Covid Vaccine| വാക്സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ല; നിലപാട് കർശനമാക്കി സർക്കാർ
- Published by:Rajesh V
- news18-malayalam
Last Updated:
വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങള്‍, അലര്‍ജി മുതലായ ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ വാക്‌സിന്‍ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ചതോറും സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം സമര്‍പ്പിക്കുകയോ ചെയ്യണം.
തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് ഇനി മുതല്‍ സൗജന്യ ചികിത്സ നല്‍കേണ്ടതില്ലെന്ന് കോവിഡ് അവലോകന യോഗത്തില്‍ (Covid Review Meeting) തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് (Pinarayi Vijayan) ഫേസ്ബുക്ക് കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിന്‍ (Covid Vaccine) സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങള്‍, അലര്‍ജി മുതലായ ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ വാക്‌സിന്‍ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ചതോറും സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം സമര്‍പ്പിക്കുകയോ ചെയ്യണം. സ്‌കൂളുകളിലും കോളജുകളിലും പോകുന്ന വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്. ഓഫീസുകളിലും പൊതു ജനസമ്പര്‍ക്കമുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.
ഒമിക്രോണ്‍ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. വിദേശത്തുനിന്ന് വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ യാത്രാചരിത്രം കര്‍ശനമായി പരിശോധിക്കണം. പ്രഖ്യാപിച്ച പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ നടപടിയെടുക്കണം. അതില്‍ വിട്ടുവീഴ്ചയുണ്ടാകരുത്.
advertisement
രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ഗൗരവമായി ഇടപെടണം. ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശംനല്‍കി. ഇതിന് അനുസൃതമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കൂളുകളിലെത്തി പഠിക്കാന്‍ അനുമതി നല്‍കും. സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ തല്‍ക്കാലം മാറ്റമില്ല. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു.
5000ത്തോളം അധ്യാപകർ വാക്സിനെടുത്തില്ലെന്നാണ് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് വിദ്യാഭ്യാസവകുപ്പ് നീക്കം തുടങ്ങിയിരിക്കുകയാണ്. ചില അധ്യാപകർ ആരോഗ്യപ്രശ്നങ്ങൾ പറയുന്നുണ്ടെങ്കിലും കൂടുതൽ പേരും മതിയായ കാരണമില്ലാത്തവരാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിലയിരുത്തൽ. ദുരന്തനിവാരണ വകുപ്പുമായി ആലോചിച്ച് വകുപ്പുതല നടപടി ആലോചനയിലാണ്. ഇതിനായി ജില്ല തിരിച്ചുള്ള കണക്ക് ശേഖരിക്കുകയാണ്.
advertisement
വ്യത്യസ്ത പ്രതികരണവുമായി അധ്യാപക സംഘടനകൾ
വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കാനുള്ള സർക്കാർ തീരുമാനത്തിൽ വ്യത്യസ്ത പ്രതികരണവുമായി അധ്യാപക സംഘടനകൾ. സർക്കാർ തീരുമാനത്തോടൊപ്പം നിൽക്കുമെന്ന് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ വ്യക്തമാക്കി. അതേസമയം, വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പട്ടിക ആദ്യം പുറത്തുവിടണമെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ കെപിഎസ്ടിഎ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി പറയുന്ന കണക്ക് കള്ളമാണെന്നായിരുന്നു ലീഗ് അധ്യാപക സംഘടനയായ കെഎസ്ടിയുവിന്‍റെ അഭിപ്രായം.
വാക്സിനെടുക്കാത്തവരുടെ പേര് പുറത്തുവിടാതെ അധ്യാപകരെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് കെപിഎസ്ടിഎ ചൂണ്ടിക്കാട്ടിയത്. ആരോഗ്യകാരണങ്ങളാൽ മാറിനിൽക്കുന്നവർ ചുരുക്കം പേർ മാത്രമാണെന്നും അവർക്ക് ബോധവത്കരണം നൽകാൻ തയാറാണെന്നും കെഎസ്ടിയു വ്യക്തമാക്കി.
Location :
First Published :
November 30, 2021 9:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccine| വാക്സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ല; നിലപാട് കർശനമാക്കി സർക്കാർ


