സർക്കാരിന്റെ നികുതിയിനത്തിൽ നിന്നും 6 ലക്ഷം രൂപ തട്ടിയെടുത്ത വില്ലേജ് ഓഫീസർക്ക് 34 വർഷം കഠിനതടവും പിഴയും
- Published by:Sarika N
- news18-malayalam
Last Updated:
രണ്ട് കേസുകളിലായിട്ടാണ് കോടതി വിധി പ്രസ്താവിച്ചത്
കണ്ണൂർ: സർക്കാരിന് നികുതിയിനത്തിൽ ലഭിക്കേണ്ട 6.08 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് 34 വർഷം കഠിനതടവും പിഴയും. നിട്ടൂർ ശങ്കർനിവാസിൽ എം.പി.അനിൽകുമാറിനെ (55) തലശ്ശേരി വിജിലൻസ് കോടതി 34 വർഷം കഠിനതടവും 9.8 ലക്ഷം രൂപ പിഴയും വിധിച്ചത്. രണ്ട് കേസുകളിലായിട്ടാണ് കോടതി വിധി പ്രസ്താവിച്ചത്. ആദ്യത്തെ കേസിൽ വിവിധ വകുപ്പുകളിലായി 24 വർഷം കഠിനതടവും എട്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ നാല് വർഷം കൂടി അധിക തടവ് അനുഭവിക്കണം. രണ്ടാമത്തെ കേസിൽ 10 വർഷം കഠിനതടവും 1.8 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഇതിൽ പിഴയടച്ചില്ലെങ്കിൽ 18 മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.
2005 മുതൽ 2007 വരെയുള്ള കാലയളവിൽ കണ്ണൂർ വില്ലേജ് ഓഫീസുകളിൽ ജോലി ചെയ്യുമ്പോഴാണ് അനിൽകുമാർ ഈ ക്രമക്കേടുകൾ നടത്തിയത്. രജിസ്റ്ററുകളിൽ കൃത്രിമം കാണിച്ചും തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി വ്യാജരേഖകൾ ചമച്ചുമാണ് 6.08 ലക്ഷം രൂപയുടെ നികുതിപ്പണം തട്ടിയെടുത്തത്. നിലവിൽ മറ്റൊരു കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലാണ് ഇദ്ദേഹം.
പന്തീരങ്കാവ് വില്ലേജ് ഓഫീസറായിരിക്കെ ഭൂമി തരംമാറ്റുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ വർഷമാണ് വിജിലൻസ് ഇദ്ദേഹത്തെ പിടികൂടിയത്. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി എം. ദാമോദരൻ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി കെ. സുനിൽബാബുവാണ് കുറ്റപത്രം സമർപ്പിച്ചത്. കോടതി വിധിക്ക് പിന്നാലെ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
Location :
Kannur,Kannur,Kerala
First Published :
Dec 21, 2025 1:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സർക്കാരിന്റെ നികുതിയിനത്തിൽ നിന്നും 6 ലക്ഷം രൂപ തട്ടിയെടുത്ത വില്ലേജ് ഓഫീസർക്ക് 34 വർഷം കഠിനതടവും പിഴയും








