുബ്രഹ്മണ്യന്‍ അഭിനന്ദിച്ചു. ''ഇതൊരു നല്ല ശ്രമമാണ്. ജില്ലാ ഭരണകൂടങ്ങളും ആരോഗ്യ വകുപ്പും നല്‍കിയ പിന്തുണയാണ് വാക്‌സിനേഷന്‍ ക്യാമ്പുകളുടെ വിജയം'' ഐഎഎന്‍എസിനോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

   ഓരോ ആഴ്ചയും 50 ലക്ഷം ഡോസ് വാക്‌സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. അതാത് ജില്ലാ ഭരണകൂടങ്ങളുടെ പിന്തുണയോടെ ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് തമിഴ്‌നാട്. അതിന്റെ ഭാഗമായാണ് മെഗാ വാക്‌സിന്‍ ഡ്രൈവ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ നടത്തുന്ന അഞ്ചാമത്തെ മെഗാ വാക്‌സിന്‍ ഡ്രൈവ് ആണിത്.
   Published by:Jayashankar AV
   First published:
   )}