തമിഴ്‌നാട്ടിലെ 70% ആളുകളിലും കോവിഡ് ആന്റിബോഡികള്‍ ഉണ്ടെന്ന് മൂന്നാം സെറോ സര്‍വേ ഫലം
- Published by:Jayashankar AV
- news18-malayalam
Last Updated:
സെറോ പോസിറ്റിവിറ്റി പട്ടികയില്‍ ജനസംഖ്യയുടെ 88 ശതമാനവുമായി വിരുദുനഗര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്
തമിഴ്‌നാട്ടിലെ 70 ശതമാനം ആളുകള്‍ക്കും കോവിഡ് -19 ആന്റിബോഡികളുണ്ടെന്ന് ഏറ്റവും പുതിയ സെറോ സര്‍വേ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മുതലായിരുന്നു ആന്റിബോഡികള സംബന്ധിച്ച സെറോ സര്‍വേകള്‍ ആരംഭിച്ചത്. ഏപ്രിലില്‍ നടന്ന രണ്ടാമത്തെ സെറോ സര്‍വേയില്‍ സംസ്ഥാന ജനസംഖ്യയുടെ 29 ശതമാനം പേരില്‍ മാത്രമേ ആന്റിബോഡികള്‍ കണ്ടെത്തിയിരുന്നുള്ളൂ. ഹോട്ട്‌സ്‌പോട്ടുകളായ ചെന്നൈയിലും കോയമ്പത്തൂരിലും ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ നടത്തിയ മൂന്നാമത്തെ സെറോ സര്‍വേയിലെ സെറോപോസിറ്റിവിറ്റി യഥാക്രമം 82 ശതമാനവും 71 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സെറോ പോസിറ്റിവിറ്റി പട്ടികയില്‍ ജനസംഖ്യയുടെ 88 ശതമാനവുമായി വിരുദുനഗര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. കോവിഡ് -19ല്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുന്ന ശരീരത്തിലെ ആന്റിബോഡികളുടെ അളവാണ് സെറോപോസിറ്റിവിറ്റി. ആദ്യ സര്‍വേയുമായി (32 ശതമാനം) താരതമ്യം ചെയ്യുമ്പോള്‍ ഏപ്രിലിലെ രണ്ടാമത്തെ സര്‍വേയില്‍ (29 ശതമാനം) 3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇത് കൊറോണ വൈറസിന്റെ കൂടുതല്‍ വ്യാപനത്തിന് ഇടയാക്കുമെന്ന് ആശങ്ക ഉയര്‍ത്തിയിരുന്നു.
''രണ്ടാമത്തെ കോവിഡ് തരംഗം ഉയര്‍ന്നതും അതില്‍ നിന്ന് സുഖം പ്രാപിച്ച രോഗികളുടെ എണ്ണം കൂടിയതും പ്രതിരോധ കുത്തിവയ്പ്പ് വര്‍ദ്ധിച്ചതും കാരണം ആളുകളില്‍ സ്വാഭാവിക പ്രതിരോധ ശേഷി ഉണ്ടായതാണ് ഇപ്പോള്‍ ആന്റിബോഡികള്‍ ശരീരത്തിലുള്ളവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം,'': ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണന്‍ എന്‍ഡിടിവിയോട് പറഞ്ഞു.
advertisement
കരൂര്‍, നീലഗിരി, അരിയല്ലൂര്‍, പേരാമ്പല്ലൂര്‍ എന്നീ നാല് ജില്ലകളില്‍ സെറോപോസിറ്റിവിറ്റി നിരക്ക് 60 ശതമാനത്തില്‍ താഴെയാണ്. ഈ പ്രദേശങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ''ഞായറാഴ്ചത്തെ മെഗാ വാക്സിനേഷന്‍ ഡ്രൈവിനായി ഞങ്ങള്‍ ഈ ജില്ലകളിലേക്ക് കൂടുതല്‍ ഡോസുകള്‍ അയച്ചിട്ടുണ്ട്.'' എന്ന് ആരോഗ്യ മന്ത്രി മാ സുബ്രഹ്മണ്യന്‍ പറഞ്ഞു.
827 ക്ലസ്റ്ററുകളില്‍ നിന്ന് 24,586 സാമ്പിളുകള്‍ ശേഖരിച്ചതായും 17,090 പേര്‍ക്ക് സാര്‍സ്-കോവിഡ് വൈറസിനെതിരെ ആന്റിബോഡികള്‍ ഉണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രസ്താവന വിശദീകരിക്കുന്നു. സെറോപോസിറ്റിവിറ്റി ഫലങ്ങള്‍ നീരിക്ഷിച്ച ആരോഗ്യ ഉദ്യോഗസ്ഥര്‍, തമിഴ്നാടിനെ 'സുരക്ഷിത മേഖല' എന്നാണ് കണക്കാക്കുന്നത്. അതേസമയം പുതിയ കോവിഡ് വകഭേദങ്ങളില്‍ നിന്ന് സംരക്ഷണമില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു.
advertisement
അഞ്ച് കോടി ഡോസുകളുള്ളപ്പോള്‍, ജനസംഖ്യയുടെ 22 ശതമാനം പേര്‍ക്ക് മാത്രമാണ് പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയത്. സംസ്ഥാനത്ത് പ്രതിദിനം 1,500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന് ഇപ്പോഴും മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടില്ല. കൊറോണ വൈറസ് മഹാമാരി ആരംഭിച്ചതിനുശേഷം തമിഴ്‌നാട്ടില്‍ ഇതുവരെ 26.7 ലക്ഷത്തിലധികം കേസുകളും 35,000 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു വ്യക്തിയുടെ ശരീരത്തില്‍ പ്രതിരോധം, അല്ലെങ്കില്‍ ആന്റിബോഡി ഉത്പാദിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് സെറോ സര്‍വേയിലൂടെ കണ്ടെത്തുന്നത്. രണ്ട് രീതിയിലൂടെ ശരീരത്തില്‍ ആന്റിബോഡി ഉത്പാദിക്കപ്പെടാം. രോഗം വന്ന് ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയിലൂടെയും വാക്‌സിനേഷനിലൂടെയും ഇത് ഉത്പാദിക്കപ്പെടാം.
Location :
First Published :
October 09, 2021 12:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
തമിഴ്‌നാട്ടിലെ 70% ആളുകളിലും കോവിഡ് ആന്റിബോഡികള്‍ ഉണ്ടെന്ന് മൂന്നാം സെറോ സര്‍വേ ഫലം


