നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് ഉണ്ടെന്ന് സംശയിച്ച് രോഗിയെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തു; ആശുപത്രിക്കെതിരെ കേസ്

  കോവിഡ് ഉണ്ടെന്ന് സംശയിച്ച് രോഗിയെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തു; ആശുപത്രിക്കെതിരെ കേസ്

  സംഭവം നടന്ന് നാല് മാസങ്ങൾക്ക് ശേഷം ആശുപത്രിയുടെ ഭാഗത്തുനിന്ന് 1897 ലെ എപ്പിഡെമിക് ഡിസീസ് ആക്റ്റ് ലംഘിച്ചതായി ആരോഗ്യവകുപ്പ് കണ്ടെത്തി. തുടർന്ന് നിയമപ്രകാരം നടപടികൾ സ്വീകരിക്കാന്‍ ശുപാർശ ചെയ്യുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഗുരുഗ്രാം: കോവിഡ് ഉണ്ടെന്ന് സംശയിച്ച് രോഗിയെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തെന്ന പരാതിയിൽ ആശുപത്രിക്കെതിരെ കേസ്. ഗുരുഗ്രാമിലെ പരസ് ആശുപത്രിക്കെതിരെയാണ് പകർച്ചവ്യാധി നിയമം ലംഘിച്ചതിന് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്. മുതിര്‍ന്ന പൗരനായ രോഗിയെ മെയ് മാസത്തിലാണ് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തത്.

   രോഗിയുടെ പരിശോധന റിപ്പോർട്ട് പിന്നീട് നെഗറ്റീവ് ആയി. കോവിഡ് ഉണ്ടെന്ന് തെറ്റായ റിപ്പോർട്ട് നൽകിയതിനാൽ അദ്ദേഹത്തിനും കുടുംബത്തിനും മാനസിക വേദന നേരിടേണ്ടിവന്നുവെന്ന് മുതിർന്ന പൗരൻ ആരോപിച്ചു.

   സംഭവം നടന്ന് നാല് മാസങ്ങൾക്ക് ശേഷം ആശുപത്രി1897 ലെ എപ്പിഡെമിക് ഡിസീസ് ആക്റ്റ് ലംഘിച്ചതായി ആരോഗ്യവകുപ്പ് കണ്ടെത്തി. തുടർന്ന് നിയമപ്രകാരം നടപടികൾ സ്വീകരിക്കാന്‍ ശുപാർശ ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച ഗുരുഗ്രാമിലെ സുശാന്ത് ലോക് പൊലീസ് സ്റ്റേഷനിൽ ആശുപത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

   മുൻ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥൻ കൂടിയായ 71 കാരനായ രോഗിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്.  “2020 മെയ് 18 ന് ഗുരുഗ്രാമിലെ പരാസ് ആശുപത്രിയിൽ അൻകിലോസിംഗ് സ്പൊണ്ടൈലിറ്റിസിന്റെ ചികിത്സയ്ക്കായി അദ്ദേഹം സ്വയം പ്രവേശിച്ചു. ഇതിനായി ഗുരുഗ്രാമിലെ ഇസി‌എച്ച്‌എസിൽ നിന്ന് 2,20,000 രൂപ ലഭിക്കുകയും ചെയ്തു.

   അതേ ദിവസം രാവിലെ തന്നെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനായിരുന്നുവെന്നും പിന്നീട് അർദ്ധരാത്രിയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. നിരവധി അപേക്ഷകൾ നൽകിയിട്ടും ആശുപത്രി വൈദ്യസഹായം നൽകാൻ വിസമ്മതിച്ചതായും പിന്നീട് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തതായും പരാതിയിലുണ്ട്.

   ആശുപത്രി 12,691 രൂപ ബിൽ നൽകിയതായും രോഗി ആരോപിച്ചു. 6,000 രൂപയ്ക്ക് പണമടയ്ക്കാൻ ആശുപത്രി അധികൃതർ അദ്ദേഹത്തെ നിർബന്ധിച്ചു. മുൻകൂറായി അംഗീകരിച്ച 2,20,000 രൂപ ഇതിനകം ആശുപത്രിയിൽ സമർപ്പിച്ചിരുന്നതിനാൽ ഈ തുക നൽകാൻ അദ്ദേഹം വിസമ്മതിച്ചു. കൂടാതെ കൊറോണ വൈറസ് പരിശോധനയുടെയും ഡിസ്ചാർജ് ചെയ്തതിന്റെയും റിപ്പോർട്ട് ഉൾപ്പെടെ നൽകാന്‍ ആശുപത്രി വിസമ്മതിച്ചു.

   കൊറോണ ഉണ്ടാകുമെന്ന ഭയത്താൽ ആശുപത്രി ജീവനക്കാർ തന്നെ ആശുപത്രി പരിസരത്ത് നിന്നു തന്നെ പുറത്താക്കിയെന്ന് ഇയാൾ പരാതിയിൽ ആരോപിച്ചു. മാനസികവും ശാരീരികവുമായ അപമാനവും ആശുപത്രി ജീവനക്കാരിൽ നിന്നു നേരിടേണ്ടി വന്നതായും പരാതിയിൽ പറയുന്നു.

   കൊറോണ ടെസ്റ്റ് റിപ്പോർട്ട് ആശുപത്രി ജീവനക്കാർ പിന്നീട് വാട്ട്‌സ്ആപ്പിൽ അയച്ചു കൊടുത്തതായി അദ്ദേഹം വ്യക്തമാക്കി. പിന്നീട് കുടുംബത്തോടൊപ്പം ക്വാറന്റീനിൽ കഴിയുകയും ചെയ്തു. അതിനുശേഷം, സിവിൽ ഹോസ്പിറ്റൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും അവരുടെ പ്രദേശത്തെ എല്ലാ താമസക്കാർക്കും കൊറോണ പരിശോധന നടത്തി. ഇതിൽ ഫലം നെഗറ്റീവ് ആയിരുന്നു.

   പരസ് ആശുപത്രി നൽകിയ തെറ്റായ റിപ്പോർട്ട് കാരണം, തനിക്കും തന്റെ കുടുംബാംഗങ്ങൾക്കും വെവ്വേറെ താമസിക്കേണ്ടിവന്നു, മാത്രമല്ല അവർക്ക് ഒരു മാസത്തോളം ക്വാറന്റീനിൽ കഴിയേണ്ടി വന്നു. കൂടാതെ പ്രദേശത്തെ ഒരു ഹോട്ട്‌സ്പോട്ട് ആയി പ്രഖ്യാപിക്കുകയും ചെയ്തു-അദ്ദേഹം പരാതിയിൽ വ്യക്തമാക്കി.

   ഇതിനെ തുടർന്നാണ് പരാതി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. ഇതിനെ തുടർന്ന് ആശുപത്രിക്കെതിരെ കേസെടുക്കുകയായിരുന്നു.   തങ്ങളുടെ എല്ലാ രോഗികൾക്കും മിതമായ നിരക്കിൽ മികച്ച ആരോഗ്യ സൗകര്യങ്ങൾ നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഏറ്റവും വലിയ ആരോഗ്യ ഭീഷണിയായ കൊറോണ വൈറസിനെ വളരെ ഗൗരവമായിട്ടാണ് കൈകാര്യം ചെയ്യുന്നതെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. കേസ് അന്വേഷണത്തിൽ സാധ്യമായ എല്ലാ സഹായവും സഹകരണവും നൽകുമെന്നും ആശുപത്രി വ്യക്തമാക്കി.
   Published by:Gowthamy GG
   First published:
   )}