കൊല്ലം അഞ്ചലില്‍ ബൈക്കിടിച്ച് പരിക്കേറ്റ വയോധികന് റോഡില്‍ കിടന്ന് ചോരവാര്‍ന്നു മരിച്ചു. അരമണിക്കൂറോളം റോഡരികില്‍ കിടന്നിട്ടും വഴിയാത്രക്കാരായ ആരും ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ല. ഇതിനിടെ, ബൈക്കോടിച്ചിരുന്നയാള്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ഒടുവില്‍ പ്രദേശവാസിയായ ഷാനവാസ് എന്നയാള്‍ വയോധികനെ ജീപ്പില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ കൈവശം ഒരു കുടയും നാണയത്തുട്ടുകളടങ്ങിയ സഞ്ചിയുമാണുണ്ടായിരുന്നത്.
റോഡ് മുറിച്ചുകടക്കുന്നതിനിടെ എഴുപത് വയസ്സ് പ്രായം തോന്നിക്കുന്നയാളെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വലിയശബ്ദം കേട്ട് സമീപവാസികളായ സ്ത്രീകളാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചോരവാര്‍ന്ന് റോഡരികില്‍ കിടക്കുകയായിരുന്ന വയോധികനെ ഇവര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആരും സഹായിച്ചില്ല. വഴിയാത്രക്കാരായ പലരും ഫോണില്‍ ഫോട്ടോയെടുത്ത് കാഴ്ചക്കാരായി നോക്കിനില്ക്കുകയായിരുന്നു.
രണ്ടുതവണ വിളിച്ച് പറഞ്ഞെങ്കിലും പോലീസും സ്ഥലത്തെത്തിയില്ല. ഒടുവില്‍ അരമണിക്കൂറിന് ശേഷമാണ് പ്രദേശവാസിയായ ഷാനവാസ് അതുവഴി ജീപ്പിലെത്തിയത്. തുടര്‍ന്ന് ഇദ്ദേഹം തന്നെ വയോധികനെയെടുത്ത് ജീപ്പില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് സമീപവാസിയായ സ്ത്രീ പറഞ്ഞു.
ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച വയോധികനെ നില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. എന്നാല്‍ മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെ മരണം സംഭവിച്ചു. അതേസമയം, വയോധികനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രക്കാരനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ഇയാള്‍ ഓട്ടോയില്‍ കയറിയാണ് രക്ഷപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.