കൊല്ലം: വയോധികനെ കട്ട വെച്ച് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയ ആളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ കാലി ചന്തയിലെ കാലിനോട്ടക്കാരനായ വടമൺ തടത്തിവിള വീട്ടിൽ നൂഹു കണ്ണ് മകൻ 48 വയസുളള സുബൈർ ആണ് അറസ്റ്റിലായത്. പനയംഞ്ചേരി സ്വദേശി വിജയൻ പിള്ളയാണ്(65) കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചാം തീയതി രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെയാണ് വിജയൻപിള്ളയുടെ തലയിൽ സുബൈർ കട്ട കൊണ്ട് ഇടിച്ചത്. സുബൈറിന്റെ മാതാവിനെക്കുറിച്ച് വിജയൻപിള്ള മോശമായി പറഞ്ഞതാണ് പ്രകോപനമായത്.
തലയ്ക്കു ചുടുകട്ട കൊണ്ടിടിച്ചതിന് പിന്നാലെ വിജയൻപിള്ള അബോധാവസ്ഥയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read- ആറ്റിങ്ങലിൽ ഭാര്യയെ കുത്തിക്കൊന്ന് ഒളിവിലായിരുന്ന പ്രതി നദിയിൽ മരിച്ച നിലയിൽ
പുനലൂർ ഡി.വൈ.എസ്.പി ബി. വിനോദിന്റെ നേതൃത്വത്തിൽ അഞ്ചൽ എസ്.എച്ച്.ഒ കെ.ജി ഗോപകുമാർ ,എസ് ഐ സി.എം പ്രജീഷ് കുമാർ, എസ്.സി.പി.ഒ മാരായ അനിൽ , മനീഷ് , വിനോദ് , സി.പി.ഒ മാരായ ദീപു, രാജേഷ്, പ്രിൻസ്, സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.