ചെന്നൈ: രാജ്യത്തെ പ്രധാന സാങ്കേതിക സ്ഥാപനങ്ങളിലൊന്നായ മദ്രാസ് ഐഐടി കോവിഡ് ഹോട്ട്സ്പോട്ടായി മാറി. 71 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ് 19 പശ്ചാത്തലത്തിൽ ഒരു മെസ് മാത്രം പ്രവർത്തിപ്പിച്ചാൽ മതിയെന്ന അധികൃതരുടെ തീരുമാനമാണ് വൈറസ് വ്യാപനത്തിന് കാരണമായതെന്ന് വിദ്യാർഥികൾ ആരോപിച്ചു.
774 വിദ്യാർഥികളാണ് ക്യാമ്പസിലുളളത്. കോവിഡ് ബാധിച്ചവരിൽ ഭൂരിഭാഗവും കൃഷ്ണ-യമുന ഹോസ്റ്റലുകളിലെ
വിദ്യാർഥികളാണ്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ഡിപ്പാർട്ട്മെന്റുകളും അടച്ചിടാൻ അധികൃതർ തീരുമാനിച്ചു.
പനി,ചുമ, തൊണ്ടവേദന, രുചി, മണം എന്നിവ അറിയാതിരിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ ഉളളവരോട്
ആശുപത്രി അധികൃതരുമായി ബന്ധപ്പെടാനും നിർദേശിച്ചിട്ടുണ്ട്. സ്റ്റാഫുകളോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.
ബിരുദാനന്തര വിദ്യാർഥികളോടും ഗവേഷണ വിദ്യാർഥികളോടും മറ്റുളളവരോടും റൂമിൽ തന്നെ കഴിയാനാണ് നിർദേശിച്ചിരിക്കുന്നത്. ഇവർക്കാവശ്യമായ ഭക്ഷണം റൂമിലെത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഞായറാഴ്ച 32 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് എല്ലാ വിദ്യാർഥികളെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. നിലവിൽ 66 വിദ്യാർഥികൾക്കും അഞ്ച് സ്റ്റാഫ് അംഗങ്ങൾക്കുമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ നില തൃപ്തികരമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.