Covid 19 | റെംഡെസിവിര്‍ ക്ഷാമം; ബംഗളൂരു ആശുപത്രികളില്‍ സ്റ്റോക്ക് ആറു ശതമാനത്തില്‍ താഴെ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്ന 59 ആശുപത്രികളിലാണ് റെംഡെസിവിര്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ന്യൂഡല്‍ഹി: ബംഗളൂരുവിലെ ആശുപത്രികളില്‍ ആന്റി വൈറല്‍ മറുന്നായ റെംഡെസിവിര്‍ ക്ഷാമം രൂക്ഷമാകുന്നു. 59 സ്വകാര്യ ആശുപത്രികളില്‍ റെംഡെസിവിര്‍ സ്റ്റോക് ആറു ശതമാനത്തില്‍ താഴെയാണ്. കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്ന 59 ആശുപത്രികളിലാണ് റെംഡെസിവിര്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ ആശുപത്രികളിലായി 2008 കോവിഡ് രോഗികള്‍ ഉണ്ട്. ഇതില്‍ 1500 രോഗികള്‍ക്ക് റെംഡെസിവിര്‍ മരുന്ന് ആവശ്യമാണ്.
ഏപ്രില്‍ 13 വരെ 929 റെഡെസിവിര്‍ മരുന്ന് ലഭ്യമായിരുന്നു. നിലവിലുള്ള രോഗികളുടെ ചികിത്സയ്ക്കായി 15,000 റെംഡെസിവിര്‍ മരുന്ന് ആവശ്യമാണ്. ' ഓരോ രോഗികള്‍ക്കും വ്യത്യസ്ത അളവിലാണ് മരുന്ന് നല്‍കുന്നത്. ഒരു വിയല്‍ ആണ് ഒരു ഡോസ്. ഓരോ രോഗിക്കും ആറു ഡോസുകള്‍ ആവശ്യമാണ്. ആദ്യ രണ്ടു ഡോസുകള്‍ രോഗിക്ക് ആദ്യ ദിവസം നല്‍കും. അടുത്ത നാല് ദിവസത്തേക്ക് ഓരോ ഡോസ് വീതം. ഗുരുതരമായ രോഗികള്‍ക്ക് പത്ത് ഡോസുകള്‍ വരെ നല്‍കേണ്ടി വരുന്നു'പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് നഴ്‌സിങ് അസോസിയേഷന്‍ (ഫാന) പ്രസിഡന്റ് ഡോ. പ്രസന്ന എച്ച്എം അറിയിച്ചു.
advertisement
ഓരോ വിയലിലും 100 മില്ലിഗ്രാം ആന്റി വൈറല്‍ മരുന്ന് ഉള്‍പ്പെടുന്നു. ഇത് കോവിഡ് 19 ചികിത്സയില്‍ ഉപയോഗപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 59 ആശുപത്രികളിലും സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമാണ് ഫാന റിപ്പോര്‍ട്ട് തയ്യറാക്കിയിരിക്കുന്നത്. ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ ഏപ്രില്‍ 12ന് ഫാനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മരുന്നിന്റെ ദൗര്‍ലഭ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
'റെംഡെസിവിറിന്റെ ഉല്‍പാദനം മരുന്ന് കമ്പനികള്‍ നിര്‍ത്തിയിരിക്കുന്നു. ഞങ്ങള്‍ക്ക് ഈ മരുന്ന് ആവശ്യമാണ്. മരുന്ന് വിപണിയില്‍ ലഭ്യമല്ലെന്ന് സ്വകാര്യ ആസുപത്രികള്‍ പരാതിപ്പെടുന്നു. ഡ്രഗ്‌സ് കണ്‍ട്രോളറുമായി ഞങ്ങള്‍ ചര്‍ച്ച നടത്തുകയും സര്‍ക്കാര്‍ നിരക്കില്‍ സ്വകാര്യ ആശുപത്രികളില്‍ മരുന്ന് വിതരണം ചെയ്യുകയും ചെയ്യും'മന്ത്രി പറഞ്ഞു.
advertisement
ആദ്യ തരംഗ സമയത്ത് കേസുകള്‍ കുറഞ്ഞതിനാല്‍ ഉല്‍പാദനം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,00,739 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി.
advertisement
തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് മേലെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1.5 ലക്ഷത്തിന് മുകളിലാണ്. ഇന്നലെയാണ് ആദ്യമായി രണ്ട് ലക്ഷത്തിന് മുകളില്‍ പ്രതിദിന രോഗികളുടെ എണ്ണം എത്തുന്നത്.
ഇന്ത്യയില്‍ സജീവ കോവിഡ് -19 കേസുകള്‍ 1,06,173 വര്‍ദ്ധിച്ച് 14,71,877 ആയി ഉയര്‍ന്നു. കോവിഡ് മുക്തമായവരുടെ എണ്ണം 1,24,29,564 ആണ്. ഇന്നലെ 1,038 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 1,73,123 ആയതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണ്ടുലക്ഷമായത് 21 ദിവസം കൊണ്ടാണ്. എന്നാല്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണ്ടുലക്ഷമായത് 11 ദിവസം കൊണ്ടാണ്.
Location :
First Published :
April 15, 2021 7:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | റെംഡെസിവിര്‍ ക്ഷാമം; ബംഗളൂരു ആശുപത്രികളില്‍ സ്റ്റോക്ക് ആറു ശതമാനത്തില്‍ താഴെ